ഐ​ഫാ​ബ് യോഗത്തിൽ ഫി​ഫ റ​ഫ​റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി​യ​ർ​ലൂ​യി​ജി കൊ​ളി​ന 

അഞ്ച് സബ്സ്റ്റിറ്റ്യൂഷൻ നിയമമായി; ഓഫ്സൈഡ് നിർണയത്തിന് യന്ത്രസഹായം

ദോഹ: കോവിഡ് കാലത്ത് കളിക്കാരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് താൽക്കാലികമായി നടപ്പാക്കിയ അഞ്ചുപേരുടെ സബ്സ്റ്റിറ്റ്യൂഷൻ സ്ഥിരപ്പെടുത്താൻ തീരുമാനം. ഫിഫയുടെ ഫുട്ബാൾ നിയമങ്ങളുടെ ചുമതലയുള്ള ഇന്റർനാഷനൽ ഫുട്ബാൾ അസോസിയേഷൻ ബോർഡ് (ഐഫാബ്) വാർഷിക ജനറൽ ബോഡി യോഗമാണ് അഞ്ച് സബ്സ്റ്റിറ്റ്യൂഷൻ നിയമമാക്കി സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്. ദോഹയിൽ ചേർന്ന 136ാമത് ഐഫാബ് യോഗത്തിനു പിന്നാലെ നടന്ന വാർത്തസമ്മേളനത്തിലാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, ഫിഫ റഫറി കമ്മിറ്റി ചെയർമാൻ പിയർലൂയിജി കൊളിന എന്നിവർ ഇക്കാര്യം അറിയിച്ചത്. 2022-23 സീസൺ ഫുട്ബാൾ നിയമങ്ങൾക്ക് യോഗം അംഗീകാരം നൽകി. ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഇതിനു പുറമെ ടീമിന്‍റെ റിസർവ് ബെഞ്ച് ശേഷി 12ൽനിന്ന് 15 ആയി ഉയർത്താനും അനുവാദം നൽകി. ലോകകപ്പ് സംഘാടകരായ ഫിഫ അനുവദിക്കുന്നതോടെ, ഖത്തറിലേക്കുള്ള ടീമുകൾക്ക് 15 പേരുടെ റിസർവ് കൂടി കണക്കാക്കി 26 അംഗ സംഘവുമായി എത്താം.

കോവിഡ് വ്യാപനത്തിനു പിന്നാലെ കളികൾ പുനരാരംഭിച്ചപ്പോഴാണ് കളിക്കാരുടെ ഫിറ്റ്നസ് പരിഗണിച്ച് സബ്സ്റ്റിറ്റ്യൂഷൻ എണ്ണം മൂന്നിൽനിന്ന് അഞ്ചായി ഉയർത്താൻ തീരുമാനിച്ചത്. 2020 മേയിൽ ആരംഭിച്ച ഈ നിർദേശം വിവിധ രാജ്യങ്ങളിലെ ലീഗുകളിലും രാജ്യാന്തര ചാമ്പ്യൻഷിപ്പുകളിലും മറ്റും പിന്തുടർന്നിരുന്നു. കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്ന് സബ്സ്റ്റിറ്റ്യൂഷനിലേക്ക് തിരികെയെത്തിയെങ്കിലും കഴിഞ്ഞ മാർച്ചിൽ ചേർന്ന യോഗത്തിൽ അടുത്ത സീസൺ മുതൽ അഞ്ച് സബ്സ്റ്റിറ്റ്യൂഷൻ റൂൾ പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു. ഓഫ്സൈഡ് നിർണയം കൂടുതൽ കൃത്യത കൈവരുത്തുന്നതിന് സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് ടെക്നോളജിക്കും അംഗീകാരം നൽകി.

നിലവിൽ ഓഫ് സൈഡ് സംബന്ധിച്ച് വി.എ.ആർ തീരുമാനത്തിന് നാലു മിനിറ്റ് വരെ സമയമെടുത്തിരുന്നുവെങ്കിൽ നിർമിതബുദ്ധിയുടെകൂടി സഹായത്തിൽ നടപ്പാക്കുന്ന സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതിക വിദ്യ നാല് സെക്കൻഡിൽ തീരുമാനമെടുക്കാൻ സഹായകമാവുമെന്ന് പിയർലൂയിജി കൊളിന പറഞ്ഞു.

Tags:    
News Summary - International Football Association Board IFOB Annual General Body Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.