കോഹ്ലി പടനയിച്ചപ്പോൾ പിറന്നത് ചരിത്രം! രോഹിത്തിന്‍റെ റെക്കോഡ് ഇനി പഴങ്കഥ, ഐ.പി.എല്ലിൽ ആദ്യം...

ബംഗളൂരു: സൂപ്പർതാരം വിരാട് കോഹ്ലി മുന്നിൽനിന്ന് നയിച്ചപ്പോൾ, ഐ.പി.എൽ സീസണിലെ ആദ്യ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ കോഹ്ലി എവിടെയാണോ നിർത്തിയത്, അവിടെ നിന്നു തന്നെയാണ് തുടങ്ങിയതും. 38 പന്തിൽ 69 റൺസെടുത്ത് കോഹ്ലി പുറത്താകാതെ നിന്നപ്പോൾ ബംഗളൂരുവിന് ആറു വിക്കറ്റിന്‍റെ അനായാസ ജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ്, നായകൻ ഇഷാൻ കിഷന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തിൽ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 15.4 ഓവറിൽ ബംഗളൂരു ലക്ഷ്യത്തിലെത്തി. ഐ.പി.എൽ ചരിത്രത്തിൽ 200നു മുകളിൽ വിജയലക്ഷ്യം അതിവേഗം കീഴടക്കുന്ന ടീം എന്ന റെക്കോഡ് മത്സരത്തിൽ ബംഗളൂരു സ്വന്തമാക്കിയപ്പോൾ, തകർപ്പൻ ഇന്നിങ്സിലൂടെ കോഹ്ലിയും ചരിത്രം കുറിച്ചു. ഐ.പി.എൽ ചരിത്രത്തിൽ റൺ ചേസിൽ താരം 4000 റൺസ് പൂർത്തിയാക്കി. 132 ഇന്നിങ്സുകളിൽനിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്.

ഒരു മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനായ കളിക്കാനിറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ മുൻ ആസ്ട്രേലിയൻ താരം ഡേവിഡ് വാർണറാണ് രണ്ടാമത്. 97 ഇന്നിങ്സുകളിൽനിന്ന് 3285 റൺസ്. കൂടാതെ, ഐ.പി.എല്ലിൽ സെക്കൻഡ് ഇന്നിങ്സിൽ ഒരു ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ റെക്കോഡും കോഹ്ലി മറികടന്നു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രണ്ടാം ഇന്നിങ്സിൽ കോഹ്ലി ഇതുവരെ 1288 റൺസാണ് നേടിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ രോഹിത് രണ്ടാം ഇന്നിങ്സിൽ ഇതുവരെ നേടിയത് 1265 റൺസും. ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസും സെഞ്ച്വറിയും അർധ സെഞ്ച്വറിയും കോഹ്ലിയുടെ പേരിൽ തന്നെയാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് താളം വീണ്ടെടുക്കുകയായിരുന്നു. 38 പന്തിൽ 80 റൺസടിച്ച ഇൻചാർജ് ക്യാപ്റ്റൻ ഇഷാൻ കിഷന്‍റെയും 18 പന്തിൽ 43 റൺസ് നേടിയ അനികേത് വർമയുടെയും കരുത്തിലാണ് ഹൈദരാബാദ് 200 കടന്നത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു 15.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസം മറികടന്നു. 26 പന്തിൽ 61 റൺസെടുത്ത ദേവ്ദത്ത് പടിക്കൽ കോഹ്‍ലിക്ക് മികച്ച പിന്തുണ നൽകി.

Tags:    
News Summary - Virat Kohli Creates History, Breaks Rohit Sharma's Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.