സന്തോഷ് ട്രോഫി കേരള ടീമിൽ ഇടം നേടിയ മലപ്പുറം ജില്ലയിലെ താരങ്ങൾ ടീം മാനേജർ മലപ്പുറം സ്വദേശി മുഹമ്മദ് സലീമിനൊപ്പം
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാളിനുള്ള കേരള ടീമിനായി മലപ്പുറത്തിെൻറ 'സെവൻസ്' പട പന്തു തട്ടും. വെള്ളിയാഴ്ച പ്രഖ്യാപിച്ച 22 അംഗ ടീമില്‍ ജില്ലയില്‍ നിന്ന് ഏഴ് താരങ്ങളാണ് ഇടം നേടിയത്. സംസ്ഥാന ടീമിലെ മൂന്നിലൊന്നും മലപ്പുറം സ്വദേശികളായത് ജില്ലക്ക് അഭിമാന നേട്ടമായി. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി അര്ജുന് ജയരാജ്, വേങ്ങര സ്വദേശി മുഹമ്മദ് ആസിഫ്, തിരൂർ കൂട്ടായി സ്വദേശി മുഹമ്മദ് ഷഹീഫ്, വാഴക്കാട് സ്വദേശി ബുജൈര്‍, തിരൂര്‍ സ്വദേശി സല്മാന് കള്ളിയത്ത്, വളാഞ്ചേരി സ്വദേശി എന്‍.എസ്. ഷിഖില്‍, നിലമ്പൂര്‍ സ്വദേശി ടി.കെ. ജെസിന് എന്നിവരാണ് കേരള ടീമില്‍ സ്ഥാനം ഉറപ്പിച്ചത്.
ജില്ലതലത്തിലെയും ക്ലബ് തലങ്ങളിലെയും മികച്ച പ്രകടനമാണ് താരങ്ങള്‍ക്ക് ടീമിൽ ഇടം നേടിക്കൊടുത്തത്. ഇതില്‍ നാലുപേരും ജില്ലയിൽനിന്നുള്ള പ്രഫഷനല്‍ ഫുട്ബാള്‍ ക്ലബായ കേരള യുനൈറ്റഡ് എഫ്.സിയുടെ താരങ്ങളാണ്. അര്ജുന് ജയരാജ് കേരള യുനൈറ്റഡ് എഫ്.സിയുടെ ക്യാപ്റ്റനും മധ്യനിര താരവുമാണ്. മറ്റു താരങ്ങളായ മധ്യനിരയിലെ താരം ബുജൈര്‍, സല്മാന്, മുന്നേറ്റനിര താരം ജെസിന് എന്നിവരും കേരള യുനൈറ്റഡിെൻറ മികച്ച കളിക്കാരാണ്.
മമ്പാട് എം.ഇ.എസ് കോളജ് അവസാന വർഷ ഡിഗ്രി വിദ്യാർഥിയായ ജെസിൻ കോളജിെൻറ ഇൻറർ സോണിൽ കളിക്കുന്നതിനിടെ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിലേക്ക് എത്തിയിരുന്നു. ഐ ലീഗിെൻറ സെക്കൻഡ് ഡിവിഷനിൽ ജെസിൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ബുജൈർ അരീക്കോട് സുല്ലമുസ്സലാം കോളജിൽ ഡിഗ്രിക്ക് പഠിക്കവേ കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്ലബിനായി കളിച്ച് ചാമ്പ്യനായിട്ടുണ്ട്. എം.എസ്.പിയിൽ പരിശീലനം നേടുകയും കേരള പ്രീമിയർ ലീഗ്, ഐ ലീഗ് സെക്കൻഡ് ഡിവിഷനിലും ബൂട്ടണിഞ്ഞു.
മധ്യനിരതാരം ഷിജില്‍ ബംഗളൂരു എഫ്.സി റിസര്‍വ് ടീം അംഗമാണ്. പ്രതിരോധനിര താരം മുഹമ്മദ് ആസിഫ് നേപ്പാളി ക്ലബില്‍ പന്തുതട്ടിയതിെൻറ അനുഭവ പരിചയവുമായാണ് ടീമിൽ ഇടം നേടിയത്. മുഹമ്മദ് ഷഹീഫ് പ്രതിരോധ നിരയിലെ യുവ സാന്നിധ്യമാണ്. തിരൂർ കൂട്ടായി സ്വദേശിയും അണ്ടർ 21 താരവുമായ ഷഹീഫ് ടീമിൽ ഇടം നേടിയത് തീരപ്രദേശത്തെ കളിക്കാർക്ക് വലിയ പ്രചോദനമാകും. ഏഴ് താരങ്ങള്‍ക്ക് പുറമെ മാനേജറായി മലപ്പുറം കാവുങ്ങൽ സ്വദേശി മുഹമ്മദ് സലീമും ഇത്തവണ ടീമിന് കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.