24 റൺസിനിടെ വിദർഭക്ക് മൂന്നു വിക്കറ്റുകൾ നഷ്ടം; രഞ്ജി ഫൈനലിൽ കേരളത്തിന് മിന്നുന്ന തുടക്കം

നാഗ്പുർ: രഞ്ജി ട്രോഫിയിൽ ചരിത്ര ഫൈനൽ കളിക്കുന്ന കേരളത്തിന് കരുത്തരായ വിദർഭക്കെതിരെ സ്വപ്നതുല്യമായ തുടക്കം. 24 റൺസെടുക്കുന്നതിനിടെ വിദർഭയുടെ മൂന്നു മുൻനിര വിക്കറ്റുകൾ വീണു. ഓപ്പണർമാരായ പാർഥ് രേഖാഡെ (0), ധ്രുവ് ഷോറെ (35 പന്തിൽ 16), സ്ഥാനക്കയറ്റം കിട്ടി വൺഡൗണായി എത്തിയ ദർശൻ നൽകാണ്ഡെ (21 പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായത്.

രേഖാഡെ, നൽകാണ്ഡെ എന്നിവരെ എം.ഡി. നിധീഷും ധ്രുവ് ഷോറെയെ യുവ പേസർ ഏദൻ ആപ്പിളുമാണ് പുറത്താക്കിയത്. നിലവിൽ 15 ഓവർ പൂർത്തിയാകുമ്പോൾ വിദർഭ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 31 റൺസെടുത്തിട്ടുണ്ട്. 29 പന്തിൽ ഏഴു റൺസുമായി ഡാനിഷ് മാലേവാറും എട്ടു പന്തിൽ അഞ്ചു റൺസുമായി മലയാളി താരം കരുൺ നായരുമാണ് ക്രീസിൽ. നേരത്തെ ടോസ് നേടിയ കേരള നായകൻ സചിൻ ബേബി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

നായകന്‍റെ തീരുമാനം തെറ്റിയില്ല, മത്സരത്തിലെ ആദ്യ ഓവറിലെ രണ്ടാം പന്തിൽത്തന്നെ എം.ഡി. നിധീഷ് വിദർഭയെ ഞെട്ടിച്ചു. ഓപ്പണർ പാർഥ് രേഖാഡെ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി. എൽബിക്കായുള്ള അപ്പീൽ അമ്പയർ നിരസിച്ചെങ്കിലും, ഡി.ആർ.എസിലൂടെയാണ് ഔട്ട് വിധിച്ചത്. വൺഡൗണായി ദർശൻ നൽകാണ്ഡെ ക്രീസിലെത്തി. പ്രതിരോധിച്ചു കളിക്കാനായിരുന്നു താരത്തിന്‍റെ നീക്കം. 20 പന്തുകൾ ദർശൻ വിജയകരമായി പ്രതിരോധിച്ചെങ്കിലും 21ാം പന്തിൽ നിധീഷിനു മുന്നിൽ വീണു.

21 പന്തിൽ ഒറ്റ റണ്ണുമായാണ് താരം പുറത്തായത്. എൻ.പി. ബേസിൽ ക്യാച്ചെടുത്താണ് പുറത്താക്കിയത്. നിധീഷിന്‍റെ ആദ്യത്തെ നാലു ഓവറും മെയ്ഡനായിരുന്നു. ഏദൻ ആപ്പിൾ എറിഞ്ഞ 13ാം ഓവറിലെ അഞ്ചാം പന്തിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഉജ്വല ക്യാച്ചിലാണ് ധ്രുവ് ഷോറെ പുറത്തായത്. 35 പന്തിൽ മൂന്നു ഫോറുകളോടെ 16 റൺസായിരുന്നു താരത്തിന്‍റെ സമ്പാദ്യം. വരുൺ നായനാർക്കു പകരമാണ് ഏദൻ പ്ലെയിങ് ഇലവനിലെത്തിയത്.

നാഗ്പുർ വി.സി.എ സ്റ്റേഡിയത്തിലാണ് മത്സരം. ഒരു മാറ്റവുമായാണ് കേരളം കളിക്കാനിറങ്ങുന്നത്. ബാറ്റർ വരുൺ നായനാരെ ഒഴിവാക്കി യുവ പേസർ ഏദൻ ആപ്പിൾ ടോമിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. സചിന്‍റെ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് കേരളത്തിന്‍റേത്. ബാറ്റിങ്ങിനെ തുണക്കുന്ന വിക്കറ്റാണെങ്കിലും ഈർപ്പവും പച്ചപ്പും ആദ്യ രണ്ടുദിനങ്ങളിൽ പേസർമാർക്ക് അനുകൂലമാകാമെന്നതിനാലാണ് ഒരു ബൗളറെ കൂടി കേരളം ടീമിലുൾപ്പെട‍ുത്തിയത്. മൂന്നാം ദിനം മുതൽ പിച്ച് സ്പിന്നർമാരെയും തുണക്കും.

ആദ്യ സെഷനിൽ തന്നെ വിദർഭയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ പേസ് ആക്രമണത്തിലൂടെ പ്രതിരോധത്തിലാക്കാനാണ് കേരളം ലക്ഷ്യമിടുന്നതു. ഏദൻ ഉൾപ്പെടെ ടീമിൽ മൂന്നു പേസർമാരാണുള്ളത്. വിദർഭ ടീമിലും ഒരു മാറ്റമുണ്ട്. അഥർവ ടെയ്ഡെക്ക് പകരം അക്ഷയ് കർനെവർ ടീമിലെത്തി. നോക്കൗട്ട് റൗണ്ടിൽ ജമ്മു-കശ്മീരിനെതിരെ ഒറ്റ റണ്ണിന്‍റെയും ഗുജറാത്തിനെതിരെ രണ്ടു റൺസിന്‍റെയും ഇന്നിങ്സ് ലീഡ് എന്ന നൂൽപ്പാലത്തിലൂടെയാണ് ഫൈനലിലേക്കുള്ള കേരളത്തിന്‍റെ വരവ്. ബാറ്റിങ്ങിൽ സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹൻ കുന്നുമ്മൽ, ക്യാപ്റ്റൻ സചിൻ ബേബി എന്നിവരിലാണ് കേരളത്തിന്‍റെ പ്രതീക്ഷ. അവസരത്തിനൊത്ത് ഉയരാനുള്ള ഓൾ റൗണ്ടർ ജലജ് സക്സേനയുടെ മികവും തുണയാകും.

സമീപകാലത്ത് തകർപ്പൻ ഫോമിലുള്ള വിഭർഭ, കഴിഞ്ഞ മാസം വിജയ് ഹസാരെ ട്രോഫിയിൽ ഫൈനലിസ്റ്റുകളായിരുന്നു. രഞ്ജി ട്രോഫിയിൽ 2017-18 സീസണിലും 2018-19 സീസണിലും കിരീടമുയർത്തിയ വിദർഭക്കിത് നാലാം രഞ്ജി ഫൈനലാണ്. 10 വർഷത്തിനിടെയാണ് ഈ നാലു ഫൈനലുമെന്നത് ടീമിന്‍റെ സ്ഥിരതയാർന്ന പ്രകടനത്തിന്‍റെ തെളിവുകൂടിയാണ്. നിലവിലെ ചാമ്പ്യൻമാരായ മുംബൈയെ അവരുടെ മണ്ണിൽ 80 റണ്ണിന് കീഴടക്കി മധുരപ്രതികാരം തീർത്താണ് തുടർച്ചയായ രണ്ടാം ഫൈനലിലേക്ക് വിദർഭയെത്തുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോടായിരുന്നു വിദർഭയുടെ തോൽവി. മുംബൈക്കെതിരായ ടീമിലെ 17 പേരെയും വിദർഭ നിലനിർത്തി.

കേരള നിരയിൽ സൽമാൻ നിസാർ എട്ടുകളിയിൽനിന്ന് 607 റൺസും അസ്ഹറുദ്ദീൻ ഒമ്പതു കളിയിൽനിന്ന് 601 റൺസും നേടിയിട്ടുണ്ട്. രോഹനും സച്ചിനും 400ൽ ഏറെ റൺസും നേടി. ബൗളിങ്ങിൽ എതിരാളികളെ കറക്കിവീഴ്ത്തുകയാണ് കേരളത്തിന്‍റെ രീതി. ടീമിലെ അതിഥിതാരങ്ങളായ ജലജ് സക്സേനയും മുൻ വിദർഭ ടീമംഗം കൂടിയായ ആദിത്യ സർവാതെയുമാണ് സ്പിൻനിര നയിക്കുന്നത്. ഇതിനകം ഒമ്പതു കളിയിൽനിന്ന് സക്സേന 38ഉം ആദിത്യ സർവാതെ 30 ഉം വിക്കറ്റ് പിഴുതു. മീഡിയം പേസറായ എം.ഡി നിതീഷിന് ഏഴു കളിയിൽനിന്നായി 23 വിക്കറ്റിന്‍റെ സമ്പാദ്യവുമുണ്ട്. ഇതിൽ 10 വിക്കറ്റും ജമ്മുവിനെതിരായ ക്വാർട്ടറിലായിരുന്നു.

Tags:    
News Summary - Vidarbha lost three wickets in 24 runs; A brilliant start for Kerala in the Ranji final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.