മസ്കത്ത്: കുട്ടിക്രിക്കറ്റിന്‍റെ ലോക പോരാട്ട ഭൂമിയിലെ ആദ്യ മത്സരത്തിന് ഒമാൻ തിങ്കളാഴ്ച ഇറങ്ങും. വെസ്റ്റ് ഇൻഡീസിലെ കെൻസിങ്ടൺ ഓവൽ ബാർബഡോസ് സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ നമീബിയയാണ് എതിരാളി. ഒമാൻ സമയം പുലർച്ചെ 4.30ന് ആണ് മത്സരം. ട്വന്‍റി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞത് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ആദ്യ കളിയിൽ പാപ്വ ന്യൂഗിനിയയെ മൂന്ന് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. അഫ്ഗാനിസ്താനെതിരെയുള്ള രണ്ടാം സന്നാഹ മത്സരം മഴമൂലം ഉപക്ഷേിച്ചെങ്കിലും ബാറ്റർമാർ മികച്ച ഫോമിലായിരുന്നു. തിങ്കളാഴ്ചത്തെ മത്സരത്തിൽ എതിരാളികൾ ശക്തരാണെങ്കിലും മികച്ച പ്രകടനം നടത്തി വിജയത്തോടെ തുടങ്ങാനായിരിക്കും ഒമാൻ ശ്രമിക്കുക.
ട്വന്റി20 ലോകകപ്പിലേക്ക് മൂന്നാം പ്രാവശ്യമാണ് സുൽത്താനേറ്റ് അങ്കം കുറിക്കാനെത്തുന്നത്. മുമ്പ് 2016ലും 2021ലും ലോകകപ്പ് യോഗ്യത നേടിയിരുന്നു. ഇംഗ്ലണ്ട്, ആസ്‌ട്രേലിയ, നമീബിയ, സ്കോട്ട്‌ലൻഡ് എന്നിവരോടപ്പം ഗ്രൂപ്പ് ബിയിലാണ് ഒമാൻ. തങ്ങളുടെതായ ദിനത്തിൽ ആരെയും അട്ടിമറിക്കാൻ കെൽപ്പുള്ള ഒരുപിടി താരങ്ങളുണ്ടെന്നാണ് പ്രധാന കരുത്ത്. ഓൾറൗണ്ടർ അഖിബ് ഇല്യാസാണ് ടീമിന്‍റെ ക്യാപ്റ്റൻ. ദീർഘകാലം ടീമിനെ നയിച്ചിരുന്ന സീഷാൻ മഖ്സൂദിനെ മാറ്റിയാണ് ലോകകപ്പ് ടീമിനെ ഒമാൻ ക്രിക്കറ്റ് അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്. 2021 ലോകകപ്പ് കളിച്ച ഒമ്പത് താരങ്ങൾ ഇത്തവണയും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. സ്‌പെഷ്യലിസ്റ്റ് ബാറ്റർമാരായ കശ്യപ് പ്രജാപതി, ഖാലിദ് കെയിൽ, വിക്കറ്റ് കീപ്പർ പ്രതീക് അത്താവലെ, സ്പിന്നർ ഷക്കീൽ അഹമ്മദ്, ഓൾറൗണ്ടർമാരായ ഷൊയ്ബ് ഖാൻ, റഫിയുള്ള എന്നിവരാണ് ലോകകപ്പിൽ ആദ്യമായിട്ട് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.
മുഹമ്മദ് നദീം, അയാൻ ഖാൻ, റഫിയുല്ല, മെഹ്‌റാൻ ഖാൻ, ഷോയിബ് ഖാൻ എന്നിവർക്കൊപ്പം ക്യാപ്റ്റൻ ഇല്യാസും മഖ്‌സൂദും ഓൾറൗണ്ടർമാരാണ്. പേസ് ആക്രമണത്തിന് ബിലാൽ ഖാൻ, ഫയാസ് ബട്ട്, കലീമുള്ള എന്നിവർ നേതൃത്വം നൽകും. ഷക്കീൽ അഹമ്മദാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നർ, ഇല്യാസും മക്‌സൂദും അയാനും പിന്തുണ നൽകും. വിക്കറ്റ് കീപ്പറുടെ റോളിൽ അത്താവലെയും നസീം ഖുഷിയുമാണ് ഇടം പിടിച്ചിട്ടുള്ളത്.
-ജൂൺ ആറ് Vs ആസ്‌ട്രേലിയ
-ജൂൺ ഒമ്പത് Vs സ്കോട്ട്ലാൻഡ്
-ജൂൺ 13 Vs ഇംഗ്ലണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.