രോഹനും (120) പ്രസാദിനും (144) സെഞ്ച്വറി; മഹാരാഷ്ട്രയെ അടിച്ചുപറത്തി കേരളം; റെക്കോഡ് സ്കോർ

മുംബൈ: വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ സ്വപ്നവുമായി കളത്തിലിറങ്ങിയ കേരളത്തിന് കരുത്തരായ മഹാരാഷ്ട്രക്കെതിരെ റെക്കോഡ് സ്കോർ. ഓപ്പണർമാരായ കൃഷ്ണ പ്രസാദിന്‍റെയും രോഹൻ എസ്. കുന്നുമ്മലിന്‍റെയും സെഞ്ച്വറി കരുത്തിൽ കേരളം 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 383 റൺസെടുത്തു. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണിത്.

കേരളത്തിനായി പതിയെ തുടങ്ങിയ ഓപ്പണർമാരായ രാഹുലും പ്രസാദും മഹാരാഷ്ട്ര ബൗളർമാരെ അടിച്ചുപറത്തുന്നതാണ് കണ്ടത്. 95 പന്തിൽ 120 റൺസെടുത്താണ് രോഹൻ പുറത്തായത്. ഒരു സിക്സും 18 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. പ്രസാദ് 137 പന്തിൽ 144 റൺസെടുത്തു. നാലു സിക്സും 13 ഫോറും നേടി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 34.1 ഓവറിൽ 218 റൺസാണ് അടിച്ചുകൂട്ടിയത്.

രോഹനെ പുറത്താക്കി അസിം കാസിയാണ് മഹാരാഷ്ട്രക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ സഞ്ജു സാംസണുമായി ചേർന്ന് പ്രസാദ് അതിവേഗം ടീമിന്‍റെ സ്കോർ ഉയർത്തി. സ്കോർ 292ൽ നിൽക്കെ രാമകൃഷ്ണ ഘോഷിന്‍റെ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡ്. 25 പന്തിൽ നാലു ഫോറടക്കം 29 റൺസെടുത്താണ് താരം പുറത്തായത്. ടീം 300 കടന്നതോടെ പ്രസാദും പുറത്തായി. പ്രദീപ് ദാന്തെയുടെ പന്തിൽ ക്യാച് നൽകിയാണ് താരം മടങ്ങിയത്.

പിന്നാലെ വമ്പനടികളുമായി വിഷ്ണു വിനോദും അബ്ദുൽ ബാസിത്തും കളംനിറഞ്ഞു. 23 പന്തിൽ 43 റൺസെടുത്ത് വിഷ്ണു പുറത്തായി. നാലു സിക്സും ഒരു ഫോറും താരം നേടി. 18 പന്തിൽ 35 റൺസുമായി ബാസിത്തും ഒരു റണ്ണുമായി സചിൻ ബേബിയും പുറത്താകാതെ നിന്നു.

ടോസ് നേടിയ മഹാരാഷ്ട്ര കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഹാരാഷ്ട്രക്കായി പ്രദീപ് ദാന്തെ, രാമകൃഷ്ണ ഘോഷ്, അസിം കാസി, മനോജ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ഏഴു മത്സരങ്ങളിൽ 20 പോയന്റുമായി തുല്യത പാലിച്ചതോടെയാണ് ക്വാർട്ടർ തേടി ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ജയിക്കുന്നവർ ക്വാർട്ടറിലേക്ക് പ്രവേശിക്കും. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിലാണ് മത്സരം.

വിജയികൾക്ക് ക്വാർട്ടറിൽ ഹരിയാനയാണ് എതിരാളികൾ. വിജയക്കുതിപ്പുമായി അനായാസം ക്വാർട്ടർ പ്രതീക്ഷിച്ചതിനൊടുവിൽ റെയിൽവേക്കു മുന്നിൽ 18 റൺസ് തോൽവി വഴങ്ങിയതോടെയായിരുന്നു സഞ്ജുവിനും സംഘത്തിനും നേരിട്ടുള്ള ക്വാർട്ടർ പ്രവേശനം മുടങ്ങിയത്.

Tags:    
News Summary - Vijay Hazare Trophy: Kerala got Record score against Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.