ഖത്തറിൽ കൊമ്പുകോർത്ത് ഇറാനും യു.എസും; കളി ജയിക്കുമോ, അതോ രാഷ്ട്രീയപ്പോരാകുമോ?

ടെഹ്റാൻ: 'ഇറാനുമായി മത്സരം തുടങ്ങുംമുമ്പ് വിവിധ ഏജൻസികളെ ചേർത്ത് ഒരു വർകിങ് ഗ്രൂപ് രൂപവത്കരിച്ചിട്ടുണ്ട്. അവരുടെ ആക്രമണത്തെ തകർക്കാനാകുമോ? സമനിലയിലായാൽ തുടർനീക്കങ്ങൾ എന്തൊക്കെയാകണം? കളികഴിഞ്ഞുടൻ ജഴ്സി കൈമാറുന്നത് നിലവിലുള്ള ഉപരോധങ്ങൾക്കെതിരാകുമോ?''- വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലി വാഇസ് എന്ന ഇറാൻ വിദഗ്ധന്റെതായി കഴിഞ്ഞ ഏപ്രിലിൽ വന്നതായിരുന്നു പ്രതികരണം. ഖത്തർ ലോകകപ്പിൽ അമേരിക്കയും ഇറാനും ഒരേ ഗ്രൂപിൽ തീരുമാനിക്കപ്പെട്ടയുടനായിരുന്നു ട്വീറ്റ്. ഇതുപക്ഷേ, നാണയത്തിന്റെ ഒരു വശം മാത്രം. അതേ ഗ്രൂപിലെ മറ്റു രണ്ടു ടീമുകളായ ഇംഗ്ലണ്ടും വെയിൽസും തമ്മിൽ സമാനമായി എന്നേ പോർമുഖത്താണ്. എന്നല്ല, ഇറാനും യു.എസും തമ്മിലുള്ളതിനെക്കാൾ പഴക്കമുണ്ട് ഇവർക്കിടയിലെ ഭിന്നതകൾക്ക്.

ജർമനി, സ്‍പെയിൻ, ജപ്പാൻ, കൊസ്റ്ററീക്ക ടീമുകൾ അണിനിരക്കുന്ന ഗ്രൂപ് ഇയാണ് പലരുടെയും കാഴ്ചയിൽ മരണഗ്രൂപ്പെങ്കിലും രാഷ്ട്രീയം പരിഗണിച്ചാൽ യഥാർഥ പോര് അമേരിക്കയും ഇറാനും ഇംഗ്ലണ്ടും വെയിൽസും വരുന്ന ഗ്രൂപ് ബിയിലാണ്.

1980 മുതൽ യു.എസും ഇറാനും പരസ്പരം തീരാ സംഘട്ടനങ്ങളുടെ വഴിയിലാണ്. ഇറാനെ തിൻമയുടെ അച്ചുതണ്ടായി പ്രഖ്യാപിച്ചാണ് യു.എസ് നീക്കങ്ങൾ. 2020ൽ ഇരുരാജ്യങ്ങളും യുദ്ധത്തോളമെത്തിയെങ്കിലും അവസാനം ഒഴിവാകുകയായിരുന്നു. ഇറാൻ നിലവിൽ കടുത്ത ആഭ്യന്തര സംഘർഷങ്ങൾക്കു നടുവിലാണ്. ഇതും ഖത്തറിൽ നിഴലിക്കുമോയെന്ന് ഉറ്റുനോക്കുന്നവരുണ്ട്. നവംബർ 30ന് ബുധനാഴ്ചയാണ് ഇറാൻ- യു.എസ് ഗ്രൂപ് മത്സരം.

നീണ്ട 64 വർഷത്തിനു ശേഷം ആദ്യമായാണ് വെയിൽസ് ലോകകപ്പ് യോഗ്യത നേടുന്നത്. ഇംഗ്ലണ്ടാകട്ടെ, 60കൾക്കു ശേഷം കപ്പടിച്ചില്ലെങ്കിലും പതിവായി ലോകകപ്പിനെത്തുന്നവരാണ്. അതിർത്തിയിലെ പ്രശ്നങ്ങൾ ബ്രക്സിറ്റിനു ശേഷം കൂടുതൽ കടുത്തിട്ടുണ്ടെങ്കിലും മൈതാനത്ത് കാൽപന്തു മാത്രമാകും ജയിക്കുകയെന്ന ഉറപ്പിലാണ് ആരാധകർ.

മറ്റു ഗ്രൂപുകളിൽ അർജന്റീന-മെക്സിക്കോ പോരും ശ്രദ്ധേയമാണ്. ഇരുവരും തമ്മിൽ അതിർത്തി സംഘർഷം ഏറെയായി നിലനിൽക്കുന്നതാണ്. ഫ്രാൻസും ആസ്ട്രേലിയയും തമ്മിലെ പ്രശ്നങ്ങൾ അത്ര കടുത്തതല്ലെങ്കിലും അന്തർവാഹിനി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഏറെ നാൾ പുകഞ്ഞുനിന്നതായിരുന്നു.

എല്ലാം മറക്കാനും മാറ്റിനിർത്താനും ശേഷിയുള്ളതാകും വമ്പൻ പോരാട്ടങ്ങളെന്ന് ഖത്തർ സാക്ഷ്യം പറയുന്നു. 

Tags:    
News Summary - With USA, England, Iran and Wales, geopolitics adds a layer to charged-up Group B

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.