കേരള പ്രീമിയർ ലീഗിൽ റണ്ണറപ്പായ സാറ്റ് തിരൂർ ടീം

കേരള ഫുട്ബാൾ: ഒരു റിയാലിറ്റി ചെക്ക്

ടീമുകളുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ മാറ്റങ്ങളോടെ നടന്ന ഈ വര്‍ഷത്തെ കേരള പ്രീമിയര്‍ ലീഗില്‍ സാറ്റ് തിരൂരിനെ പരാജയപ്പെടുത്തി കേരള യുനൈറ്റഡ് എഫ്.സി തുടര്‍ച്ചയായ രണ്ടാം കെ.പി.എല്‍. ചാമ്പ്യന്‍ഷിപ് സ്വന്തമാക്കി. ആദ്യമായി കെ.പി.എല്ലിന് വേദിയായ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലെ കാണികളുടെ അകമഴിഞ്ഞ പിന്തുണയില്‍ തീര്‍ത്തും ജീവസ്സുറ്റ പോരാട്ടവീര്യമാണ് കേരള യുനൈറ്റഡ് സാറ്റിനെതിരെ ഉയര്‍ത്തിയത്. വിഭവശേഷിയില്‍ വലിയ അന്തരങ്ങളില്ലാത്ത ഇരു ടീമുകള്‍ക്കിടയില്‍ കളിയെ അധീശപ്പെടുത്താനും ഗതി നിര്‍ണയിക്കാനും മേന്മയുള്ള ' ടീം ക്യാരെക്റ്റെറിസ്റ്റിക്സ് ' നന്നായി പ്രകടിപ്പിച്ചതാണ് കേരള യുനൈറ്റഡിന് ഫൈനലില്‍ ചെറിയ മേല്‍ക്കൈ നല്‍കിയത്.

ഒരുപിടി പുതുപ്രതിഭകളുടെ കളിയരങ്ങായിരുന്നു ഈ കെ.പി.എല്‍. ഗതകാലഗരിമയുടെ നിറപ്പൊലിമ ഇത്തിരി കുറഞ്ഞെങ്കിലും ടൂര്‍ണമെന്‍റിലുടനീളം കേരള പൊലീസ്, കെ.എസ്.ഇ.ബി. തുടങ്ങിയ വകുപ്പ്തല ടീമുകളുടെ അപ്രമാദിത്വത്തിനും ടൂര്‍ണമെന്‍റ് വേദിയായി.


കേരള ഫുട്ബാളിന്‍റെ നിലവാരവ്യതിയാനങ്ങളുടെ ഒരു അളവ്കോലായി കണക്കാക്കാവുന്ന കേരള പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ ഒരാറേഴ് വര്‍ഷത്തെ മൊത്തത്തില്‍ പരിഗണിക്കുമ്പോള്‍ സാറ്റ് തിരൂര്‍ എന്ന ക്ലബിനെ നമുക്കതിന്‍റെയൊരു പരിഛേദമായെടുക്കാമെന്ന് വിചാരിക്കുന്നു. വമ്പന്‍ താരങ്ങളുടെ സാന്നിധ്യമില്ലാതെ, തിരൂരിന്‍റെ പരിസരങ്ങളിലെ പ്രാദേശികപ്രതിഭകളെ പരമാവധി ഉള്‍പ്പെടുത്തി ഒരു ടീമാക്കി ചിട്ടപ്പെടുത്താറുള്ള സാറ്റ് ഈ കാലയളവില്‍ ഏറ്റവും സ്ഥിരതയുള്ള പ്രകടനം കാഴ്ച വെച്ചിട്ടുമുണ്ട്. ഈ റണ്ണേഴ്സ് അപ് ആണവരുടെ ഏറ്റവും മികച്ച നേട്ടമെങ്കിലും സെമിഫൈനല്‍ ബര്‍ത്തെങ്കിലും ഇല്ലാത്ത സീസണുകള്‍ ഇല്ലെന്ന് തന്നെ പറയാം. എന്നിട്ടും എന്തുകൊണ്ടാണ് കളിനിലവാരത്തിലും, ഒരു കംപ്ലീറ്റ് പ്രൊഫഷനല്‍ പ്രൊജക്റ്റ് ആയും സാറ്റ് തിരൂര്‍ ' അടുത്ത തല'ത്തിലേക്ക് വളരാത്തത് ?

ഫുട്ബാള്‍ ഡെവലപ്മെന്‍റ് പ്രൊസസിന്‍റെ എല്ലാ ഘടകങ്ങളേയും സാമ്പത്തികസിദ്ധാന്തത്തിലേക്ക് മാത്രം സമീകരിച്ച് അതിജീവിക്കേണ്ടതാണോ ഈ ചോദ്യങ്ങളെ? അല്ലെന്നാണ് വ്യക്തിപരമായി കരുതുന്നത്. രണ്ട് മൂന്ന് വര്‍ഷം മുമ്പ് ' അജ്മല്‍ ബിസ്മി ഗ്രൂപ്പി'ന്‍റെ കീഴില്‍ വളരെ പ്രതീക്ഷ നല്‍കിയ ഒരു പ്രൊജക്റ്റ് അവര്‍ മുമ്പോട്ട് വെച്ചതുമാണ്. അതിന് പിന്നീടെന്ത് സംഭവിച്ചു എന്നറിവില്ല. കേരളത്തില്‍ ഏറ്റവും ജൈവികമായി താരതമ്യേന കുറഞ്ഞ ചിലവില്‍ പ്രവര്‍ത്തിക്കുന്ന സാറ്റ് തിരൂര്‍ പോലൊരു ക്ലബിന് പോലും മികച്ച കോര്‍പറേറ്റ് പിന്തുണയുണ്ടായിട്ടും മുമ്പോട്ട് പോവാനാവാതിരുന്നതെന്ത് കൊണ്ടാവും ? ഒരു ഫുട്ബാള്‍ പ്രേമിയെന്ന നിലയില്‍ പലപ്പോഴും ഉയര്‍ന്ന് വന്ന ചോദ്യമാണിത്..


ഈ കെ.പി.എല്ലിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട സാറ്റ് തിരൂരിന്‍റെ പുതിയ 'വണ്ടര്‍ബോയ് ' മെഹ്ദി  സെമിയില്‍ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ' എന്തായിരുന്നു ടീമിന്‍റെ ഇന്നത്തെ ഗെയിംപ്ലാന്‍ ' എന്ന ചോദ്യത്തിന് അവന്‍ നല്‍കിയ ഉത്തരത്തിലും ശരീരഭാഷയിലും ഉണ്ടായിരുന്നു കേരള ഫുട്ബാളിലെ പ്ലെയര്‍ ഡെവലപ്മെന്‍റ് പ്രൊസസിന്‍റെ ആകെത്തുക. എന്തുകൊണ്ട് ദേശീയടീമില്‍ സ്ഥിരസാന്നിധ്യമാവാന്‍ സാധ്യതയുള്ള ഒറ്റ താരവും കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ഇത്രയധികം പന്തുകളിസംസ്കാരമുള്ള കേരളത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്നില്ല എന്നതിന്‍റെ നേര്‍ചിത്രമാണ് വ്യക്തിപരമായി ആ പോസ്റ്റ് മാച് ടോകില്‍ കണ്ടത്. മെഹ്ദിയെന്ന കളിക്കാരനെ കുറ്റപ്പെടുത്തുകയല്ല, അവനെ ഒരു സ്പെസിമെനായി പരിഗണിക്കുകയാണെന്ന് മാത്രം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ വരവോടെ ഫുട്ബാള്‍ പരിശീലനം അക്കാദമികളില്‍ നിന്ന് തന്നെ നേടുന്നത് വളരെ സാധാരണമായ നമ്മുടെ നാട്ടില്‍ അത് യഥാര്‍ഥത്തില്‍ ഉണ്ടാക്കേണ്ട ഗുണപരമായ മാറ്റം ഇതുവരെ ഉണ്ടായിട്ടുണ്ടോ? രാഹുല്‍ കെ.പി.ക്ക് ശേഷം നമ്മളൊരു ദേശീയതാരത്തെ കണ്ടിട്ടില്ല, പ്രതീക്ഷ നല്‍കുന്ന ആരും വന്നിട്ടുമില്ല. ഇത്രയൊന്നും അക്കാദമികളില്ലാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ നമ്മളേക്കാള്‍ എത്രയോ മുമ്പോട്ട് പോയിക്കഴിഞ്ഞു എന്നത് കൂടെ ഇതിനോട് ചേര്‍ത്ത് വായിക്കണം.

ക്ലബുകളുടെ ലക്ഷ്യങ്ങള്‍ വല്ലാതെ പരിമിതപ്പെടുന്നു എന്നതാണ് ഈ വളര്‍ച്ചാനിശ്ചലതക്ക് കാരണമായി കരുതേണ്ടത്. ക്ലബുകളുടെ എല്ലാ വികസനപദ്ധതികള്‍ക്കും സാമ്പത്തികം ഒരു പ്രധാനഘടകമാണെങ്കിലും കൈവശമുള്ള ഉറവിടങ്ങളെ എത്രത്തോളം ക്രിയാത്മകമായും സൃഷ്ടിപരമായും ഉപയോഗിക്കുന്നു എന്നതാണ് പ്രസക്തം. അക്കാദമിയിലെത്തുന്ന പ്രതിഭകളെ ടീമിനുതകും വിധം ചൂഷണം ചെയ്യുക, അതിലൂടെ ചെറുകിടനേട്ടങ്ങളുണ്ടാക്കുക എന്നതിനപ്പുറം ദീര്‍ഘവീക്ഷണത്തോടെ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്ന ലോങ് ടേം പ്രൊജക്റ്റുകള്‍ക്ക് ഇപ്പോഴും ക്ലബുകളും കളിക്കാരുടെ മാതാപിതാക്കളും തയാറാവുന്നില്ല. തങ്ങളിലെത്തുന്ന കുട്ടികളെ അവരവരുടെ ശക്തി-ദൗര്‍ബല്യങ്ങളെ വകതിരിച്ച് വ്യക്തിഗത പരിശീലനപ്രോഗ്രാമുകളുള്ള അക്കാദമികള്‍ ഇപ്പോഴും ഇവിടെയില്ലെന്നാണ് കരുതുന്നത്. പകരം എല്ലാവര്‍ക്കും ഒരു ഏകീകൃതപരിശീലനപദ്ധതികളേയുള്ളൂ.

കെ.പി.എല്ലിൽ ചാമ്പ്യന്മാരായ കേരള യുനൈറ്റഡ് എഫ്.സി ടീം

ചില കുട്ടികള്‍ കളിയില്‍ അസാമാന്യവേഗത്തില്‍ തീരുമാനമെടുക്കുന്നവരാവും, ചിലര്‍ക്ക് പന്തില്‍ നൈസര്‍ഗികമായ സ്പര്‍ശമുണ്ടാവും, ചിലര്‍ക്ക് വേഗതയാവാം, അങ്ങനെ വിവിധങ്ങളായ കഴിവുള്ളവര്‍ക്ക് അവരുടെ കുറവുകളെ അടിസ്ഥാനപ്പെടുത്തിയ വ്യക്തിഗതപരിശീലനപദ്ധതികളാണുണ്ടാവേണ്ടത്. അതിന് കൃത്യമായ ഫില്‍ട്രേഷന്‍ പ്രൊസസുകളിലൂടെ കടന്ന് പോവുന്ന ' സ്കൂള്‍ ഓഫ് എക്സലന്‍സ് ' സംവിധാനങ്ങളുണ്ടാവണം. അങ്ങനെ വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രതിഭകളെ പ്രത്യേകമായ പ്രോഗ്രാമുകളിലൂടെ ഒരു ടോപ് ക്ലാസ് അത്ലീറ്റുകളായി പരിണാമപ്പെടുത്തുന്ന തലത്തിലേക്ക് ഇത്തരം ക്ലബുകളും അക്കാദമികളും ഉയരേണ്ടതുണ്ട്. അല്ലാത്തപക്ഷം പരിമിതസാഹചര്യങ്ങളും പരിമിതലക്ഷ്യങ്ങളുമായി നമ്മുടെ സിസ്റ്റങ്ങള്‍ ഒതുങ്ങിപ്പോവും.

സ്പോര്‍ട്സ് കള്‍ചറെന്നത് നിമിഷംപ്രതി ശാസ്ത്രീയമായും പുരോഗമനപരമായും മുമ്പോട്ട് നീങ്ങിക്കൊണ്ടേയിരിക്കണം. ഏത് മേഖലയേയും പോലെ കാണികളാണ് അതിന്‍റെ കമ്പോളം നിശ്ചയിക്കുന്നത്. ആ ഇക്കോ സിസ്റ്റത്തില്‍ മീഡിയയും, മാതാപിതാക്കളും കോര്‍പറേറ്റുകളും കായിക അധികൃതരുമെല്ലാം തുല്യപ്രസക്തരാണ്. അവരാഗ്രഹിക്കുന്നത് ഏറ്റവും മത്സരക്ഷമതയും ഗുണമേന്മയുമുള്ള ഉല്‍പന്നങ്ങളും (കളിക്കാര്‍) ഉപോല്‍പന്നങ്ങളും (ക്ലബുകള്‍/ടീമുകള്‍) ആണ്. മികച്ച കളിക്കാരുണ്ടാവുമ്പോഴേ മികച്ച പരിശീലകര്‍ പോലും ഉണ്ടാവൂ എന്നതാണ് യാഥാര്‍ഥ്യം.


പ്രൊഫഷനല്‍ സ്പോര്‍ട്സ് ട്രെയ്നിങ് എന്നത് വെറും കായികപരിശീലനമായി പരിമിതപ്പെടരുത്, മറിച്ച് വ്യക്തിവികാസവും, പ്രതിഭാവികാസവും, സാമൂഹികമൂല്യങ്ങളും പരിശീലിക്കപ്പെടേണ്ട സമഗ്രപദ്ധതിയായി വിഭാവനം ചെയ്യപ്പെടണം. തങ്ങള്‍ ഏര്‍പ്പെടുന്ന കളിയെ ആഴത്തിലറിഞ്ഞ് കൂടുതല്‍ സ്വയം പര്യവേക്ഷണത്വരയുള്ളവരായി കുട്ടികള്‍ മാറണം. അപ്പോഴാണ് എതിരിടുന്ന ചോദ്യങ്ങളോട് ഏറ്റവും നല്ല പ്രൊഫഷനലായി പ്രതികരിക്കാനാവൂ. വെറുമൊരു സാറ്റ് തിരൂരിലൊതുങ്ങേണ്ടതല്ല ഇതൊന്നും. കോര്‍പറേറ്റ് പിന്തുണയുള്ള കേരള യുനൈറ്റഡ് എഫ്.സി, കോവളം എഫ്.സി, ലൂക്ക സോക്കര്‍ ക്ലബ്, എഫ്.സി കേരള, മുത്തൂറ്റ് എഫ്.സി എന്നിവരെല്ലാം ഇത്തരം ദീര്‍ഘകാലപദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധയൂന്നേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അല്ലാത്തപക്ഷം നന്നായി കളിക്കുന്നവരുടെ ഒരു കൂട്ടമായി വന്ന് കെ.പി.എല്ലോ ചെറുകിട ടൂര്‍ണമെന്‍റുകളോ കളിച്ച് പോവുന്ന ക്ലബുകളായി ചുരുങ്ങിപോവും.

നമുക്ക് വേണ്ടത് ഇനി അനുനിമിഷം മാറുന്ന കളിസാഹചര്യങ്ങളെ ഏറ്റവും നന്നായി പരിചരിക്കാനാവും വിധം പ്രതിഭകളെ മൂര്‍ച്ച കൂട്ടുന്ന ഫൈന്‍ ട്യൂണിങ് പ്രൊസസുകളാണ്. പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരള സൂപ്പര്‍ ലീഗ് ഒക്കെ വരുമ്പോ ടീമുകള്‍ക്കാവശ്യം ഏറ്റവും പ്രൊഫഷനലായ കളിക്കാരെയാണ്. പ്രാദേശികതാരങ്ങള്‍ സൂപ്പര്‍ ലീഗ് ടീമുകളുടെ ആവശ്യകതകളെ പൂര്‍ത്തീകരിക്കുന്നവരാവുമ്പോഴാണ് അതിന്‍റെ ഗുണം നമ്മുടെ സ്പോര്‍ട്സ് ഇകണോമിക്ക് കൂടി ലഭിക്കുന്നത്. ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് പോലുള്ള കായിക-സാമ്പത്തിക പരിപോഷണ പരിപാടികളൊക്കെ സര്‍ക്കാറും അനുബന്ധസംഘടനകളും മുമ്പോട്ട് വെക്കുമ്പോഴും അതൊക്കെ നടപ്പിലാവേണ്ടത് ഈ പ്രതലത്തിലാണെന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും ഈ ക്ലബുകളും അക്കാദമികളും തിരിച്ചറിയണം. എല്ലാ സ്വപ്നപദ്ധതികളും നടപ്പിലാവുന്ന ഇക്കോസിസ്റ്റത്തിന്‍റെ നട്ടെല്ല് നിരന്തരമായി വളര്‍ന്നുവരുന്ന കളിക്കാരാണ്. ആ വിളവുകളെ നന്നായി പോഷിപ്പിച്ചെടുത്താല്‍ ബാക്കിയെല്ലാ ഘടകങ്ങളും സമയബന്ധിതമായി അതിനോട് ചേര്‍ന്ന് നില്‍ക്കും.

Tags:    
News Summary - Kerala Football: A Reality Check

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.