കട്ടക്ക്: ടെസ്റ്റിലെ നാണക്കേടിന് ഏകദിനത്തിൽ കണക്കു തീർത്തതിനു പിന്നാലെ, ട്വന്റി20യിലും തിരിച്ചടിച്ച് ഇന്ത്യക്ക് തകർപ്പൻ ജയത്തോടെ തുടക്കം. കട്ടക്കിൽ നടന്ന ഒന്നാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയെ 101 റൺസിന് തകർത്തുകൊണ്ട് ഇന്ത്യ കളി തുടങ്ങി. ആദ്യം ബാറ്റു ചെയ്ത ആതിഥേയർ ആറു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയെ 12.5 ഓവറിൽ 79 റൺസിൽ ചുരുട്ടികെട്ടി. ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയെ ഏറ്റവും കുറഞ്ഞ സ്കോറിൽ ഒതുക്കിയായിരുന്നു ഇന്ത്യൻ വിജയം.
ബാറ്റിങ്ങിൽ തുടക്കത്തിൽ പാളിയ ശേഷം, മധ്യനിരയുടെ കരുത്തിൽ തിരികെയെത്തിയ ഇന്ത്യ, പക്ഷേ ബൗളിങ്ങിൽ സ്ഥിരതയാർന്ന പ്രകടനവുമായി എതിരാളികളെ വരിഞ്ഞുകെട്ടി.
അടുത്തവർഷം നടക്കുന്ന ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പെന്ന് വിശേഷിപ്പിച്ച ട്വന്റി20 പരമ്പരയിൽ, ടീമിനും ആരാധകർക്കും ആത്മവിശ്വാസം നൽകുന്നതായിരുന്നു ബൗളിങ് നിരയുടെ പ്രകടനം.
അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി കൂട്ടായ്മയുടെ വിജയമാക്കി മാറ്റി. ഹാർദിക് പാണ്ഡ്യയും, ശിവം ദുബെയും ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറിൽ ഓപണർ ശുഭ്മാൻ ഗില്ലിനെ നഷ്ടമായെങ്കിലും മധ്യനിരയിൽ തകർത്തടിച്ച ഹാർദിക് പാണ്ഡ്യ (28 പന്തിൽ 59 റൺസ്) ആണ് ടീം ടോട്ടൽ 175ലെത്തിച്ചത്.
മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണിനെ പുറത്തിരുത്തിയാണ് ഇന്ത്യ കളിച്ചത്.
മധ്യനിരയിൽ തിലക് വർമയും (26), അക്സർ പട്ടേലും (23) പോരാടി. ഓപണർ അഭിഷേക് ശർമയും (17), ശുഭ്മാൻ ഗില്ലും (4) വേഗംമടങ്ങി. ആദ്യ ഓവർ എറിഞ്ഞ ലുൻഗി എൻഗിഡിയെ ബൗണ്ടർ പായിച്ച് ഗിൽ തുടങ്ങിയെങ്കിലും നേരിട്ട രണ്ടാം പന്തിൽ പുറത്തായി. നായകൻ സൂര്യകുമാർ യാദവും (12), പിന്നാലെ അഭിഷേകും പുറത്തായതോടെ മൂന്നിന് 48 എന്ന നിലയിലായി. ഒടുവിൽ മധ്യനിരയിൽ തിലക് വർമയും അക്സർ പട്ടേലും, അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്.
ലുൻഗി എൻഗിഡി മൂന്നും ലിതോ സിപമ്ല രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ അർഷ്ദീപിന്റെ ഓപണിങ് ഓവറിലെ രണ്ടാം പന്തിൽ ക്വിന്റൺ ഡികോക്കിനെ (0) മടക്കാനായത് ഇന്ത്യക്ക് മികച്ച ബ്രേക്ക് സമ്മാനിച്ചു. പിന്നെ, ഇടവേളയിൽ വിക്കറ്റുകൾ വീണം. ഐയ്ഡൻ മർക്രം (14), ട്രിസ്റ്റൻ സ്റ്റബ്സ് (14), ഡിവാൾഡ് ബ്രെവിസ് (22), ഡേവിഡ് മില്ലർ (1), ഡൊണോവൻ ഫെരിറ (5), മാർകോ ജാൻസൺ (12), കേശവ് മഹാരാജ് (0), ആന്റിച് നോർയെ (1), ലുതോ സിപമ്ല (2) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രികക്ക് നഷ്ടമായത്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത ട്വന്റി20 വ്യാഴാഴ്ച ചണ്ഡിഗഡിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.