അരീക്കോട് (മലപ്പുറം): ഒളിമ്പിക്സ് 20 കിലോ മീറ്റർ നടത്തത്തിൽ രണ്ടുതവണ രാജ്യത്തെ പ്രതിനിധീകരിച്ച കെ.ടി. ഇർഫാൻ ട്രാക്കിൽനിന്ന് പടിയിറങ്ങി. 2012ലെ ലണ്ടൻ ഒളിമ്പിക്സ് നടത്തത്തിൽ ആദ്യ പത്തിൽ ഇടം നേടി ശ്രദ്ധനേടിയ താരമാണ്. മലപ്പുറം അരീക്കോട് കുനിയിൽ സ്വദേശിയായ ഇർഫാന്റെ നേട്ടം രാജ്യത്തിന് തന്നെ അഭിമാനമായിരുന്നു. 2006ൽ പ്ലസ് ടു കാലഘട്ടത്തിൽ ഉപജില്ല, ജില്ലാ മത്സരങ്ങളിൽ 20 കിലോമീറ്റർ നടത്തത്തിലൂടെയാണ് കായിക ലോകത്തേക്കുള്ള വരവ്. തുടർന്ന് ചുരുങ്ങിയ കാലം കൊണ്ട് നിരവധി നേട്ടങ്ങൾ കൊയ്തു. 2010ൽ സ്പോർട്സ് ക്വോട്ടയിലൂടെ ഇന്ത്യൻ ആർമിയുടെ ഭാകമാവുകയും ചെയ്തു.
2012 ബാംഗ്ലൂരിൽ നടന്ന ദേശീയ ഗെയിംസിലാണ് ഇർഫാന്റെ ആദ്യ മെഡൽ വേട്ട. തുടർന്ന് ആ വർഷം തന്നെ ലണ്ടനിൽ നടന്ന ഒളിമ്പിക്സിൽ ദേശീയ റെക്കോഡോടെ ചരിത്രം കുറിച്ചു. രാജ്യാന്തര മത്സരങ്ങളിൽ നേട്ടങ്ങൾ കൊയ്തു. എന്നാൽ, 2016 ഒളിമ്പിക്സിന് ഉണ്ടായിരുന്നില്ല. 2020ലെ ടോക്യോ ഒളിമ്പിക്സിൽ 51ാം സ്ഥാനമായിരുന്നു. ലണ്ടനിൽ ഒരു മണിക്കൂർ 20.21 സെക്കൻഡിലാണ് പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചത്. പത്താം സ്ഥാനത്താണ് അന്ന് ഫിനിഷ് ചെയ്തത്. 2012ലെ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ ഇർഫാൻ സ്വർണം സ്വന്തമാക്കിയിരുന്നു. അന്ന് 1.22.14 സെക്കൻഡിൽ ഫിനിഷ് ചെയ്ത് താരം മീറ്റ് റെക്കോഡോടെയാണ് സുവർണ നേട്ടം. അതേവർഷം തന്നെ റേസ് വാക്കിങ് ലോകകപ്പിലും അദ്ദേഹം മികച്ച പ്രകടനം നടത്തി.
നിലവിൽ ബംഗളൂരുവിൽ ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുന്ന ഇർഫാൻ പ്രത്യേക അനുമതി വാങ്ങി പരിശീലനരംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ്. ‘രാജ്യത്തിനും സംസ്ഥാനത്തിനും എല്ലാം ഇത്തരത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും കോച്ചിങ് പരിശീലനം പൂർത്തിയാക്കിയശേഷം തരത്തിൽ കായികരംഗത്ത് തുടരാനാണ് ആഗ്രഹം എന്നും ഇർഫാൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.