മുംബൈ: പിതാവ് യോഗ്‌രാജ് സിങ്ങുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റർ യുവരാജ് സിങ്. ഇന്ത്യൻ ടീമിന്‍റെ വിജയങ്ങളിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിർണായക പങ്കുവഹിച്ചിരുന്ന യുവരാജിന്‍റെ കൈപിടിച്ച് നിരവധി യുവപ്രതിഭകളാണ് ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലേക്ക് കടന്നുവരുന്നത്.
അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പിതാവുമായുള്ള ബന്ധവും ക്രിക്കറ്റ് കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം താരം മനസ്സ് തുറന്ന് സംസാരിച്ചത്. മാതാവ് ശബ്നയും താരത്തിനൊപ്പമുണ്ടായിരുന്നു. കുട്ടിക്കാലത്ത് യുവരാജ് മഹാവികൃതിയായിരുന്നെന്ന് ശബ്നം പറയുന്നു. ‘എല്ലാവർക്കും അവൻ വലിയ തലവേദനയായിരുന്നു, എപ്പോഴാണ് ആളുകളെ അവൻ വിഡ്ഢിയാക്കുക എന്ന് ആർക്കും പറയാനാകില്ല. ഒരിക്കൽ എനിക്ക് പൊലീസ് സ്റ്റേഷനിൽനിന്ന് ഒരു വ്യാജ കോൾ വന്നു. നിങ്ങളുടെ മകൻ ഏതാനും പെൺകുട്ടികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അവൻ സ്റ്റേഷനിലാണെന്നുമായിരുന്നു ഫോണിൽ പറഞ്ഞത്. വന്ന് മകനെ ജാമ്യത്തിലെടുക്കണമെന്നും പറഞ്ഞു. പിന്നീടാണ് മനസ്സിലായത് യുവരാജ് തന്നെ കബളിപ്പിച്ചതാണെന്ന്’ -ശബ്നം അഭിമുഖത്തിൽ പറഞ്ഞു.
തുടർച്ചയായി ക്രിക്കറ്റ് പരിശീലനത്തിൽ പങ്കെടുക്കുമ്പോഴും യുവരാജ് ഒരിക്കൽപോലും പരാതി പറഞ്ഞിട്ടില്ലെന്നും ശബ്നം കൂട്ടിച്ചേർത്തു. പിതാവ് കർക്കശക്കാരനായതിനാൽ വളരെ ചിട്ടയായ ജീവിതമായിരുന്നു തന്‍റേതെന്ന് യുവരാജ് പറഞ്ഞു. ‘ഞാനൊരു ക്രക്കറ്ററാകണമെന്നത് പിതാവിന്‍റെ സ്വപ്നമായിരുന്നു. അതെന്നിൽ അടിച്ചേൽപ്പിക്കുകയായിരുന്നു. പലപ്പോഴും അതൊന്നും ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ ജീവിത ലക്ഷ്യം കൈവരിക്കണമെങ്കിൽ പലപ്പോഴും ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതരാകും. പിതാവിന്‍റെ കാർക്കശ്യം കൊണ്ടുമാത്രമാണ് എനിക്ക് 18ാം വയസ്സിൽ ഇന്ത്യക്കുവേണ്ടി കളിക്കാനായത്’ -യുവരാജ് വെളിപ്പെടുത്തി.
തനിക്കും പിതാവിനും ഇടയിലുണ്ടായിരുന്ന ബന്ധത്തിന് നേർവിപരീതമാണ്, ഇപ്പോൾ മകൻ ഒറിയോണുമായുള്ള ബന്ധമെന്നും യുവരാജ് പറയുന്നു. പിതാവിന് എല്ലാം ക്രിക്കറ്റായിരുന്നു. എന്നാൽ, മകന്‍റെ പരിശീലകനാകാൻ താൻ ആഗ്രഹിക്കുന്നില്ല, തനിക്ക് ഒരു അച്ഛനാകണം. അച്ഛനൊപ്പം ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ, മകനൊപ്പം ചെയ്യണമെന്നും യുവരാജ് പ്രതികരിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്ററാണ് യോഗ്‌രാജ് സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.