അഷ്റഫ് ഹകിമി
വടക്കൻ ആഫ്രിക്കയിൽനിന്ന് ഖത്തർ ലോകകപ്പിനെത്തുന്ന മൊറോക്കോ ടീമിനിത് പ്രതീക്ഷകളുടെ കാൽപന്തുപോരാട്ടമാണ്. 1970ൽ തുടങ്ങി ആറു തവണ ലോകകപ്പ് കളിച്ച മുൻപരിചയവുമായാണ് ഖത്തറിലെത്തുന്നത്. കഴിഞ്ഞ തവണ റഷ്യയിൽ മത്സരിച്ചെങ്കിലും ഗ്രൂപ് ഘട്ടത്തിൽ പുറത്താവേണ്ടിവന്നു. 1986ൽ നടന്ന ലോകകപ്പിൽ പ്രീക്വാർട്ടർ വരെ വാശിയോടെ മത്സരിച്ചതാണ് ടീമിന്റെ വലിയ നേട്ടം. കോൺകകാഫ് മേഖലയിൽനിന്നുള്ള യോഗ്യതമത്സരത്തിൽ 14 കളിയിൽ എട്ടു ജയവും രണ്ടു തോൽവിയും നാലു സമനിലയുമാണ് പ്രകടനത്തിന്റെ ഫലം. മധ്യനിരയിലും മുന്നേറ്റത്തിലും മികച്ച താരങ്ങളുള്ള ടീമിന് ആത്മവിശ്വാസത്തോടെ കളിച്ചാൽ മികച്ച വിജയം നേടാം. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിലും അറബ് കപ്പിലും ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പിലും മൊറോക്കോ കിരീടമണിഞ്ഞിട്ടുണ്ട്. ബെൽജിയം, കാനഡ, ക്രൊയേഷ്യ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ് എഫിലാണ് ഇവരുടെ സ്ഥാനം.
പ്രതിരോധതാരം അഷ്റഫ് ഹകിമിയും ഹകിം സിയെചിലുമാണ് ടീമിന്റെ പ്രതീക്ഷ. റൈറ്റ് ബാക്കിലും നന്നായി കളിക്കാൻ ഇദ്ദേഹത്തിനാവും. സ്പെയിൻകാരനായ ഹകിമി പാരിസ് ക്ലബിലാണ് പന്തുതട്ടുന്നത്. 2016ലാണ് ഈ 24കാരൻ ദേശീയ ടീമിൽ ഇടംപിടിച്ചത്. ടീമിനായി ഇതുവരെ എട്ടു ഗോളുകൾ നേടി. റയൽ മഡ്രിഡിന്റെയും താരമായിരുന്നു. ഹകിം സിയെച് ആക്രമണശൈലിയിൽ മധ്യനിരയിൽ പന്തു തട്ടുന്നയാളാണ്. വിങ്ങർ പൊസിഷനിലും അനായാസം കളിക്കുമെന്നതിനാൽ ടീമിനെ തളരാതെ പിടിച്ചുനിർത്താൻ ഇദ്ദേഹത്തിനായേക്കും. ദേശീയ ടീമിനായി കളിച്ച 42 കളികളിൽ 17 ഗോളുകൾ ഹകിം സിയെച്ചിന്റെ കാലുകളിൽനിന്ന് പിറന്നു. ചെൽസി ക്ലബിന്റെയും താരമാണ്.
ഫ്രാൻസുകാരൻ വാലിദ് റെഗ്രാഗുയിയാണ് ടീമിന്റെ ആശാൻ. കളിക്കുന്ന കാലം മൊറോക്കോ ടീമിന്റെ പ്രതിരോധനിരയിലുണ്ടായിരുന്നു. ഏഴു ക്ലബുകൾക്ക് ഇദ്ദേഹം പന്തുതട്ടി. 2012ൽ മൊറോക്കോയുടെ അസിസ്റ്റന്റായാണ് പരിശീലനക്കളരിയിലെ തുടക്കം. പിന്നീടുള്ള വർഷങ്ങളിൽ വിവിധ ടീമുകളുടെ മുഖ്യപരിശീലകനായി. 2022ലാണ് മൊറോക്കോയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. ഇദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിന് ഏറെ ഗുണംചെയ്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.