മുംബൈ: വനിത പ്രീമിയർ ലീഗ് മുംബൈ ഇന്ത്യൻസ് ഫൈനലിൽ പ്രവേശിച്ചു. എലിമിനേറ്റർ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെ 47 റൺസിന് തോൽപ്പിച്ചാണ് അവർ കലാശപ്പോരിലേക്ക് മുന്നേറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ നാല് വിക്കറ്റിന് 213 റൺസടിച്ചു.
ഓപണർ ഹെയ്‍ലി മാത്യൂസിന്റെയും (50 പന്തിൽ 77) നാറ്റ് സിവർ ബ്രണ്ടിന്റെയും (41 പന്തിൽ 77) തകർപ്പൻ ബാറ്റിങ്ങും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ (12 പന്തിൽ 36) വെടിക്കെട്ടുമാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഓപണർ യാസ്തിക ഭാട്യ 14 പന്തിൽ 15 റൺസ് നേടിയപ്പോൾ മലയാളി താരം സജന സജീവൻ (1) പുറത്താവാതെ നിന്നു. ഗുജറാത്തിനായി ഡാനിയൽ ഗിബ്സൺ രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് ജയന്റ്സ് 19.2 ഓവറിൽ 166 റൺസിൽ എല്ലാവരും പുറത്തായി. 24 പന്തിൽ 34 റൺസെടുത്ത ഡാനിയൽ ഗിബ്സൺ, 20 പന്തിൽ 31 റൺസെടുത്ത ഫോബെ ലിച്ച്ഫീൽഡ്, 20 പന്തിൽ 30 റൺസെടുത്ത ഭാരതി ഫുൽമാലി, എട്ട് പന്തിൽ 17 റൺസെടുത്ത സിമ്രാൻ ശൈഖ്, 12 പന്തിൽ 16 റൺസെടുത്ത തനൂജ കൻവാർ എന്നിവരാണ് ഗുജറാത്ത് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
മുംബൈക്കായി ഹെയ്‍ലി മാത്യൂസ് മൂന്നും, അമേലിയ കെർ രണ്ടും ഷബ്നിം ഇസ്മായിൽ, നാറ്റ് സിവർ ബ്രണ്ട് എന്നിവർ ഒന്ന് വീതവും വിക്കറ്റ് വീഴ്ത്തി. ശനിയാഴ്ച രാത്രി എട്ടിന് നടക്കുന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസ് ഡൽഹി കാപിറ്റൽസിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.