ഈ കിരീടം എനിക്ക് സ്പെഷലാണ് -ആ​ശ ശോ​ഭ​ന

വനിത പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സിന്റെ കിരീട നേട്ടത്തിൽ മുഖ്യ പങ്കുവഹിച്ച ആശ ശോഭന ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖം

ബംഗളൂരു: ക്ലബ് എന്നനിലയിൽ ഒന്നര പതിറ്റാണ്ട് പിന്നിട്ട റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഷോകേസിലേക്ക് എത്തുന്ന ആദ്യ കിരീടമാണ് ഇത്തവണത്തെ വനിത പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്. ഐ.പി.എൽ സീസൺ ആരംഭിക്കാനിരിക്കെ ഈ കിരീടനേട്ടത്തിന്റെ ഊർജവുമായാണ് ആർ.സി.ബി ടീം പരിശീലനത്തിനിറങ്ങുന്നത്. കാത്തുകാത്തിരുന്നൊരു കിരീടനേട്ടം ആരാധകരും സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ്. ഡൽഹിയിൽനിന്ന് തിങ്കളാഴ്ച ടീം ബംഗളൂരുവിൽ തിരിച്ചെത്തി. ആർ.സി.ബിയുടെ പ്രയാണത്തിൽ മുഖ്യപങ്കുവഹിച്ച മലയാളി താരം ആശ ശോഭന ജോയ്, ക്ലബിലെയും ലീഗിലെയും തന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

ലോകോത്തര താരങ്ങളുമായി ആർ.സി.ബിയുടെ പുരുഷ ടീം പലവട്ടം ശ്രമിച്ചിട്ടും നടക്കാതെപോയ ക്ലബിനൊരു കിരീടമെന്ന സ്വപ്നത്തിലേക്കാണ് ആശ പന്തെറിഞ്ഞത്. എന്തു തോന്നുന്നു?

വളരെ സന്തോഷം! ഈ സീസണും കിരീടവും എനിക്ക് സ്പെഷലാണ്. 12 വിക്കറ്റ് നേടിയതുകൊണ്ടു മാത്രമല്ല, ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കപ്പ് ബംഗളൂരുവിലേക്കെത്തുന്നു എന്നതിലാണത്.

എന്തായിരുന്നു വിജയക്കൂട്ട്​?

ആർ.സി.ബി എനിക്ക് കുടുംബത്തെ പോലെയാണ്. ഇത് പെട്ടെന്നുണ്ടായ നേട്ടമല്ല. കഴിഞ്ഞ സീസൺ അവസാനിച്ചതു മുതൽ കൃത്യമായ പ്ലാനിങ്ങിൽ ഞങ്ങൾക്ക് ക്യാമ്പുകളുണ്ടായിരുന്നു. ഓഫ് സീസണിൽ പോലും ഞങ്ങൾ ബംഗളൂരുവിൽ പരിശീലിച്ചു. കഴിഞ്ഞ ആഗസ്റ്റ് മുതലുള്ള പരിശീലനമാണ് ഇപ്പോൾ കപ്പിൽ എത്തിനിൽക്കുന്നത്. നീണ്ട പ്രയത്നത്തിന്റെ ഫലമാണ് ഫൈനലിലെ നാലു മണിക്കൂർ ഗെയിമിൽ ഞങ്ങൾ നേടിയെടുത്തത്.

ഒറ്റ വിക്കറ്റിനാണ് ആശക്ക് പർപ്ൾ ക്യാപ് നഷ്ടമായത്. വിഷമം തോന്നിയോ?

പർപ്ൾ ക്യാപ് കിട്ടാത്തതിൽ വിഷമമില്ല. ഇതൊന്നും പ്രതീക്ഷിച്ചല്ല നമ്മൾ പന്തെറിയുന്നത്. ഒരു വർഷത്തോളം കഠിനമായി പരിശീലനം നടത്തിയിരുന്നു. വിവിധ ബോളിങ് വേരിയേഷൻസിൽ എല്ലാം പരിശീലിച്ചു. ഇത് ഫലം കണ്ടതിൽ സന്തോഷം. അന്താരാഷ്ട്ര താരങ്ങൾക്കെതിരെ പന്തെറിയാൻ അവസരം ലഭിക്കുകയും കുറച്ചു നല്ല വിക്കറ്റുകളെടുക്കാൻ കഴിയുകയും ചെയ്യുക എന്നത് സന്തോഷകരമാണ്. എന്റെ വിക്കറ്റ് നേട്ടത്തിലല്ല; കപ്പെടുത്തതിലാണ് എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം.

എലിമിനേറ്ററിൽ മുംബൈക്കെതിരെ അവസാന ഓവറിലെ പ്രകടനം സമ്മർദ ഘട്ടങ്ങളിൽ ആശയുടെ മനഃസാന്നിധ്യം വെളിവാക്കുന്നതായിരുന്നു. ലീഗിലെ മികച്ച ഓവറുകളിലൊന്നായിരുന്നില്ലേ അത്

എല്ലിസ് പെറി, സ്മൃതി മന്ദാന തുടങ്ങി ഒരുകൂട്ടം ഹൈ പ്രഫഷനലുകളുടെ കൂടെ കളിക്കാനായതാണ് വലിയ കാര്യം. സമ്മർദങ്ങളെ എങ്ങനെ ഡീൽ ചെയ്യണമെന്ന് അവർക്ക് കൃത്യമായറിയാം. ഞങ്ങളുടെ മേൽ ഒരു സമ്മർദവും വരാത്ത രീതിയിലാണ് അവർ അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കീപ് സ്മൈലിങ്, കീപ് ദ മൊമന്റം ഓൺ അത്രയൊക്കെയേ അവർ പറയാറുള്ളൂ.

ഇന്ത്യൻ ടീമിലേക്ക് വിളി പ്രതീക്ഷിക്കുന്നുണ്ടോ?

ചെറുപ്പത്തിൽ കുറെ പ്രതീക്ഷിച്ചതാണ്. ആ പ്രതീക്ഷ നിലനിർത്തണമോ വേണ്ടയോ എന്ന കൺഫ്യൂഷനിലാണിപ്പോൾ. 19ാം വയസ്സിലാണ് ഞാൻ ആദ്യമായി ഇന്ത്യൻ ക്യാമ്പിലെത്തുന്നത്. രണ്ടു തവണ ലോകകപ്പ് സാധ്യത ടീമിലും വെസ്റ്റ് ഇൻഡീസ് പര്യടന ക്യാമ്പിലുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ, ടീമിലേക്ക് എത്തിയില്ല. ഇപ്പോൾ 33 വയസ്സായി.

പെർഫോമൻസല്ലേ പ്രധാനം. ഇനിയും സാധ്യതയില്ലേ?

സാധ്യത ഇല്ലാതില്ല. ഒരുപാട് പ്രതീക്ഷിച്ചിട്ട് കിട്ടിയില്ലെങ്കിൽ പിന്നെ അതൊരു സങ്കടമായി ഉള്ളിൽ കിടക്കും. ടീമിലേക്ക് വിളി പ്രതീക്ഷിക്കുന്നില്ല. കിട്ടിയാൽ അതിൽപരം സന്തോഷം വേറെയില്ല.


ആശ ശോഭന

തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ആശ ശോഭന ജീവിത സാഹചര്യങ്ങളിൽ ഏറെ പ്രതിസന്ധികൾ മറികടന്നാണ് ക്രിക്കറ്റ് മൈതാനത്തേക്കെത്തിയത്. ഓട്ടോ ഡ്രൈവറായ ജോയിയുടെയും വീട്ടമ്മയായ ശോഭനയുടെയും മകളായ ആശയുടെ സഹോദരൻ അനൂപ് ദുബൈയിൽ ഒരു കമ്പനിയിൽ ജീവനക്കാരനാണ്. കഴിഞ്ഞ വർഷം വനിത ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന എഡിഷനിൽത്തന്നെ 10 ലക്ഷത്തിന് ആർ.സി.ബിയിലെത്തിയ ആശ വലംകൈ ഓഫ് ബ്രേക് ബൗളറും വലംകൈ ബാറ്ററുമാണ്. രണ്ടു സീസണിലും കളിച്ച ആശ ഇതു വരെ 15 മത്സരങ്ങളിൽ 17 വിക്കറ്റ് നേടി. ഇത്തവണ 10 മത്സരങ്ങളിൽ 12 വിക്കറ്റ്. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനും റെയിൽവേസിനുമായി മാറിമാറി കളിച്ച ആശ ഇത്തവണ പുതുച്ചേരിക്കായി ഗെസ്റ്റ് പ്ലയറായും കളത്തിലിറങ്ങിയിരുന്നു.

Tags:    
News Summary - This trophy is special for me - Asha Shobhana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.