ദോഹ: രാജ്യം ലോകകപ്പ് ഫുട്ബാൾ ആവേശത്തെ വരവേൽക്കാൻ ഒരുങ്ങവെ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ദോഹ കോർണിഷിലെ ഗതാഗത നിയന്ത്രണങ്ങൾ ഓർമപ്പെടുത്തി അധികൃതർ. നവംബർ ഒന്നുമുതൽ ഡിസംബർ 19 വരെ കോർണിഷ് ഉൾപ്പെടെ സെൻട്രൽ ദോഹയിൽ കർശനമായ ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ഒന്നാം തീയതി മുതൽ കാൽനട യാത്രികർക്കു മാത്രമായിരിക്കും ദോഹ കോർണിഷിലേക്ക് പ്രവേശനം അനുവദിക്കുക. മോട്ടോർ സൈക്കിൾ, സൈക്കിൾ ഉൾപ്പെടെ മുഴുവൻ സംവിധാനങ്ങൾക്കും കോർണിഷിലേക്ക് വിലക്കേർപ്പെടുത്തും. ദോഹ മെട്രോ, ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് സന്ദർശകർക്ക് കോർണിഷിലേക്കും, അൽ ബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിലുമെത്താവുന്നതാണ്.
നവംബർ 20ന് കിക്കോഫ് കുറിക്കുന്ന ഫിഫ ലോകകപ്പ് പോരാട്ടത്തിനായി ചൊവ്വാഴ്ച മുതൽ തന്നെ കാണികൾ ഹയ്യാ കാർഡ് വഴി ഖത്തറിലേക്ക് പ്രവേശിച്ചുതുടങ്ങും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നവംബർ ആദ്യ വാരത്തിൽ തന്നെ ഇവർക്കായി വിവിധ വിനോദ പരിപാടികളും തയാറാവുന്നുണ്ട്. ലോകകപ്പ് വേളയിൽ ഖത്തറിന്റെ പ്രധാന ആഘോഷ നിരത്ത് കൂടിയാണ് ദോഹ കോർണിഷ്.
ഉബർ, കരീം ഉൾപ്പെടെയുള്ള ടാക്സികൾ ഉപയോഗിച്ച് സന്ദർശകർക്ക് കോർണിഷിനോട് ചേർന്നുള്ള നിശ്ചിത പോയന്റുകൾ വരെ എത്താവുന്നതാണ്. എന്നാൽ, നിർണയിച്ച ഇടങ്ങളിൽ മാത്രമേ യാത്രക്കാരെ ഇറക്കാനും കയറ്റാനും പാടുള്ളൂ.
•അശ്ഗാൽ ടവർ •അൽ ബിദ്ദ പാർക്ക് • ഖലീഫ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സ് •സൂഖ് വാഖിഫ് •മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് പാർക് •ഓൾഡ് ദോഹ പോർട്ട്.
ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഏറ്റവും എളുപ്പത്തിൽ ദോഹ കോർണിഷിൽ എത്താനുള്ള മാർഗമാണ് മെട്രോ സംവിധാനം. അൽ ബിദ്ദ പാർക്, കോർണിഷ് (എക്സിറ്റ് മാത്രം), വെസ്റ്റ്ബേ ഖത്തർ എനർജി എന്നീ മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങി ലോകകപ്പ് ആഘോഷങ്ങളിൽ പങ്കുചേരാൻ കോർണിഷിൽ എത്താവുന്നതാണ്.
വിനോദ പരിപാടി മേഖലകളിലെത്താൻ സെൻട്രൽ ദോഹയിൽ സൗജന്യ ഷട്ട്ൽ സർവിസുകൾ ലഭ്യമാണ്. മുവാസലാത്ത് വെബ്സൈറ്റ്, ഹയ്യാ ടു ഖത്തർ 2022 എന്നീ ആപ്ലിക്കേഷനുകളിൽ യാത്രാസംബന്ധമായ വിവരങ്ങൾ ലഭ്യമാവും. ബസ് റൂട്ടുകൾ മനസ്സിലാക്കി യാത്ര പ്ലാൻ ചെയ്യാവുന്നതാണ്.
സെൻട്രൽ ദോഹയിലെ പാർക്കിങ് സൗകര്യങ്ങൾ പരിമിതമാണ്. അതേസമയം, നഗരത്തോട് ചേർന്നുള്ള വിവിധ കേന്ദ്രങ്ങളിൽ സജ്ജീകരിച്ച പാർക് ആൻഡ് റൈഡ് സേവനങ്ങൾ ഉപയോഗപ്പെടുത്തി യാത്ര ആസൂത്രണം ചെയ്യാം. ഖത്തർ യൂനിവേഴ്സിറ്റി, അൽ ഖസർ, ഉം ഗുവൈലിന, അൽ വക്റ, അൽ മെസ്സില എന്നീ സ്റ്റേഷനുകളിലെ പാർക് ആൻഡ് റൈഡ് സൗകര്യങ്ങളിൽ വാഹനം പാർക്ക് ചെയ്ത് മെട്രോ വഴി കോർണിഷിലെത്താം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.