പറയാൻ വാക്കുകളില്ല...; ഇരട്ട സെഞ്ച്വറി നേട്ടത്തിനു പിന്നാലെ വികാരഭരിതനായി ജയ്സ്വാൾ

വിശാഖപട്ടണം: സ്വന്തം മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യൻ താരമാണ് യശസ്വി ജയ്സ്വാൾ. 191 റൺസിൽ നിൽക്കെ, അരങ്ങേറ്റക്കാരൻ ശുഐബ് ബഷീറിന്‍റെ പന്തിൽ ഒരു സിക്സും ഫോറും അടിച്ചാണ് 22കാരൻ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയത്.

യുവതാരത്തെ അഭിനന്ദിച്ച് മുൻ താരങ്ങളടക്കം രംഗത്തുവന്നിരുന്നു. ഗംഭീരമായ പ്രയത്നമെന്നായിരുന്നു സാക്ഷാൽ സചിൻ തെണ്ടുൽകർ സമൂഹ മാധ്യമമായ ‘എക്സി’ൽ കുറിച്ചത്. ലോക കായികരംഗത്തെ മഹത്തായ കഥകളിലൊന്നാണ് ജെയ്സ്വാളെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ എഴുതി. അത്യുജ്വലമായ സെഞ്ച്വറിയെന്നായിരുന്നു ജയ്സ്വാളിന്റെ നാട്ടുകാരനായ ആർ.പി. സിങ്ങിന്റെ പ്രതികരണം.

യശസ്വി എന്ന പേരിന് തന്നെ മഹത്തായ അർഥങ്ങളുണ്ടെന്ന് മുൻ വനിത ടീം ക്യാപ്റ്റനും കമന്റേറ്ററുമായ അൻജും ചോപ്ര അഭിപ്രായപ്പെട്ടു. വമ്പൻ സംഭവത്തിന്റെ തുടക്കമാണെന്നാണ് മുൻ ഇന്ത്യൻ താരവും പശ്ചിമ ബംഗാളിലെ കായിക മന്ത്രിയുമായ മനോജ് തിവാരി പ്രതികരിച്ചത്. അതേസമയം, യുവതാരത്തെ അധികം ‘പൊക്കരുതെന്നാണ് ’ ഗൗതം ഗംഭീറിന്റെ അഭിപ്രായം.

മാധ്യമങ്ങൾ പൊലിപ്പിച്ചെഴുതി താരത്തിന് സമ്മർദമുണ്ടാക്കുന്നത് പതിവുണ്ടെന്നും യശസ്വിയുടെ കാര്യത്തിൽ അധിക സമ്മർദം നൽകരുതെന്നും ഗംഭീർ പറഞ്ഞു. അതേസമയം, തനിക്ക് പറയാൻ വാക്കുകൾ ലഭിക്കുന്നില്ലെന്നാണ് താരം മത്സരശേഷം ബി.സി.സി.ഐ ടിവിയോട് പ്രതികരിച്ചത്. ‘ഓരോ പന്തും ഞാൻ ആസ്വദിച്ചു. സത്യസന്ധമായി പറഞ്ഞാൽ, ഈ സന്തോഷം വിശദീകരിക്കാൻ വാക്കുകൾ ലഭിക്കുന്നില്ല, പക്ഷേ ഞാൻ നന്നായി ആസ്വദിച്ചു, സന്തോഷം തോന്നുന്നു’ -ജയ്സ്വാൾ പറഞ്ഞു.

290 പന്തിൽ 209 റൺസെടുത്ത താരം വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സന്‍റെ പന്തിലാണ് പുറത്തായത്. ജയ്സ്വാളിന്‍റെ തകർപ്പൻ ഇന്നിങ്സിന്‍റെ കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 396 റൺസെടുത്തത്. ടീമിലെ ഒരു ബാറ്ററുടെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്കോർ ശുഭ്മൻ ഗില്ലിന്‍റെ 34 റൺസാണ്.

Tags:    
News Summary - Yashasvi Jaiswal On His Emotions After Achieving Maiden Double Century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.