ഗാരെത് ബെയ്ലും സഹതാരങ്ങളും
ദോഹ: ഗാരത് ബെയ്ൽ, റ്യാൻ ഗിഗ്സ്, െക്രയ്ഗ് ബെല്ലാമി തുടങ്ങി ലോകംകണ്ട ഒട്ടനവധി താരങ്ങളിലൂടെ ഫുട്ബാൾ ലോകത്ത് പരിചിതമായ വെയിൽസ് എന്ന നാമം ഖത്തർ ലോകകപ്പോടെ ഓർമയാകും. ഫുട്ബാളിൽ വെയിൽസിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് യുവേഫയുമായി ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. നീണ്ട 64 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് റോബ് പേജിന്റെ നേതൃത്വത്തിൽ പ്ലേ ഓഫ് കടമ്പ കടന്ന് വെൽഷ് പട ലോകകപ്പിനെത്തുന്നത്.
പ്ലേ ഓഫ് സെമി ഫൈനലിൽ ടീമിന്റെ തുറുപ്പുശീട്ടും ക്യാപ്റ്റനുമായ ഗാരത് ബെയ്ലിന്റെ അസാമാന്യ മികവിൽ ഓസ്ട്രിയയെ പരാജയപ്പെടുത്തിയ വെയിൽസ്, കാർഡിഫിൽ യുക്രെയ്നെ കീഴടക്കിയാണ് ഖത്തർ ലോകകപ്പ് ഫൈനൽ റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. 1958ൽ സ്വീഡനിൽ നടന്ന ലോകകപ്പിലാണ് വെയിൽസ് അവസാനമായി പന്തു തട്ടിയത്. ഖത്തറിൽ ഗ്രൂപ് ബിയിൽ ഇംഗ്ലണ്ട്, ഇറാൻ, അമേരിക്ക എന്നിവർക്കൊപ്പമാണ് ബെയ്ലും സംഘവും. വെയിൽസ് എന്നപേരിൽ ഒരുപക്ഷേ അവരുടെ അവസാന ലോകകപ്പായിരിക്കുമിത്. ആഗോളതലത്തിൽ 'സിംറു' എന്ന് വിളിക്കപ്പെടാനുള്ള സാധ്യതകൾ സംബന്ധിച്ച് വെയിൽസ് അധികൃതർ ചർച്ച ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തും ഫുട്ബാൾ ആസ്ഥാനത്തും വ്യാപകമായി ഉപയോഗിക്കുന്ന വെൽഷ് നാമമാണ് സിംറു. അതേസമയം, രാജ്യത്തിന് പുറത്ത് അവരറിയപ്പെടുന്ന പേരാണ് വെയിൽസ്.
അധികൃതരുമായി കൂടിയാലോചിക്കാതെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകില്ലെങ്കിലും പേരുമാറ്റം സംബന്ധിച്ച് യുവേഫയുമായി അനൗപചാരിക ചർച്ചകൾ ആരംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 'ടീമിനെ എപ്പോഴും 'സിംറു' എന്ന് വിളിക്കണം. അതാണ് ഞങ്ങളിവിടെ വിളിച്ചുകൊണ്ടിരിക്കുന്നത്' -വെൽഷ് ഫുട്ബാൾ അസോസിയേഷൻ സി.ഇ.ഒ നോയൽ മൂണി പറഞ്ഞു. ഞങ്ങളുടെ വെബ്സൈറ്റിലും സംസാരിക്കുന്നത് സിംറു എന്നാണെന്ന് കാണാൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ കുറച്ചുകൂടി ചെയ്യാനുണ്ട്. അക്കാരണത്താൽ ഈ ലോകകപ്പിന് വെയിൽസ് എന്ന നാമത്തിൽ പോകുകയാണ്. 2023ൽ പങ്കാളികളുമായി ചർച്ചകൾ പുരോഗമിക്കും. അതിൽ ഗവൺമെൻറുകളും സ്വന്തം ബോർഡുകളും കൗൺസിലുകളും തീരുമാനങ്ങളെടുക്കുന്ന ബോഡികളും ജീവനക്കാരും ക്ലബുകളും താരങ്ങളും ഉൾപ്പെടും -അദ്ദേഹം പറഞ്ഞു.
പേരുമാറ്റം യാഥാർഥ്യമാകുകയാണെങ്കിൽ തുർക്കിയുടെ വഴി വെയിൽസും സ്വീകരിക്കും. നേരത്തേ തുർക്കി എന്നുള്ളത് പേരു മാറ്റി ഇപ്പോൾ തുർക്കിയ ആക്കി മാറ്റിയിട്ടുണ്ട്. അതോടൊപ്പം 2024 യൂറോകപ്പ് യോഗ്യതയിൽ വെയിൽസിെൻറ ഗ്രൂപ്പിലാണ് തുർക്കിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.