ഇ​ന്ത്യ​ൻ ബോ​യ്സ് ടീം ​അം​ഗ​ങ്ങ​ൾ​ക്ക് പ​ഞ്ചാ​ബി​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്    

ദോഹ: ലോകകപ്പ് ഫുട്ബാൾ മുറ്റത്ത് ഇന്ത്യൻ സാന്നിധ്യം ഇന്നുമൊരു വിദൂര സ്വപ്നമാണ്. എന്നാൽ, നാളെ ഖത്തറിൽ കിക്കോഫ് കുറിക്കുന്ന തെരുവുകുട്ടികളുടെ ലോകകപ്പ് ചാമ്പ്യൻഷിപ്പിൽ ആൺ-പെൺ വിഭാഗങ്ങളിലായി ഇന്ത്യയുണ്ട്. 25 രാജ്യങ്ങളിൽ നിന്നുള്ള 28 ടീമുകളാണ് ആകെ മത്സരിക്കുന്നത്.

2010ൽ ദക്ഷിണാഫ്രിക്കയിൽ ലോകകപ്പിന് പന്തുരുളും മുമ്പാണ് തെരുവു ബാല്യങ്ങൾക്കും ചാമ്പ്യന്മാരാവൻ അവസരം നൽകിക്കൊണ്ട് പുതുമയേറിയൊരു ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ചത്. തെരുവിലെ ബാല്യം ജീവിതത്തിന്റെ അവസാനമല്ല എന്ന് കുരുന്നുകളെ ബോധ്യപ്പെടുത്തുന്നതായി ജോൺ റോയുടെ നേതൃത്വത്തിൽ ആരംഭിച്ച 'സ്ട്രീറ്റ് ചൈൽഡ് യുനൈറ്റഡിനു' കീഴിലായിരുന്നു ലോകകപ്പ് എന്ന ആശയം പിറന്നത്. ഓരോ ഫിഫ ലോകകപ്പിന് മുന്നോടിയായി ആതിഥേയ നഗരവുമായി ചേർന്ന് സംഘടിപ്പിക്കുന്ന മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അതിഥികളെത്തി. ഇന്ത്യയുമുണ്ടായിരുന്നു ആദ്യ ലോകകപ്പിന്.

ഫുട്ബാളിൽ ഇന്നും വലിയ മേൽവിലാസങ്ങൾ കുറിച്ചിട്ടില്ലെങ്കിലും അന്ന് ഡർബനിൽ നിന്നും കിരീടവുമായി മടങ്ങിയത് ഇന്ത്യൻ കുട്ടികളായിരുന്നു. പഞ്ചാബിൽ നിന്നുള്ള റൂർക കലൻ യൂത്ത് ഫുട്ബാൾ ക്ലബായിരുന്നു അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ച് കിരീടവുമായി മടങ്ങിയത്. എസ്.സി.ഡബ്ല്യു.സിയുടെ ഇന്ത്യയിലെ നോഡൽ ഏജൻസിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവരുടെ ടീം സ്ട്രീറ്റ് ലോകകപ്പിൽ പന്തുതട്ടാൻ തുടങ്ങിയത്. തെരുവിൽ നിന്നും കണ്ടെത്തുന്ന കുട്ടികളെയും ദരിദ്ര പശ്ചാത്തലത്തിലുള്ളവരെയും മികച്ച പരിശീലനവും വിദ്യാഭ്യാസവും നൽകി മുഖ്യധാരയിലേക്ക് നയിക്കുകയാണ് റൂർക കലൻസ് ക്ലബിന്റെ ദൗത്യം. പിന്നീട് ബ്രസീലിലും റഷ്യയിലുമെല്ലാം ടീം കളത്തിലിറങ്ങിയിരുന്നു.

ചെന്നൈയിൽ നിന്നും പെൺപട

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട കുട്ടികൾക്ക് താങ്ങും തണലുമായി മാറിയ ചെന്നൈയിലെ കരുണാലയയിൽ നിന്നാണ് സന്ധ്യയും കൂട്ടുകാരും ഇന്ത്യയുടെ കുപ്പായമണിഞ്ഞെത്തുന്നത്. ദാരിദ്ര്യം കാരണം പഠനം നിർത്തി, തൊഴിലിനിറങ്ങുന്ന കുട്ടികളെ കണ്ടെത്തി അവരെ മുഖ്യധാരയിലെത്തിക്കുന്നതിൽ ശ്രദ്ധേയമായ കരുണാലയ. പഠനവും, സ്പോർട്സുമായി അവരെ പുനരധിവസിപ്പിക്കുന്ന പ്രസ്ഥാനം ബ്രസീലിലും റഷ്യയിലും ഫുട്ബാളിലും ഇംഗ്ലണ്ടിൽ നടന്ന ക്രിക്കറ്റിലും ഇന്ത്യൻ ടീമായി കളത്തിലിറങ്ങിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഖത്തറിലുമെത്തുന്നത്.

സ്ട്രീ​റ്റ് ചൈ​ൽ​ഡ് വേ​ൾ​ഡ് ക​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ഇ​ന്ത്യ​ൻ ​ഗേ​ൾ​സ് ടീം 

'സ്പോർട്സിലൂടെ കുട്ടികളുടെ ആത്മവിശ്വാസമുയർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. വിജയങ്ങളിലൂടെ ലോകത്ത് എന്തും കീഴടക്കാൻ കഴിയുമെന്ന സന്ദേശമാണ് നൽകുന്നത്. കൂടുതൽ സ്വപ്നങ്ങൾ കാണാനും ഉന്നതങ്ങളിലേക്കുയരാനും കുട്ടികൾക്ക് കഴിയും' -ടീം ദോഹയിലേക്ക് പുറപ്പെടും മുമ്പ് കരുണാലയ സെക്രട്ടറി പോൾ സുന്ദർ സിങ്ങിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

ടീമുകൾ

ഖത്തർ, ബറുണ്ടി, പാകിസ്താൻ, സുഡാൻ, ബോസ്നിയ, താൻസനിയ, ഇന്ത്യ, ഈജിപ്ത്, ഇംഗ്ലണ്ട്, ബ്രസീൽ, ഉഗാണ്ട, നേപ്പാൾ, മൊറീഷ്യസ്, ഹംഗറി, സിറിയ ഫോറം, ബൊളീവിയ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, കൊളംബിയ, ഫലസ്തീൻ, സിംബാബ്‍വെ, പെറു, ബംഗ്ലാദേശ്, മെക്സികോ, അമേരിക്ക. കുടാതെ, ഹംഗറിയിൽ നിന്നുൾപ്പെടെ അഭയാർഥി ടീമും, ഒരു ഫലസ്തീൻ വനിത ടീമും പങ്കെടുക്കുന്നുണ്ട്.

Tags:    
News Summary - The Street Child World Cup starting tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.