ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് നായകൻ രോഹിത് ശർമക്കെതിരെ ബോഡി ഷെയ്മിങ് പരാമർശം നടത്തിയ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്.
ഇത്തരം സംഭവങ്ങൾ പാകിസ്താനിലാണ് കണ്ടുവരുന്നതെന്നും ഞാനാണ് പ്രധാനമന്ത്രിയെങ്കിൽ പെട്ടിയുമെടുത്ത് രാജ്യം വിടാൻ പറയുമായിരുന്നെന്നും യോഗ്‌രാജ് വിമർശിച്ചു. തടികൂടിയ കായികതാരമാണ് രോഹിത്തെന്നും അദ്ദേഹം ഭാരം കുറക്കണമെന്നും ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റൻമാരിൽ ഒരാളാണെന്നുമാണ് ഷമ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നത്. വിമർശനം ശക്തമായതിനു പിന്നാലെ അവർ തന്നെ പോസ്റ്റ് പിൻവലിച്ചിരുന്നു.
‘ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ഇവിടുത്തെ ജനവും ഈ നാടും എന്റെ ജീവിതത്തേക്കാൾ എനിക്ക് പ്രിയപ്പെട്ടതാണ്. നമ്മുടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ കായികതാരങ്ങളെക്കുറിച്ച് നമ്മുടെ രാഷ്ട്രീയ നേതാക്കൾ ആരെങ്കിലും ഇത്തരം പരാമർശം നടത്തിയാൽ, അവർ ലജ്ജിക്കണം. അവർക്ക് നമ്മുടെ രാജ്യത്ത് തുടരാനുള്ള യാതൊരു അർഹതയുമില്ല. ക്രിക്കറ്റ് നമ്മുടെ മതം തന്നെയാണ്. ന്യൂസിലൻഡിനും ആസ്ട്രേലിയക്കും എതിരായ പരമ്പരകൾ നമുക്ക് നഷ്ടമായി. അന്ന് രോഹിത്തിനെയും കോഹ്ലിയെയും കുറിച്ച് ഒട്ടേറെ ചർച്ചകൾ നടന്നു. നമ്മൾ അന്ന് അവർക്കൊപ്പം നിന്നു, എനിക്ക് ഏറെ നിരാശ തോന്നി’ -യോഗ്‌രാജ് പറഞ്ഞു.
‘അനാവശ്യ ചർച്ചകൾ പാകിസ്താനിലാണ് പൊതുവെ കണ്ടുവരാറുള്ളത്. ചാമ്പ്യൻസ് ട്രോഫി തോൽവിയുടെ പശ്ചാത്തലത്തിൽ വസീം അക്രം പാകിസ്താൻ താരങ്ങളുടെ ഭക്ഷണ രീതിയെ കുറിച്ച് നടത്തിയ വിമർശനം ചൂണ്ടിക്കാട്ടിയായിരുന്നു യോഗ്‌രാജിന്റെ നിരീക്ഷണം. ഇത്തരം കാര്യങ്ങൾ പാകിസ്താനിൽ നടക്കും. ഇത്രയും പഴം ആരാണ് കഴിക്കുകയെന്നാണ് അവരുടെ ഒരു മുൻ താരം ചോദിച്ചത്. തീർച്ചയായും നടപടി സ്വീകരിക്കണം. ഇതൊന്നും അംഗീകരിച്ചുകൊടുക്കാനാകില്ല. ഞാനായിരുന്നു പ്രധാനമന്ത്രിയെങ്കിൽ, പെട്ടിയുമെടുത്ത് ഈ രാജ്യം വിടാൻ പറയുമായിരുന്നു’ -യോഗ്‍രാജ് കൂട്ടിച്ചേർത്തു.
ഷമയുടെ പരാമർശം ആയുധമാക്കി ബി.ജെ.പി രംഗത്തുവന്നിരുന്നു. പിന്നാലെ അത് പാർട്ടി നിലപാടല്ലെന്നും കായിക മേഖലയിലെ ഇതിഹാസങ്ങൾ നൽകുന്ന സംഭാവനകളെ അങ്ങേയറ്റം ബഹുമാനത്തോടും ആദരവോടും കൂടിയാണ് കോൺഗ്രസ് കാണുന്നതെന്നും പാർട്ടി നേതാവ് പവൻ ഖേര പറഞ്ഞു. ഐ.സി.സി ടൂർണമെന്‍റ് നടക്കുന്നതിനിടയിൽ ഇത്തരത്തിലുള്ള പ്രസ്താവനകൾ ടീമിന്‍റെയും കളിക്കാരന്‍റെയും മനോവീര്യം തകർക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.