‘ഗംഭീര’ തിരിച്ചുവരവുകള്‍: ഇംഗ്ളണ്ടിനെതിരെ ഇന്ത്യ റെഡി

 മുംബൈ: ഗൗതം ഗംഭീറിന് വീണ്ടും ഇന്നിങ്സ് ഓപണ്‍ ചെയ്യാനും ഹാര്‍ദിക് പാണ്ഡ്യക്ക് കന്നി ടെസ്റ്റിനിറങ്ങാനും അവസരം നല്‍കി, ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്‍െറ പിടിയിലായ ശിഖര്‍ ധവാനെയും ലോകേഷ് രാഹുലിനെയും രോഹിത് ശര്‍മയെയും പുറത്തിരുത്തിയപ്പോള്‍ ജയന്ത് യാദവും കരുണ്‍ നായരും ടീമിലിടം നേടിയിട്ടുണ്ട്. 

അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യത്തെ രണ്ടു ടെസ്റ്റുകള്‍ക്കുള്ള പതിനഞ്ചംഗ ടീമിനെയാണ് എം.എസ്.കെ പ്രസാദ് നേതൃത്വം നല്‍കുന്ന സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ അണിനിരന്നെങ്കിലും ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്ന മുഹമ്മദ് ഷമി, രവീന്ദ്ര ജദേജ, അശ്വിന്‍ എന്നിവരും ഇംഗ്ളണ്ടിനെതിരെ കളിക്കും.

പരമ്പര തൂത്തുവാരിയ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ നടത്തിയ അര്‍ധസെഞ്ച്വറി പ്രകടനം ഗംഭീറിനെ തുണച്ചപ്പോള്‍ ഏകദിന പരമ്പരയില്‍ പന്തിനൊപ്പം ബാറ്റുകൊണ്ടും കാട്ടിയ കളിമികവാണ് ഹാര്‍ദിക് പാണ്ഡ്യക്ക് ടെസ്റ്റിലേക്കുള്ള ഭാഗ്യവഴി തുറന്നത്. ധര്‍മശാലയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആറു വിക്കറ്റ് വിജയം സ്വന്തമാക്കിയപ്പോള്‍ അരങ്ങേറ്റം കുറിച്ച ഹാര്‍ദിക് പാണ്ഡ്യ മൂന്നു വിക്കറ്റുകള്‍ പിഴുതെടുത്താണ് തുടക്കം ഗംഭീരമാക്കിയത്.

നാലു മാറ്റങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ച ടീം ഏറക്കുറെ അതേ രൂപത്തില്‍ നിലനിര്‍ത്തിയാണ് ഇംഗ്ളണ്ടിനെതിരായ പടയൊരുക്കം. ഓഫ്സ്പിന്നര്‍ ജയന്ത് യാദവിനെ ടീമിലെടുത്തതാണ് നാലാമത്തെ മാറ്റം. ഇതോടെ സ്പിന്‍ നിരയില്‍ രവീന്ദ്ര ജദേജക്കും രവിചന്ദ്ര അശ്വിനുമൊപ്പം ജയന്ത് യാദവും കരുത്താകും.

ഭുവനേശ്വര്‍ ഫിറ്റ്നസ് തെളിയിക്കാത്തതിനെ തുടര്‍ന്ന് ടീമിലിടം നേടിയില്ല. ഡെങ്കിപ്പനി ബാധിച്ച് ന്യൂസിലന്‍ഡ് പരമ്പരയില്‍നിന്നു വിട്ടുനിന്ന ഇശാന്ത് ശര്‍മ തിരിച്ചത്തെിയത് പേസ് ആക്രമണത്തിന് മുതല്‍ക്കൂട്ടാവും. ക്രീസില്‍ താളംകണ്ടത്തൊന്‍ നന്നേ പാടുപെടുന്ന രോഹിത് ശര്‍മയാണ് പുറത്തേക്കു പോയ മറ്റൊരു താരം.

ബാറ്റിങ്ങില്‍ മുരളി വിജയ്, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവര്‍ വിരാട് കോഹ്ലിക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. ഗംഭീര്‍ കൂടി എത്തിയതോടെ ഓപണിങ്ങിലെ ആകാംക്ഷക്ക് വിരാമമായി. ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റില്‍ ലോകേഷ് രാഹുലിന് പകരക്കാരനായി ഗംഭീറിനെ ടീമിലേക്ക് വിളിച്ചെങ്കിലും ഇന്ദോറില്‍ മൂന്നാം ടെസ്റ്റിലാണ് ഗംഭീറിനു അവസരം കിട്ടിയത്.

ആദ്യ ഇന്നിങ്സില്‍ 29ന് പുറത്തായെങ്കിലും രണ്ടാമിന്നിങ്സില്‍ അര്‍ധ സെഞ്ച്വറി തികച്ചുകൊണ്ട് ഗംഭീര്‍ നല്‍കിയ മറുപടി തന്നെയാണ് ഇത്തവണ ടീമിലേക്കുള്ള വഴിയിലെ തടസ്സങ്ങളെ തട്ടിമാറ്റിയത്.

ഇംഗ്ളണ്ട് ടീമത്തെി

ഏകദിന-ടെസ്റ്റ് പരമ്പരക്കുള്ള ഇംഗ്ളണ്ട് ടീം മുംബൈയില്‍ വിമാനമിറങ്ങി. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്‍െറ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ബുധനാഴ്ച വൈകുന്നേരത്തോടെ എത്തിയത്.  മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന പരമ്പരയില്‍ അഞ്ചു ടെസ്റ്റ് മത്സരങ്ങളും മൂന്നു വീതം ഏകദിനങ്ങളും ട്വന്‍റി20 മത്സരങ്ങളുമാണുള്ളത്. നവംബര്‍ ഒമ്പതിന് രാജ്കോട്ടിലാണ് ആദ്യ ടെസ്റ്റ് മത്സരം.

 

Tags:    
News Summary - gautam gambhir hardik pandya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.