ഷമിയുടെ മാതാവിന്‍റെ കാൽതൊട്ട് വണങ്ങി കോഹ്ലി; ആരാധകരുടെ ഹൃദയം കവർന്ന് സൂപ്പർതാരം; വിഡിയോ വൈറൽ

ദുബൈ: ചാമ്പ്യൻസ് ട്രോഫിയിലെ കിരീട നേട്ടത്തിനു പിന്നാലെ ദുബൈ ഇന്‍റർനാഷനൽ സ്റ്റേഡിയത്തിൽ സൂപ്പർതാരം വിരാട് കോഹ്ലി നടത്തിയ സന്തോഷപ്രകടനം ആരാധകരുടെ മനസ്സ് കീഴടക്കിയിരുന്നു. ഫൈനലിൽ നാലുവിക്കറ്റിനാണ് രോഹിത് ശര്‍മയും സംഘവും ന്യൂസിലൻഡിനെ വീഴ്ത്തി കിരീടം നേടിയത്. ഇന്ത്യയുടെ മൂന്നാം ചാമ്പ്യൻസ് ട്രോഫി വിജയമാണിത്.

ഇതിനിടെയാണ് മത്സരശേഷം ഗ്രൗണ്ടില്‍നിന്നുള്ള കോഹ്ലിയുടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. കോഹ്ലി പേസർ മുഹമ്മദ് ഷമിയുടെ മാതാവിന്‍റെ കാൽതൊട്ട് വണങ്ങുന്നതാണ് വിഡിയോ. ഷമിയുടെ മാതാവ് സ്നേഹപൂര്‍വം കോഹ്ലിയുടെ തോളില്‍ തട്ടി അനുഗ്രിക്കുന്നതും കാണാം. തുടര്‍ന്ന് ഷമിക്കും മാതാവിനുമൊപ്പം കോഹ്ലി ഫോട്ടോയെടുത്താണ് പിരിഞ്ഞത്. നിമിഷങ്ങൾക്കകമാണ് ഇതിന്‍റെ ചിത്രങ്ങളും വിഡിയോയും ആരാധകരുടെ ഹൃദയം കീഴടക്കിയത്.

നിരവധി പേരാണ് കോഹ്ലിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്കിടയിലെ സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും മനോഹരമായ കാഴ്ചയാണിതെന്ന് പലരും കമന്‍റ് ചെയ്തു. നിരവധി പേരാണ് ഇതിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. നേരത്തെ, ചാപ്യൻസ് ട്രോഫി നേടിയതിൽ ഏറെ സന്തോഷമുണ്ടെന്നും ആസ്ട്രേലിയയിൽ പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ തിരിച്ചുവരവായിരുന്നു ലക്ഷ്യമെന്നും കോഹ്ലി പ്രതികരിച്ചിരുന്നു.

ന്യൂസിൻഡിനെ പുകഴ്ത്തിയ കോഹ്ലി, സുഹൃത്തായ കെയ്ൻ വില്യംസൻ പരാജയപ്പെട്ട ടീമിന്റെ ഭാഗമായി നിൽക്കുന്നതിൽ വിഷമമുണ്ടെന്നും മുമ്പ് അദ്ദേഹം ജയിച്ച ടീമിന്റെ ഭാഗമായിരുന്നപ്പോൾ താൻ തോറ്റ ടീമിലായിരുന്നുവെന്നും വ്യക്തമാക്കി. ദുബൈയിൽ നടന്ന കലാശപ്പോരിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു പന്തും നാലു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ ലക്ഷ്യത്തിലെത്തിയത്.

ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ച്വറിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 83 പന്തിൽ ഏഴു ഫോറും മൂന്നു സിക്സുമടക്കം 76 റൺസെടുത്താണ് താരം പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം രോഹിത് പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടും ഇന്ത്യൻ വിജയം അനായാസമാക്കിയത്.

Tags:    
News Summary - Virat Kohli Touches Mohammed Shami's Mother's Feet After Champions Trophy Victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.