ജസ്പ്രീത് ബുംറ
ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ ആന്റേഴ്സൻ ടെണ്ടുൽക്കർ ട്രോഫിയിലെ നിർണായകമായ ടെസ്റ്റിൽ കളിക്കുമോ എന്ന് കണ്ടറിയണം. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ മൂന്നു മൽസരങ്ങളിൽ മാത്രമേ ബുംറ കളിക്കൂ എന്നാണ് ബി.സി.സി.ഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ പ്രഖ്യാപിച്ചിരുന്നത്.
പരമ്പരയിലെ ഇതുവരെയുള്ള നാല് ടെസ്റ്റുകളിൽ മൂന്നെണ്ണം ബുംറ ഇതിനകം കളിച്ചിട്ടുമുണ്ട്. എന്നിരുന്നാലും, അഞ്ചാം മത്സരം പരമ്പരയെ നിർണായകമാക്കുന്ന ഒന്നായതിനാൽ, ലണ്ടനിലെ ഓവലിൽ നടക്കുന്ന മത്സരത്തിൽ ബുംറയെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ഒരു ആലോചനയുണ്ട് എന്നതും വാസ്തവം തന്നെ.
ബി.സി.സി.ഐ മെഡിക്കൽ ടീം ബുംറയോട് കായികക്ഷമതയുടെ കാര്യത്തിൽ അതീവജാഗ്രത പുലർത്തണമെന്നും അത് തന്റെ ദീർഘകാല കരിയറിനെ കരുതിയാണെന്നും അറിയിച്ചിട്ടുണ്ട്. അസാധാരണ ബൗളിങ് ആക്ഷനുള്ള ബുംറക്ക് ദീർഘകാലം ഇതേ രീതിയിൽ പന്തെറിയാൻ സാധിക്കില്ലെന്നാണ് ബൗളിങ്‍വിദഗ്ധരുടെ വിലയിരുത്തൽ.
നാലാം ടെസ്റ്റിൽ പരിക്കുമൂലം പുറത്തായ ആകാശ് ദീപ് ജസ്പ്രീത് ബുംറക്ക് പകരക്കാരനായി എത്തിയേക്കമെന്നും അഭ്യൂഹമുണ്ട്. എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ആകാശ് ദീപ് പത്ത് വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു.
ഇന്ത്യൻ ബാറ്റിങ് കോച്ച് സീതാംശു കോട്ടക്കിെൻറ വിലയിരുത്തലിൽ ബുംറ തന്റെ നാലാം മൽസരത്തിനും ഫിറ്റാണെന്നാണ്. കഴിഞ്ഞ കളിയിൽ ബുംറ ലോങ് സ്പെല്ലുകളിലടക്കം ഇന്നിങ്സിൽ ഉടനീളം പന്തെറിഞ്ഞിരുന്നു. പരിക്കിന്റേതായ ഒരു അനാരോഗ്യവും ബുംറക്ക് നിലവിലില്ലെന്നും ലോങ് സ്പെല്ലുകളുടെ ഇടക്ക് പരീക്ഷിക്കാൻ മറ്റു ബൗളർമാരായ അർഷ് ദീപും ആകാശ് ദീപും അടക്കം പേസർമാരെല്ലാം പൂർണ ആരോഗ്യവാൻമാരാണെന്നും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും അറിയിച്ചു. അവസാന ടെസ്റ്റ് ഇന്ത്യക്ക് നിർണായകമായതിനാൽ ടീം ക്യാപ്റ്റനും ഫിസിയോയും മുഖ്യപരിശീലകനും ചേർന്ന് തീരുമാനിക്കും ആരൊക്കെ കളിക്കും ആരൊക്കെ പുറത്തിരിക്കുമെന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.