കളിയടവിൽ കണ്ണൂരിനെ തളച്ച് കൊമ്പൻസ്

കണ്ണൂര്‍: കാൽപന്തു കളിയിലെ അടക്കവും ഒതുക്കവും വിട്ട് അടവുകൾ ഒന്നൊന്നായി പുറത്തെടുത്തിട്ടും കൊമ്പൻസിനു മുന്നിൽ കീഴടങ്ങാനായിരുന്നു കണ്ണൂരിന്റെ വിധി. സൂപ്പര്‍ ലീഗ് കേരളയില്‍ ശനിയാഴ്ച കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്വന്തം മണ്ണിൽ കണ്ണൂര്‍ വാരിയേഴ്‌സിനെ തളച്ച് തിരുവനന്തപുരം കൊമ്പന്‍സ് തുടർ ജയം സ്വന്തമാക്കി. രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് തിരുവനന്തപുരം കൊമ്പന്‍സിന്റെ ജയം. ഒരുവേള ഗാലറിയിൽ വലിയ ആവേശത്തിമിർപ്പുണ്ടായെങ്കിലും കൊമ്പൻസ് തേരോട്ടം പിന്നീട് കണ്ണൂരിന്റെ ആരാധകരെ നിരാശരാക്കുകയായിരുന്നു. കൊമ്പന്‍സിനുവേണ്ടി മാര്‍ക്വസ് പാരഡസ്, ഷിനു, ഷാനു സ്‌റ്റെല്ലസ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. കണ്ണൂര്‍ വാരിയേഴ്‌സിനു വേണ്ടി ഉമശങ്കര്‍, ബോഗ്ദാന്‍ സ്‌റ്റെമാന്‍ കോവിച്ച് എന്നിവരാണ് ഗോള്‍ നേടിയത്.

അവസാന മത്സരത്തിനിറങ്ങിയ ഇരുടീമിലും ആദ്യ ഇലവനില്‍ മാറ്റമുണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മലപ്പുറം എഫ്‌.സിക്കെതിരെ ചുവപ്പ് കാര്‍ഡ് വാങ്ങിയ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌.സിയുടെ മുഖ്യപരിശീലകന്‍ ചെര്‍ണിഷോവിന് പകരം സഹപരിശീലകന്‍ ഷഫീഖ് ഹസ്സന്‍ മഠത്തിലാണ് ടീമിനെ നയിച്ചത്. പ്രതിരോധ നിരയില്‍ സച്ചിന്‍ സുനിലിന് പകരമായി മുഹമ്മദ് മുഷ്‌റഫ് ആദ്യ ഇലവനിലെത്തി. തിരുവനന്തപുരം കൊമ്പന്‍സ് ഇലവനില്‍ മൂന്നു മാറ്റങ്ങളുണ്ടായിരുന്നു. ഗോള്‍ കീപ്പര്‍ സപം സിങ്ങിന് പകരം സത്യജിത്തും ജോസഫ് ഗോര്‍ഡനും പൗലോ സീസറിനും പകരമായി മുന്‍ കണ്ണൂര്‍ വാരിയേഴ്‌സ് താരം ടി. ഷിജിനും മാര്‍ക്വസ് പാരഡസും ആദ്യ ഇലവനിലെത്തി.

ആദ്യ പകുതി

ആറാം മിനിട്ടില്‍ തന്നെ തിരുവനന്തപുരം കൊമ്പന്‍സ് മാര്‍ക്വസ് പാരഡസിലൂടെ ലീഡ് നേടി. കണ്ണൂര്‍ വാരിയേഴ്‌സ് പ്രതിരോധ താരം വികാസ് പിന്നില്‍നിന്ന് വരുത്തിയ പിഴവില്‍ ലഭിച്ച പന്ത് മാര്‍ക്വസ് ഗോളാക്കി മാറ്റുകയായിരുന്നു. 17ാം മിനിട്ടില്‍ കണ്ണൂരിന് ആദ്യ അവസരം ലഭിച്ചു. വലതു വിങ്ങില്‍നിന്ന് സെക്കൻഡ് ബോക്‌സിലേക്ക് മുഹമ്മദ് സിനാന്‍ ഉയര്‍ത്തി നല്‍കിയ പന്ത് നിജോ ഹാഫ് വോളിക്ക് ശ്രമിച്ചെങ്കിലും പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തേക്ക് പോയി. 20ാം മിനിട്ടില്‍ കണ്ണൂരിന് അടുത്ത അവസരം. ബോക്‌സിന് മുന്നില്‍നിന്ന് മധ്യനിര താരം ഫെഡ്രിക് അന്‍സ്‌ബോച്ച്വ നല്‍കിയ പന്ത് സിനാന്റെ ആദ്യ ടച്ചില്‍ പ്രതിരോധ താരത്തെ മറികടന്ന് ഗോള്‍ ലക്ഷ്യമാക്കി അടിച്ചെങ്കിലും കൊമ്പന്‍സ് ഗോള്‍ കീപ്പര്‍ സത്യജിത്തിന്റെ കിടിലന്‍ സേവ്. 23ാം മിനിട്ടില്‍ കണ്ണൂര്‍ തിരിച്ചടിച്ചു.

ഉമശങ്കറായിരുന്നു ഗോള്‍ നേടിയത്. ബോഗ്ദാൻ, വഴി സിനാനിലൂടെ, സിനാന്‍ നല്‍കിയ ക്രോസ് സെക്കൻഡ് പോസ്റ്റിലേക്ക് ഓടിയെത്തിയ ഉമശങ്കറിന്റെ വക ഒരുടച്ച്. മത്സരം അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് കൊമ്പന്‍സ് വീണ്ടും ലീഡ് നേടി. 46ാം മിനിട്ടില്‍ കോര്‍ണര്‍ കിക്ക് കൊമ്പന്‍സ് ക്യാപ്റ്റന്‍ ഷിനുവിന്റെ ഹെഡര്‍ ഗോളായി മാറുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ കണ്ണൂര്‍ തിരിച്ചടിച്ചു. 48ാം മിനിട്ടില്‍ കൊമ്പന്‍സ് പ്രതിരോധ താരങ്ങളെ കീറിമുറിച്ച് അസിയര്‍ നല്‍കിയ പാസ് സ്വീകരിച്ച ബോഗ്ദാന്‍ സ്റ്റമന്‍കോവിച്ച് അനായാസം ഗോളാക്കി മാറ്റി.

രണ്ടാം പകുതി

രണ്ടാം പകുതിയില്‍ തുടക്കം മുതല്‍ തന്നെ ഇരുടീമുകളും ആക്രമിച്ചു തുടങ്ങി. ഇരുഭാഗത്തും അവസരങ്ങള്‍ വന്നെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 88ാം മിനിട്ടില്‍ കൊമ്പന്‍സ് ലീഡ് നേടി. പ്രതിരോധ താരം ഷാനു സ്‌റ്റെല്ലസ് വലത് ബാക്കില്‍ നിന്ന് പന്തുമായി മുന്നേറി എടുത്ത ഷോട്ട് കണ്ണൂര്‍ ഗോള്‍ കീപ്പര്‍ ഹജ്മല്‍ തട്ടിയെങ്കിലും തുടര്‍ന്ന് ലഭിച്ച പന്ത് ഷാനു ഗോളാക്കി മാറ്റുകയായിരുന്നു. 90ാം മിനിട്ടില്‍ പകരക്കാരനായി ഇറങ്ങിയ കണ്ണൂരിന്റെ പ്രഗ്യാന്‍ ഗെഗോയ് എടുത്ത ഗോളെന്ന് ഉറപ്പിച്ച ഷോട്ട് കൊമ്പന്‍ കീപ്പര്‍ സത്യജിത്ത് തട്ടി അകറ്റുകയായിരുന്നു.

Tags:    
News Summary - football match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.