രവീന്ദ്ര ജദേജ വിരലിൽ ചെയ്തത് എന്താകും?; വിഡിയോ ട്വീറ്റ് ചെയ്ത് മൈക്കൽ വോൺ; വിവാദം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിൽ ഇന്ത്യൻ സ്പിന്നർമാരായ രവീന്ദ്ര ജദേജയുടെയും ആർ. അശ്വിന്‍റെയും മാന്ത്രിക പ്രകടനമാണ് ആസ്ട്രേലിയയെ ചെറിയ സ്കോറിൽ കൂട്ടികെട്ടിയത്. ഒരിടവേളക്കുശേഷം ടീമിലേക്ക് തിരിച്ചെത്തിയ ജദേജ അഞ്ചു വിക്കറ്റുമായി കളം വാണു.

ഇതിനിടെയാണ് ജദേജ ബൗളിങ്ങിനിടെ വിരലിൽ എന്തോ പുരട്ടുകയോ, ഉരക്കുകയോ ചെയ്യുന്നതിന്‍റെ വിഡിയോ ആസ്ട്രേലിയൻ മാധ്യമമായ ‘ഫോക്സ് ക്രിക്കറ്റ്’ പുറത്തുവിടുന്നത്. മുഹമ്മദ് സിറാജിന്‍റെ കൈയിൽനിന്ന് എന്തോ വാങ്ങി ജദേജ സ്പിന്നിങ് വിരലിൽ പുരട്ടുന്നതാണ് വിഡിയോയിലുള്ളത്. പിന്നാലെ ജദേജക്കെതിരെ ചോദ്യമുയര്‍ത്തി ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ രംഗത്തെത്തുക കൂടി ചെയ്തതോടെ സംഭവം വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ഫോക്‌സ് ക്രിക്കറ്റിന്‍റെ ട്വീറ്റ് പങ്കുവെച്ചായിരുന്നു വോണിന്‍റെ ഒളിയമ്പ്.

‘ഇന്ത്യ-ആസ്ട്രേലിയ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിനിടെയുണ്ടായ സംശയാസ്‌പദമായ ഒരു സംഭവം ചര്‍ച്ചയാവുന്നു’ എന്നായിരുന്നു ഫോക്‌സ് ക്രിക്കറ്റിന്‍റെ ട്വീറ്റ്. ‘തന്‍റെ സ്‌പിന്നിങ് വിരലില്‍ ജദേജ എന്താണ് പുരട്ടുന്നത്? മുമ്പൊരിക്കലും ഇത് കണ്ടിട്ടില്ല’ എന്ന കുറിപ്പിനൊപ്പമാണ് ഫോക്‌സ് ക്രിക്കറ്റിന്‍റെ ട്വീറ്റ് വോൺ പങ്കുവെച്ചത്. ‘രസകരം’ എന്ന് വിഡിയോക്ക് താഴെ മുൻ ആസ്ട്രേലിയൻ നായകൻ ടിം പെയിൻ കമന്‍റ് ചെയ്തു.

ജദേജ എന്തായിരിക്കും പുരട്ടിയത് എന്നാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്. 22 ഓവറിൽ 47 റൺസ് വഴങ്ങിയ ജദേജ മത്സരത്തിൽ അഞ്ചു വിക്കറ്റും വീഴ്ത്തി. രണ്ടു വിക്കറ്റിന് 84 റൺസ് എന്ന മാന്യമായ ടോട്ടലിൽ നിൽക്കെയാണ് 36ാം ഓവർ എറിയാനെത്തിയ ജദേജ മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്.

ഓസീസിന്‍റെ ബാറ്റിങ് വന്‍മതിലുകളായ മാര്‍നസ് ലബുഷെയ്‌നെയും സ്റ്റീവ് സ്‌മിത്തിനേയും കൂടാതെ മാറ്റ് റെന്‍ഷാ, പീറ്റന്‍ ഹാന്‍ഡ്‌സ്കോമ്പ്, ടോഡ് മര്‍ഫി എന്നിവരെയും താരം പുറത്താക്കിയിരുന്നു. മറുപടി ബാറ്റിങ്ങിൽ നായകൻ രോഹിത് ശർമ അർധ സെഞ്ച്വറി നേടിയതോടെ ഒന്നാംദിനം മത്സരം ഇന്ത്യയുടെ വരുതിയിലാക്കാനായി.

Tags:    
News Summary - What Is Ravindra Jadeja Putting On...': Michael Vaughan Tweets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.