മുംബൈ: ബി.സി.സി.ഐ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭ 15 വയസുകാരൻ വൈഭവ് സൂര്യവംശിയുടെ മാതാപിതാക്കൾക്ക്, ടീമിന്റെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ ഒപ്പം യാത്ര ചെയ്യാൻ അനുമതി നൽകിയതായി റിപ്പോർട്ട്. 2026-ലെ ഐ.പി.എല്ലിൽ 776 റൺസ് നേടി ടോപ്പ് സ്കോററായതിന് പിന്നാലെയാണ് സൂര്യവംശിക്ക് ആദ്യമായി ദേശീയ ടീമിലേക്ക് വിളി വരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ സമ്മർദ്ദങ്ങളുമായും യാത്രകളുമായും പൊരുത്തപ്പെടാൻ കുടുംബത്തിന്റെ സാന്നിധ്യം അവനെ സഹായിക്കുമെന്നാണ് ബി.സി.സി.ഐ കരുതുന്നതെന്ന് സ്പോർട്സ് സ്റ്റാർ റിപ്പോർട്ട് ചെയ്തു.
"അവൻ ഒരു കുട്ടിയായതുകൊണ്ട്, അയർലൻഡിലേക്കും ഇംഗ്ലണ്ടിലേക്കും ഒപ്പം പോകാൻ മാതാപിതാക്കൾക്ക് ഞങ്ങൾ അനുമതി നൽകിയിട്ടുണ്ട്. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അവർക്ക് അവനെ സഹായിക്കാനാകും. അവരുടെ എല്ലാ ചെലവുകളും ബോർഡ് തന്നെ വഹിക്കും," ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.
യുവതാരം നിലവിൽ ഇന്ത്യ എ ടീമിനൊപ്പം ത്രിരാഷ്ട്ര പരമ്പരയ്ക്കായി ശ്രീലങ്കയിലാണുള്ളത്. നേരത്തെ, അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിലേക്കും തെരഞ്ഞെടുത്തതോടെ കൗമാര താരമായ വൈഭവിൽ തനിക്ക് വലിയ പ്രതീക്ഷകളുണ്ടെന്ന് ബി.സി.സി.ഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ പറഞ്ഞിരുന്നു. ഐ.പി.എൽ 2026-ലെ തകർപ്പൻ പ്രകടനത്തിലൂടെ വൈഭവ് സ്വയം ടീമിലിടം ഉറപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാൻ റോയൽസിന് വേണ്ടി ഐ.പി.എല്ലിൽ മികച്ച പ്രകടനമാണ് സൂര്യവംശി പുറത്തെടുത്തത്. ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറികളും ഉൾപ്പെടെ 776 റൺസോടെ ടൂർണമെന്റിലെ റൺവേട്ടക്കാരിൽ വൈഭവ് ഒന്നാമതെത്തി. കൂടാതെ ടൂർണമെന്റിലെ 'മോസ്റ്റ് വാല്യൂബിൾ പ്ലെയർ' , 'എമേർജിംഗ് പ്ലെയർ' പുരസ്കാരങ്ങളും വൈഭവ് സ്വന്തമാക്കിയിരുന്നു.
"എന്താണ് പറയേണ്ടത്, അവന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നമ്മൾ കണ്ടതാണ്. പ്ലേഓഫുകളിൽ പോലും അവൻ ഏതാണ്ട് ഒറ്റക്കാണ് രാജസ്ഥാൻ റോയൽസിനെ മുന്നോട്ട് നയിച്ചത്. അത്രയും ചെറിയൊരു പ്രായത്തിൽ അവൻ എത്ര നന്നായി ബാറ്റ് ചെയ്യുന്നുവെന്നോ കളിക്കുന്നുവെന്നോ ഞാൻ പ്രത്യേകം പറയേണ്ടതില്ല. ഈ സീസണിൽ മാത്രമല്ല, കഴിഞ്ഞ സീസണിലും അവൻ മികച്ച തുടക്കമാണ് കുറിച്ചത്. ഇത്രയും കടുത്ത മത്സരവും സമ്മർദ്ദവുമുള്ള ഒരു ടൂർണമെന്റിൽ, ഇത്ര ചെറിയ പ്രായത്തിൽ ആ പ്രകടനം വീണ്ടും ആവർത്തിക്കുക എന്നത് ചെറിയ കാര്യമല്ല. കളി ഒറ്റക്ക് മാറ്റിമറിക്കാൻ ശേഷിയുള്ള വിനാശകാരിയായ ബാറ്ററാണ് അവൻ. അതുകൊണ്ട് തന്നെ, ഇന്ത്യയിലെ ടി20 ക്രിക്കറ്റ് കാണുന്ന മറ്റെല്ലാവരെയും പോലെ ഞങ്ങളും അവനിൽ വലിയ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നു. അവൻ സ്വന്തം പ്രകടനം കൊണ്ട് തന്നെ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു." ശനിയാഴ്ച ബി.സി.സി.ഐ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ അഗാർക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.