ഒരു കേരള ദുരന്തം! രാജസ്ഥാനോട് തോറ്റത് 200 റൺസിന്; സെമി കാണാതെ പുറത്ത്

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിന് വമ്പൻ തോൽവി. രാജസ്ഥാനോട് 200 റൺസിന് തോറ്റ കേരളം സെമി കാണാതെ പുറത്തായി. 268 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം, രാജസ്ഥാൻ ബൗളിങ്ങിനു മുന്നിൽ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിയുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 267 റൺസെടുത്തു. കേരളത്തിന്‍റെ ബാറ്റിങ് 21 ഓവറിൽ 67 റൺസിൽ അവസാനിച്ചു. കേരള നിരയിൽ രണ്ടു പേർ മാത്രമാണ് രണ്ടക്കം കടന്നത്. 39 പന്തിൽ 28 റൺസെടുത്ത സചിൻ ബേബിയാണ് ടോപ് സ്കോറർ. രോഹൻ എസ്. കുന്നുമ്മൽ 11 റൺസെടുത്തു. എ.വി. ചൗധരിയുടെയും എ.എ. ഖാന്‍റെയും ബൗളിങ്ങാണ് കേരളത്തെ തരിപ്പണമാക്കിയത്.

ചൗധരി നാലു വിക്കറ്റ് ഖാൻ മൂന്നു വിക്കറ്റും വീഴ്ത്തി. കഴിഞ്ഞ മത്സരത്തിൽ കേരളത്തിനായി സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ ഓപ്പണർമാരായ കൃഷ്ണപ്രസാദും രോഹൻ എസ്. കുന്നുമ്മലും വേഗത്തിൽ മടങ്ങി. 16 പന്തിൽ ഏഴു റൺസെടുത്ത പ്രസാദ് ഖാന്‍റെ പന്തിൽ കരൺ ലാംബക്ക് ക്യാച്ച് നൽകി മടങ്ങിയപ്പോൾ, 21 പന്തിൽ 11 റൺസെടുത്ത രോഹൻ ചൗധരിയുടെ പന്തിൽ ക്ലീൻ ബൗൾഡ്. മൂന്നു റൺസുമായി അസ്ഹറുദ്ദീനും പുറത്ത്.

പരിക്കേറ്റതിനെ തുടർന്ന് വിഷ്ണു വിനോദ് തിരിച്ചുകയറി. സചിൻ ബേബി ക്രീസിൽ നിലയുറപ്പിച്ചെങ്കിലും പിന്നീട് വന്നവർക്കൊന്നും രാജസ്ഥാൻ ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ശ്രേയസ് ഗോപാൽ (പൂജ്യം), അബ്ദുൽ ബാസിത് (ഒന്ന്), വൈശാഖ് ചന്ദ്രൻ (പൂജ്യം), അഖിൽ സ്കരിയ (ഒന്ന്), ബേസിൽ തമ്പി (അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. റണ്ണൊന്നും എടുക്കാതെ അഖിൻ പുറത്താകാതെ നിന്നു.

രാജസ്ഥാനുവേണ്ടി അഹ്മദ് രണ്ടു വിക്കറ്റെടുത്തു. മഹിപാൽ ലൊംറോറിന്റെ അപരാജിത സെഞ്ച്വറിയാണ് രാജസ്ഥാന് മത്സരത്തിൽ ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 114 പന്തിൽ ആറു വീതം ഫോറും സിക്സുമായി പുറത്താകാതെ 122 റൺസെടുത്തു. ലൊംറോറും അഞ്ചാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടുയർത്താൻ ഒപ്പംനിന്ന കുനാൽ സിങ് രാത്തോഡും (66) ഒഴികെ മറ്റാർക്കും തിളങ്ങാൻ കഴിയാതെപോയ ഇന്നിങ്സിൽ ഇരുവരും കേരള ബൗളർമാർക്കുമേൽ നേടിയ മാനസിക മുൻതൂക്കമാണ് താരതേമ്യന മികച്ച ടോട്ടലിലേക്ക് രാജസ്ഥാനെ നയിച്ചത്.

നാലു വിക്കറ്റിന് 108 റൺസെന്ന നിലയിൽ പരുങ്ങിയ ഘട്ടത്തിൽ ക്രീസിൽ ഒത്തുചേർന്ന ഇരുവരും അഞ്ചാം വിക്കറ്റിൽ വിലപ്പെട്ട 116 റൺസ് ചേർത്തു. ഓപണർമാരായ അഭിജീത് തൊമാറിനെയും (15) ആർ.ബി. ചൗഹാനെയും (18) നിലയുറപ്പിക്കുംമുമ്പെ തിരിച്ചയച്ച് പുതുമുഖ ബൗളർ അഖിൻ സത്താറാണ് കേരളത്തിന് മികച്ച ബ്രേക്ത്രൂ നൽകിയത്. ക്യാപ്റ്റൻ ദീപക് ഹൂഡയെ (13) ശ്രേയസ് ഗോപാലും കരൺ ലാംബയെ (ഒമ്പത്) വൈശാഖ് ചന്ദ്രനും പുറത്താക്കിയതോടെ 28.3 ഓവറിൽ സ്കോർ നാലിന് 108. ഈ ഘട്ടത്തിൽ ഒത്തുചേർന്ന ലൊംറോർ-രാത്തോഡ് സഖ്യം ജാഗ്രതയോടെ നിലയുറപ്പിക്കുകയായിരുന്നു.

52 പന്തിൽ ഏഴു ഫോറും രണ്ടു സിക്സുമടക്കം 66 റൺസെടുത്ത രാത്തോഡ് സ്കോർ 224ലെത്തിയപ്പോൾ വീണു. അഖിന്റെ പന്തിൽ വിക്കറ്റിനുപിന്നിൽ മുഹമ്മദ് അസ്ഹറുദ്ദീന് ക്യാച്ച്. അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച ലൊംറോർ ഇന്നിങ്സിന് പ്രതീക്ഷിച്ചതിലും ഏറെ ദൈർഘ്യമേറ്റുകയായിരുന്നു. അവസാന രണ്ടോവറിൽ മാത്രം 28 റൺസാണ് രാജസ്ഥാൻ സ്കോർബോർഡിലെത്തിയത്.

അഖിൻ സത്താർ മൂന്നു വിക്കറ്റെടുത്തപ്പോൾ ബേസിൽ തമ്പി രണ്ടു വിക്കറ്റ് സ്വന്തമാക്കി. അഖിൽ സ്കറിയയും വൈശാഖ് ചന്ദ്രനും ശ്രേയസ് ഗോപാലും ഓരോ വിക്കറ്റ് വീഴ്ത്തി. സഞ്ജു സാംസൺ ഇന്ത്യൻ ടീമിനൊപ്പം ചേർന്നതിനാൽ രാഹുൽ എസ്. കുന്നുമ്മലാണ് കേരളത്തെ നയിച്ചത്. ജയത്തോടെ രാജസ്ഥാൻ സെമിയിൽ കടന്നു

Tags:    
News Summary - Vijay Hazare Trophy: Rajasthan beat Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.