ദക്ഷിണാഫ്രിക്കക്ക് സ്പിന്‍ പഠിക്കണം; ഇന്ത്യയിലേക്കു വരുന്നു

ജൊഹാനസ്ബര്‍ഗ്: സ്പിന്‍ ബൗളിങ് പഠിക്കാനും സ്പിന്‍ ബൗളര്‍മാരെ എങ്ങനെ നേരിടണമെന്ന് ബാറ്റ്സ്മാന്മാരെ പഠിപ്പിക്കാനും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റ് സൗത് ആഫ്രിക്ക(സി.എസ്.എ) താരങ്ങളെ ഇന്ത്യയിലേക്കയക്കുന്നു. ഒരാഴ്ച നീളുന്ന പരിശീലനത്തിന് എട്ടു ബൗളര്‍മാരും ആറു ബാറ്റ്സ്മാന്മാരുമടങ്ങുന്ന സംഘത്തെയാണ് ഇന്ത്യയിലേക്ക് അയക്കുന്നത്. ശനിയാഴ്ച മുംബൈയിലാണ് പരിശീലനം ആരംഭിക്കുന്നത്.

താരങ്ങളുടെ മികവ് വര്‍ധിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും ഇന്ത്യയിലോ ശ്രീലങ്കയിലോ പരിശീലനം നല്‍കാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. അതിന്‍െറ ഭാഗമായാണ് താരങ്ങളെ ഈ വര്‍ഷം ഇന്ത്യയിലേക്കയക്കുന്നത് -മാനേജര്‍ വിന്നി ബാര്‍ണെസ് പറഞ്ഞു.

ബൗളര്‍മാരായ ജോണ്‍ ഫോര്‍ട്യുന്‍, സിമണ്‍ ഹാര്‍മര്‍, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ഷെപോ ടുലി, ആരോണ്‍ ഫാങ്കിസോ, ഡെയ്ന്‍ പിഡ്റ്റ്, പ്രനേലന്‍ സുബ്രായന്‍ എന്നിവരോടൊപ്പം തെംബ ബാവുമ, റീസ ഹെന്‍റിക്സ്, സ്മാങ്കാലിസോ ലെബേല, ഹെക്ടര്‍ ഗൊബേനി, സ്റ്റിയാന്‍ വാന്‍സില്‍, ഡെയ്ന്‍ വിലാസ് തുടങ്ങിയ ബാറ്റ്സ്മാന്മാരും എത്തും. ഇവരോടൊപ്പം ബാറ്റിങ് കോച്ച് എച്ച്.ഡി. അക്കെര്‍മാന്‍, സ്പിന്‍ ബൗളിങ് കോച്ച് ക്ളോഡ് ഹെന്‍ഡേഴ്സന്‍ എന്നിവരുമുണ്ടാകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.