റാഞ്ചി: ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അത്യുഗ്രൻ ഫോമിലുള്ള യുവതാരം യശസ്വി ജയ്സ്വാൾ തന്‍റെ ചെറിയ ടെസ്റ്റ് കരിയറിൽ മറ്റൊരു റെക്കോഡ് കൂടി എഴുതിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന വിരാട് കോഹ്ലിയുടെ റെക്കോഡിനൊപ്പമെത്തി ജയ്സ്വാൾ. റാഞ്ചിയിൽ നടക്കുന്ന നാലാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിലാണ് താരം ഈ നേട്ടം കൈവരിച്ചത്. 44 പന്തിൽ 37 റൺസെടുത്താണ് താരം പുറത്തായത്. ഇതോടെ ഈ പരമ്പരയിൽ താരത്തിന്‍റെ പേരിൽ 655 റൺസായി. 2016ൽ ഇംഗ്ലണ്ടിനെതിരെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ കോഹ്ലി 655 റൺസ് നേടിയിരുന്നു.
ഒന്നാം ഇന്നിങ്സിൽ 73 റൺസെടുത്ത ജയ്സ്വാൾ മുൻ നായകനും നിലവിലെ പരിശീലകനുമായ രാഹുൽ ദ്രാവിഡിനെ മറികടന്നിരുന്നു. 2002ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ദ്രാവിഡ് 602 റൺസ് നേടിയിരുന്നു. നാലാംദിനം ആദ്യ സെഷനിൽ ജോ റൂട്ടിന്‍റെ പന്തിൽ ജെയിംസ് ആൻഡേഴ്സണ് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. ഈ പരമ്പരയിൽ തന്നെ കോഹ്ലിയെ യശസ്വിക്ക് മറികടക്കാനാകും.
പരമ്പരയിൽ ഒരു ടെസ്റ്റ് കൂടി ബാക്കിയുണ്ട്. നിരവധി റെക്കോഡുകളാണ് ഈ പരമ്പരയിൽ താരം സ്വന്തമാക്കിയത്. ഒരു പരമ്പരയിൽ ഒന്നിലധികം ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ജയ്സ്വാൾ. ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പരയിൽ ഒന്നിലധികം ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററുമാണ്. മിനോദ് മങ്കാദ്, വിരാട് കോഹ്‍ലി എന്നിവരാണ് ഒരു പരമ്പരയിൽ ഒന്നിലധികം ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യക്കാർ. കൂടാതെ, ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സർ അടിക്കുന്ന താരമെന്ന പാകിസ്താൻ മുൻ നായകൻ വസീം അക്രമിന്റെ റെക്കോഡിനൊപ്പമെത്താനും താരത്തിനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.