കപിൽ ദേവിനെ വെടിവെച്ച് കൊല്ലാനുറച്ചാണ് വീട്ടിലേക്ക് പോയത്, പക്ഷേ ഇറങ്ങി വന്നത് അമ്മയ്ക്കൊപ്പം -യുവരാജിന്‍റെ പിതാവ്

ന്യൂഡൽഹി: പുതിയ വിവാദ പരാമർശവുമായി വീണ്ടും വാർത്തകളിൽ നിറഞ്ഞ് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്‍റെ പിതാവ് യോഗരാജ് സിങ്. ഇതിഹാസ താരം കപിൽ ദേവിനെ വെടിവെച്ച് കൊലപ്പെടുത്താൻ തോക്കുമായി വീട്ടിലേക്ക് പോയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇത്തവണ യോഗരാജ് നടത്തിയത്.

കപിൽ ദേവ് ഇന്ത്യയുടെയും നോർത്ത് സോണിന്റെയും ഹരിയാനയുടെയും ക്യാപ്റ്റനായിരിക്കെ കാരണമില്ലാതെ എന്നെ പുറത്താക്കി. എന്താണ് കാരണമെന്ന് കപിലിനോടു നേരിട്ടു ചോദിക്കണമെന്ന് ഭാര്യയ്ക്ക് നിർബന്ധം. പിസ്റ്റളുമെടുത്ത് ഭാര്യയെയും കൂട്ടി കപിലിന്റെ വീട്ടിൽ പോയി. കപിൽ വീടിനു പുറത്തേക്കുവന്നത് അമ്മയോടൊപ്പമാണ്. ഇതോടെ ഞാൻ കുറേ ചീത്ത പറഞ്ഞു. ‘ഈ പിസ്റ്റളിലെ തിരകൾ താങ്കളുടെ തല തുളയ്ക്കുന്നത് കാണണമെന്നുണ്ട്. ഈ അമ്മയെ ഓർത്ത് ഞാൻ ചെയ്യുന്നില്ല. അന്നാണ് ഇനി ക്രിക്കറ്റ് കളിക്കില്ലെന്ന് തീരുമാനിച്ചത്. ഇനി യുവി കളിക്കട്ടെ എന്നും തീരുമാനിച്ചു -ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ യോഗരാജ് തുറന്നുപറഞ്ഞു.

നടനും ക്രിക്കറ്റ് താരവുമായിരുന്ന യോഗരാജ് സിങ് ഇന്ത്യയ്ക്കായി ഒരു ടെസ്റ്റും ആറ് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. നേരത്തെയും മഹേന്ദ്ര സിങ് ധോണിയടക്കം പ്രമുഖർക്കെതിരെ യോഗരാജ് സിങ് രംഗത്തുവന്നിട്ടുണ്ട്. യുവരാജിന്‍റെ കരിയർ നശിപ്പിച്ചതിന് ധോണിയോട് ഒരിക്കലും പൊറുക്കില്ലെന്നായിരുന്നു ഇദ്ദേഹം ധോണിക്കെതിരെ പറഞ്ഞിരുന്നത്.

Tags:    
News Summary - Yograj Singh says he went to Kapil Dev's house with pistol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.