വിയ്യാറയലിനെ 4-0ന് തകർത്ത് ബാഴ്സലോണ; മെസ്സിക്കും ഫാറ്റിക്കും ഗോൾ
ലാലിഗയിൽ വിയ്യ റയലിനെ എതിരില്ലാത്ത നാലു ഗോളിന് പരാജയപ്പെടുത്തി ബാഴ്സലോണ. സൂപ്പർ താരങ്ങളായ സുവാരസും റാക്കിട്ടിച്ചും ടീം വിട്ടതും മെസ്സിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ടീമിനെ ഉലച്ചില്ലെന്നു തെളിയിക്കുന്ന വിജയമായി ബാഴ്സയുടേത്. യുവതാരം അൻസു ഫാറ്റിയുടെ ഇരട്ട ഗോളും ക്യാപ്റ്റൻ മെസിയുടെ പെനാൽറ്റിയും വിയ്യ റയൽ പ്രതിരോധക്കാരൻ ടോറസിന്‍റെ സെൽഫ് ഗോളുമാണ് ബാഴ്സക്ക് ജയമൊരുക്കിയത്.
രണ്ടു ഗോൾ നേടിയ അൻസു ഫാറ്റിയായിരുന്നു ബാഴ്സയുടെ കുന്തമുന. അറ്റാക്കിങ് മിഡ്ഫീൽഡറായി ഇറങ്ങിയ ഫാറ്റി 15ാം മിനിറ്റിൽ തന്നെ വല കുലുക്കി. നാല് മിനിറ്റിനുള്ളിൽ രണ്ടാമതും ഫാറ്റിയുടെ ഗോൾ വന്നു.
ആക്രമിച്ച് കളിച്ച ഫാറ്റിയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി മെസി ലക്ഷ്യത്തിലെത്തിച്ചതോടെ ഗോൾ മൂന്നായി. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കേ ടോറസിന്‍റെ കാലിൽ തട്ടിയ പന്ത് വിയ്യ റയലിന്‍റെ വലയിലേക്ക് തന്നെ വീണതോടെ ബാഴ്സക്ക് നാല് ഗോൾ ലീഡായി.
രണ്ടാംപകുതിയിൽ ബാഴ്സയെ പിടിച്ചുകെട്ടാൻ വിയ്യ റയൽ കളിക്കാർ കഠിനാധ്വാനം ചെയ്തു. ഇരു ടീമും പൊരുതിയെങ്കിലും കൂടുതൽ ഗോൾ പിറന്നില്ല.
ബാഴ്സയുടെ അടുത്ത മത്സരം ഒക്ടോബർ രണ്ടിന് സെൽറ്റ വിഗോക്കെതിരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.