അണ്ടർ 23 വനിതാ ഏകദിന ചാമ്പ്യൻഷിപ്പ്: കേരളത്തിന് വിജയം

പുതുച്ചേരി: അണ്ടർ 23 വനിതാ ഏകദിന ചാമ്പ്യൻഷിപ്പിൽ ഹരിയാനയെ 24 റൺസിന് വീഴ്ത്തി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 49.4 ഓവറിൽ 209 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 185 റൺസിന് ഓൾ ഔട്ടായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപണർ മാളവിക സാബുവിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി.

എന്നാൽ ദിയാ ഗിരീഷും വൈഷ്ണ എം.പിയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തുണയായി. ദിയ ഗിരീഷ് 38 റൺസെടുത്ത് പുറത്തായെങ്കിലും മറുവശത്ത് ഉറച്ച് നിന്ന വൈഷ്ണയുടെ പ്രകടനമാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ നല്കിയത്.വൈഷ്ണ 58 റൺസ് നേടി. 43 റൺസെടുത്ത ക്യാപ്റ്റൻ നജ്‍ല സി.എം.സിയും കേരള ബാറ്റിങ് നിരയിൽ തിളങ്ങി. അനന്യ കെ പ്രദീപ് 23 റൺസെടുത്തു. നജ്‍ലയുടെ വിക്കറ്റിന് പിറകെ വാലറ്റം തകർന്നടിഞ്ഞതോടെ കേരളം 209 റൺസിന് പുറത്തായി.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ വന്ദന സെയ്നിയും കരീന ജംഗ്രയുമാണ് ഹരിയാന ബൗളിങ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും രണ്ട് ബാറ്റർമാർക്ക് മാത്രമാണ് മികച്ച ഇന്നിങ്സുകൾ കാഴ്ച വയ്ക്കാനായത്. 60 റൺസെടുത്ത ഓപണർ ദീയ യാദവും 43 റൺസെടുത്ത തനീഷ ഒഹ്‍ലാനും മാത്രമാണ് ഹരിയാന ബാറ്റിങ് നിരയിൽ തിളങ്ങിയത്. നാല് വിക്കറ്റുമായി ഹരിയാനയുടെ മധ്യനിരയെ തകർത്തെറിഞ്ഞ അലീന എം.പിയുടെ പ്രകടനമാണ് കേരളത്തിന് മുതൽക്കൂട്ടായത്. ഐശ്വര്യ രണ്ടും നജ്‍ല ഒരു വിക്കറ്റും വീഴ്ത്തി.

Tags:    
News Summary - Under-23 Women's One-Day Championship: Kerala wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.