തമിഴ് സിനിമയിൽ 600 രൂപക്ക് ജൂനിയർ ആർട്ടിസ്റ്റ്, ഇന്ന് ഐ.പി.എല്ലിൽ കൊൽക്കത്ത താരം, വില 12 കോടി

മുംബൈ: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ ലെഗ് സ്പിന്നർ വരുൺ ചക്രവർത്തിയുടെ വില 12 കോടി രൂപയാണ്. കഴിഞ്ഞദിവസം ഇന്ത്യയുടെ മുൻ ടെസ്റ്റ് താരം ആർ. അശ്വിൻ അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലിൽ നടത്തിയ അഭിമുഖത്തിൽ ജീവിതത്തിൽ ചെയ്ത വ്യത്യസ്ത തരം ജോലികളെ കുറിച്ച് വരുൺ തുറന്നുപറയുന്നുണ്ട്.

കർണാടകയിലെ ബീദറിൽ 1991ൽ ബി.എസ്.എൻ.എല്ലിലെ ഐ.ടി.എസ് ഓഫിസർ വിനോദ് ചക്രവർത്തിയുടെയും വീട്ടമ്മയായ മാലിനിയുടെയും മകനായാണ് വരുൺ ജനിക്കുന്നത്. പിതാവ് പാതി മലയാളിയും പാതി തമിഴനുമാണ്. ആർക്കിടെക്ച്ചർ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചാണ് വരുൺ മുഴുവൻ സമയം ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. തമിഴ്നാട് പ്രീമിയർ ലീഗ് 2018 സീസണിലൂടെയാണ് താരം ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകുന്നത്. അതേ വർഷം തന്നെ ഐ.പി.എല്ലിൽ പ്രീതി സിന്‍റയുടെ ഉടമസ്ഥതയിലുള്ള കിങ്സ് ഇലവൻ പഞ്ചാബ് താരത്തെ സ്വന്തമാക്കി. 2020 ഐ.പി.എൽ ലേലത്തിൽ താരം ബോളിവുഡ് താരം ഷാറൂഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തി.

ഐ.പി.എല്ലിൽ എട്ടു തവണയാണ് താരം മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്, ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ ഈ പുരസ്കാരം ഏറ്റവും കൂടുതൽ നേടിയ ബൗളറാണ് ഈ 33കാരൻ. കോളജ് പഠനകാലത്ത് ഒരു ആർക്കിടെക്ച്ചർ സ്ഥാപനത്തിൽ ജോലി ചെയ്ത വരുണിന് മാസം ശമ്പളമായി 18,000 രൂപയാണ് ലഭിച്ചിരുന്നത്. ജോലി ഉപേക്ഷിക്കുമ്പോൾ താരത്തിന്‍റെ ശമ്പളം 18,000 രൂപയും. 24ാം വയസ്സിൽ അസിസ്റ്റന്‍റ് ഡയറക്ടറായി സിനിമ മേഖലയിലും പ്രവർത്തിച്ചു. 2014ൽ തമിഴ് സിനിമ ‘ജീവ’യിൽ ക്രിക്കറ്റ് കളിക്കാരനായി വേഷമിട്ടു. ചിത്രീകരണത്തിനിടെ വരുണിന് പ്രത്യേക ഓഫറും ഉണ്ടായിരുന്നു.

ഷൂട്ടിനിടെ ഒരു സിക്സടിച്ചാൽ 300 രൂപയും ഒരു യോർക്കർ പന്തെറിഞ്ഞാൽ 200 രൂപയുമാണ് വരുണിന് ഓഫർ ചെയ്തിരുന്നത്. പ്രതിദിനം 600 രൂപക്ക് ജൂനിയർ ആർട്ടിസ്റ്റായി വേഷമിട്ടതിനെ കുറിച്ചും വരുൺ അശ്വിനോട് തുറന്നുപറയുന്നുണ്ട്.

Tags:    
News Summary - This KKR star cricketer, who earns ₹12 crore in IPL, worked as junior artist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.