മുംബൈ: ഏഷ്യ കപ്പിൽ ഇന്ത്യ പാകിസ്താനെതിരെ കളിക്കുന്നതിൽ കേന്ദ്ര സർക്കാറിനെയും ബി.സി.സി.ഐയെയും രൂക്ഷമായി വിമർശിച്ച് ശിവസേന ഉദ്ധവ് വിഭാഗം എം.പി പ്രിയങ്ക ചതുർവേദി. ബി.സി.സി.ഐക്കും കേന്ദ്ര സർക്കാറിനും ഇന്ത്യൻ സൈനികരുടെയും പൗരന്മാരുടെയും രക്തത്തേക്കാൾ വിലപ്പെട്ടത് സാമ്പത്തിക താൽപര്യങ്ങളാണെന്ന് അവർ കുറ്റപ്പെടുത്തി.
ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന്റെ വേദികൾ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രിയങ്കയുടെ വിമർശനം. യു.എ.എ വേദിയാകുന്ന ടൂർണമെന്‍റിൽ സെപ്റ്റംബര്‍ 14ന് ദുബൈയിലാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്.
ആറു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ നാലു ടീമുകൾ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും. ഇന്ത്യയും പാകിസ്താനും യോഗ്യത നേടിയാൽ സൂപ്പർ ഫോറിലും ഇരുവരും നേർക്കുനേർ വരും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും. അവിടെയും ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് സാധ്യതയുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് നിർത്തിവെക്കണമെന്ന ആവശ്യം ശക്തമാണ്.
നേരത്തെ, ലെജൻഡ്സ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ചാമ്പ്യൻസ് പാകിസ്താനുമായി കളിക്കാൻ വിസമ്മതിച്ചിരുന്നു. രക്തം പുരണ്ട പണം മാത്രമല്ല, അത് ശപിക്കപ്പെട്ട പണം കൂടിയാണെന്ന് ചതുർവേദി സമൂഹമാധ്യമത്തിലെ കുറിപ്പിൽ കുറ്റപ്പെടുത്തി. ‘നമ്മുടെ സഹ ഇന്ത്യക്കാരുടെയും സൈനികരുടെയും രക്തത്തേക്കാൾ വിലപ്പെട്ടത് പണമാണ്. ഓപ്പറേഷൻ സിന്ദൂറിലെ ഇരട്ടത്താപ്പിൽ കേന്ദ്ര സർക്കാറിനോട് ലജ്ജ തോന്നുന്നു. പ്രിയപ്പെട്ട ബി.സി.സി.ഐ, നിങ്ങൾ സമ്പാദിക്കാൻ ശ്രമിക്കുന്നത് രക്തം പുരണ്ട പണം മാത്രമല്ല, ശപിക്കപ്പെട്ട പണം കൂടിയാണ്’ -ചതുർവേദി എക്സിൽ കുറിച്ചു.
2023 ഏഷ്യാ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. 50 ഓവര്‍ ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. നേരത്തെ, ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ പാകിസ്താനെതിരെ കളിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയും രംഗത്തുവന്നിരുന്നു. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്നും ഇന്ത്യ-പാക് മത്സരം കാണാൻ തന്‍റെ മനസാക്ഷി അനുവദിക്കില്ലെന്നും ഉവൈസി പറഞ്ഞു.
ലോക്സഭയിൽ ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് ഉവൈസിയുടെ വിമർശനം. ‘ബൈസാരൻ താഴ്വരയിൽ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ഇന്ത്യ-പാകിസ്താൻ മത്സരം കാണണമെന്ന് പറയാൻ നിങ്ങളുടെ മനസാക്ഷി അനുവദിക്കുമോ? പാകിസ്താനിലേക്കുള്ള 80 ശതമാനം ജലവും നമ്മൾ തടഞ്ഞുവെച്ചു. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല. നിങ്ങൾ ക്രിക്കറ്റ് കളിക്കുമോ? ആ മത്സരം കാണാൻ എന്‍റെ മനസാക്ഷി അനുവദിക്കില്ല’ -ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.