തോ​ൽ​വി​യി​ൽ നി​രാ​ശ​നാ​യി ഗ്രൗ​ണ്ടി​ൽ മു​ഖം പൊ​ത്തു​ന്ന മും​ബൈ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ

എന്തൊരു തോൽവിയാണ് മുംബൈ..! ചാമ്പ്യൻമാർക്ക് ശരിക്കും പിഴച്ചത് എവിടെയാണ്...?

മുംബൈ: അഞ്ചുവട്ടം ചാമ്പ്യൻ. ഒരുതവണ റണ്ണേഴ്സപ്പ്. 2013 ൽ ആദ്യ കിരീട നേട്ടത്തിനു ശേഷം ഒന്നിടവിട്ട വർഷങ്ങളിൽ ചാമ്പ്യൻ. 2019ലും '20ലും തുടർച്ചയായി ചാമ്പ്യന്മാർ. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ പ്രകടനമാണിത്.

എല്ലായ്പോഴും തോറ്റുതുടങ്ങി ഒടുവിലെത്തുമ്പോൾ ചാമ്പ്യന്മാർക്കൊത്തവണ്ണം പൊരുതിത്തിളങ്ങിയ ടീം... പക്ഷേ, അതൊക്കെ വെറും കഥകളായി മാറിയിരിക്കുന്നു. ഏറ്റവും കൂടുതൽ തവണ ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ട ടീം ഇക്കുറി ടൂർണമെന്റ് പാതിവഴിയിലെത്തിയപ്പോൾ തന്നെ പുറത്തായിക്കഴിഞ്ഞു. അതും തുടർച്ചയായി എട്ടു തോൽവികൾ ഏറ്റുവാങ്ങി ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ഒരു ടീമിനും ഏറ്റുവാങ്ങേണ്ടിവന്നിട്ടില്ലാത്ത നാണക്കേടുമായി.

'നിരവധി ഇതിഹാസ കായികതാരങ്ങൾക്ക് ഇത്തരം അവസ്ഥകളെ നേരിടേണ്ടിവന്നിട്ടുണ്ട്. ഞങ്ങളുടെ മികച്ച പ്രകടനം ഇനിയും പുറത്തെടുക്കാനായിട്ടില്ല. പക്ഷേ, അതിനു മുമ്പ് അത് സംഭവിച്ചിരിക്കുന്നു...' ഏറ്റവും നിരാശഭരിതമായ വാക്കുകളിലൂടെയായിരുന്നു അഞ്ചുവട്ടം കിരീടത്തിലേക്ക് മുംബൈയെ എത്തിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ വാക്കുകൾ. റെക്കോഡ് വിജയം നേടിയ ചാമ്പ്യന്മാർക്ക് എന്തുപറ്റി എന്ന് കായികലോകം ഒന്നടങ്കം ഇപ്പോൾ ചോദിക്കുന്നു.

പിഴയടച്ചു തുടങ്ങിയ ലേലം

മുംബൈക്ക് ആദ്യ തോൽവി പിണഞ്ഞത് മെഗാ താരലേലത്തിലായിരുന്നു. മുൻകാലങ്ങളിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിലും തിളങ്ങിയ താരങ്ങളെ തിരഞ്ഞെടുത്ത് ഏറ്റവും സന്തുലിതമായ ടീമിനെയായിരുന്നു മുംബൈ ഒരുക്കിയിരുന്നത്. എന്നാൽ, ഇക്കുറി ലേലത്തിൽ മികച്ച താരങ്ങളെയെല്ലാം മറ്റു ടീമുകൾ സ്വന്തമാക്കിയപ്പോൾ മുംബൈയുടെ ടേബിളിൽ നിന്ന് ബാഡ്ജുയർന്നതേയില്ല.

അതേസമയം, ഈ സീസണിലെ ഏറ്റവും ഉയർന്ന തുകക്ക് (15 കോടി) ഇശാൻ കിഷനെ സ്വന്തമാക്കാനാണ് ടീം മാനേജ്മെന്റ് താൽപര്യം കാണിച്ചത്. ബാറ്റിങ്ങിൽ മുംബൈയുടെ കരുത്തായിരുന്ന ക്വിൻറൺ ഡികോക്കിനെ പുതിയ ടീമായ ലഖ്നോ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയെ ഗുജറാത്ത് റാഞ്ചി. ബൗളിങ്ങിലെ കുന്തമുനയായ ട്രെന്റ് ബോൾട്ടിനെ രാജസ്ഥാൻ കൊണ്ടുപോയി. ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയെ ലഖ്നോ പാളയത്തിലെത്തിച്ചു.

ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിനിൽക്കുന്ന ഒരുപിടി യുവതാരങ്ങളെ കണ്ടെത്തി ടീമിലെത്തിക്കുന്നതിനു പകരം പഴയ പടക്കുതിരകൾ വിജയം കൊണ്ടുവരുമെന്ന് വിചാരിച്ചിടത്താണ് ടീം മാനേജ്മെന്റ് പരാജയപ്പെട്ടത്.

കളിയിലും കാര്യമില്ലാതായി

ഒട്ടും സന്തുലിതമല്ലാത്ത ടീമിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും പഴയ താരങ്ങളെ അമിതമായി ആശ്രയിക്കേണ്ടിവന്നതാണ് മുംബൈക്ക് തിരിച്ചടിയായത്. ക്യാപ്റ്റൻ രോഹിത് ശർമ തന്നെയാണ് അതിൽ മുഖ്യ ഉത്തരവാദി. സ്വതസിദ്ധമായ അലസതയോടെ ബാറ്റ് വീശി വിക്കറ്റ് കളഞ്ഞുകുളിക്കുന്ന ക്യാപ്റ്റൻ ഗാലറിയിലേക്കുള്ള മാർച്ചിൽ സഹകളിക്കാർക്ക് മികച്ച മാതൃകയായി.

15 കോടി എന്ന അമിതവിലയുടെ സമ്മർദം താങ്ങാനാവാതെ തപ്പിത്തടയുന്ന ഇശാൻ കിഷൻ കൂടുതൽ ബോളുകൾ കളിച്ച് കുറഞ്ഞ റണ്ണുമായി പുറത്താകുന്നത് പതിവായി ആവർത്തിക്കപ്പെട്ടു. മധ്യനിരയിൽ സൂര്യകുമാർ യാദവ് മാത്രമാണ് അൽപമെങ്കിലും ഭേദപ്പെട്ടു കളിക്കുന്നത്. ജൂനിയർ ഡിവില്ലിയേഴ്സ് എന്ന വിശേഷണവുമായി വന്ന ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസ് എന്ന കൗമാര താരം ഒരു കളിയിൽ ഉജ്ജ്വല ഫോമിലായതൊഴിച്ചാൽ നിലയുറപ്പിക്കും മുമ്പ് പുറത്താകുന്നത് മുംബൈക്ക് കനത്ത പ്രഹരമായി.

എക്കാലവും നായകന്റെ വിശ്വസ്തനായിരുന്ന കീറോൺ പൊള്ളാർഡാവട്ടെ പ്രായത്തിന്റെ അവശതകളിൽ വലയുന്നു. അതിനിടയിൽ അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചു കഴിഞ്ഞു.

ബൗളിങ്ങിലാണ് മുംബൈ ഏറ്റവും പിന്നിലായത്. ജസ്പ്രീത് ബുംറയെ തന്നെ കൂടുതൽ ആശ്രയിക്കേണ്ടിവരുന്ന ഗതികേടിലായി ടീം. ബുംറയാകട്ടെ മുൻകാലങ്ങളിലെ പോലെ വിക്കറ്റ് വീഴ്ത്തുന്നുമില്ല. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ആസ്ട്രേലിയൻ ഓൾറൗണ്ടർ ഡാനിയൽ സാംസിന് പൊതിരെ തല്ലുകിട്ടുന്നുമുണ്ട്.

മറ്റ് ടീമുകൾ ലേലത്തിനെടുക്കാൻ മടിച്ച ജയദേവ് ഉനദ്കട്ടാണ് മുംബൈയുടെ പ്രധാന ബൗളർമാരിൽ ഒരാൾ എന്നതുതന്നെ ടീമിന്റെ പരാജയം തെളിച്ചുകാട്ടുന്നു. ഇതുവരെ കളിച്ച എട്ടുകളികളിലും തോറ്റുകഴിഞ്ഞു. അതിൽ രണ്ടുവട്ടം തോൽവി വഴങ്ങിയത് ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ. ഇനി ഗുജറാത്തിനും സൺറൈസേഴ്സ് ഹൈദരാബാദിനും എതിരെ കൂടി തോറ്റാൽ പരാജയം സമ്പൂർണമാകും.

Tags:    
News Summary - What a defeat Mumbai ..! Where is the real mistake ...?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.