പുറത്ത് വൈരംമൂത്ത രാഷ്ട്രീയം യുദ്ധത്തിന്റെ വക്കിൽനിർത്തിയ ഇരു രാജ്യങ്ങൾ മൈതാനത്ത് മുഖാമുഖം നിന്ന ആവേശപ്പോരിൽ ആദ്യ പകുതിയിൽ ഒരു ഗോളടിച്ച് യു.എസ് മുന്നിൽ. 38ാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസികാണ് അമേരിക്ക കാത്തിരുന്ന ഗോൾ കണ്ടെത്തിയത്.
ശരിക്കും യുദ്ധം ജയിക്കാനിറങ്ങിയവരെ പോലെ, എന്നാൽ പരുക്കൻ അടവുകൾ പൊതുവെ മാറിനിന്ന കളിയിൽ തുല്യമായാണ് ഇരു ടീമും പട നയിച്ചത്. കൊണ്ടും കൊടുത്തും മുന്നേറിയ കളിയുടെ ആദ്യ നിമിഷങ്ങളിൽ തന്നെ ഗോളവസരം തുറന്നത് ഇറാൻ. 40 വാര അകലെനിന്ന് എടുത്ത സെറ്റ്പീസിൽ യു.എസ് ക്യാപ്റ്റൻ ടൈലർ ആദംസ് തലവെച്ച് അപകടമൊഴിവാക്കി. തൊട്ടുപിറകെ പുലിസികിന്റെ മുന്നേറ്റം ഹുസൈനിയുടെ ഇടപെടലിൽ അവസാനിച്ചു.
യൂനുസ് മൂസയെന്ന 20കാരനെ കേന്ദ്രീകരിച്ചായിരുന്നു അമേരിക്കൻ ആക്രമണങ്ങളിലേറെയും. ആരു ജയിച്ചാലും നോക്കൗട്ട് എന്നതിനാൽ ഇരു ടീമും ഗോൾ തേടിയുള്ള ഓട്ടം തുടക്കം മുതൽ സജീവമാക്കി. ഒമ്പതാം മിനിറ്റിൽ ഇറാൻ പോസ്റ്റിനരികിൽ മൂസ പതിയെ നീട്ടിനൽകിയ പാസിൽ പുലിസിക് തലവെച്ചെങ്കിലും ഗോളിയുടെ കൈകളിലെത്തി. പിന്നെയും മനോഹര ഗെയിമുമായി ഇരുനിരയും ഒപ്പത്തിനൊപ്പം മൈതാനം നിറഞ്ഞു. 13ാം മിനിറ്റിൽ പുലിസിക് ഒരിക്കലൂടെ ഇറാൻ ബോക്സിൽ അപായമണി മുഴക്കി. 26ാം മിനിറ്റിൽ യു.എസിന് അനുകൂലമായി ലഭിച്ച കോർണറും കാര്യമായ പ്രശ്നങ്ങളുണ്ടാക്കിയില്ല.
ആദ്യ പകുതി അവസാനത്തോടടുത്തതോടെ മുനകൂർത്ത നീക്കങ്ങളുമായി യു.എസ് ഇറാൻ ബോക്സിൽ ഇരമ്പിയാർത്തതിന് ഫലമുണ്ടായി. 38ാം മിനിറ്റിലായിരുന്നു പുലിസികിന്റെ കാലുകളിൽനിന്ന് ആവേശം നിറച്ച് ഗോൾ എത്തിയത്. ആദ്യ പകുതിക്കു പിരിയാൻ നിൽക്കെ ഒരുവട്ടം കൂടി യു.എസ് വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി.
വിജയം പിടിക്കാനായാൽ യു.എസിന് പ്രീക്വാർട്ടർ ഉറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.