അഹ്മദാബാദ്: ഗുജറാത്ത് ബാറ്റർ അർസിൻ നാഗസ്വാലയുടെ ഷോട്ട് കേരള ഫീൽഡർ സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടിത്തെറിച്ചാണ് സചിൻ ബേബിയുടെ കൈകളിലെത്തുന്നത്. ഇതോടെ ഗുജറാത്ത് ഓൾ ഔട്ടാവുകയും കേരളത്തിന് രണ്ട് റൺസ് ലീഡ് ലഭിക്കുകയും ചെയ്തു. ഹെൽമറ്റിൽത്തട്ടി വരുന്ന പന്ത് ഡെഡ് ബാളാണെന്നും ഇത് പിടിച്ചാൽ ബാറ്റർ പുറത്താവില്ലെന്നുമായിരുന്നു ക്രിക്കറ്റിലെ പഴയ നിയമം. ഈ നിയമം പിന്നീട് മാറ്റുകയായിരുന്നു. ഈ ക്യാച്ചാണ് കേരളത്തിന് ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിലേക്ക് വഴിയൊരുക്കിയത്
നാലാം ദിനം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 429 റൺസിൽ നിന്ന ഗുജറാത്തിന് ലീഡിലേക്ക് ദൂരം വെറും 29 റൺസായിരുന്നു. മത്സരം അവസാന ദിവസത്തേക്ക് കടന്ന സാഹചര്യത്തിൽ സമനില ഏറക്കുറെ ഉറപ്പായതിനാൽ ലീഡ് പിടിക്കുന്നവർക്ക് ഫൈനൽ പ്രവേശന സാധ്യതയും തെളിഞ്ഞുവന്നു. എട്ടാം വിക്കറ്റിൽ പിടിച്ചുനിന്ന ജയ്മീത് പട്ടേലും സിദ്ധാർഥ് ദേശായിയുമുയർത്തിയ വെല്ലുവിളി കേരളത്തിന്റെ സ്വപ്നങ്ങൾക്കുമേലും കരിനിഴൽ വീഴ്ത്തി. ഇന്നലെ രാവിലെ ജലജ് സക്സേനയും ആദിത്യ സർവാതെയും സ്പിൻ ആക്രമണത്തിന് തുടക്കമിട്ടു. ജയ്മീത് 74ഉം ദേശായി 24ഉം റൺസുമായി ക്രീസിൽ. ആദ്യ രണ്ട് ഓവറുകളിൽ സക്സേനയും സർവാതെയും വഴങ്ങിയത് ഓരോ റൺ വീതം. പിന്നൊരു മെയ്ഡൻ.
ഇടക്ക് സചിന്‍ ബേബി ജയ്മീതിന്റെ അനായാസ ക്യാച്ച് വിട്ടപ്പോൾ കേരളത്തിന്റെ പ്രതീക്ഷകളും കൈവിട്ടെന്ന് തോന്നി. പിന്നാലെ സര്‍വാതെയുടെ പന്തില്‍ വിക്കറ്റിന് പിന്നിൽ അസ്ഹറുദ്ദീന്റെ മിന്നല്‍ സ്റ്റമ്പിങ്. 177 പന്തിൽ 79 റൺസെടുത്ത ജയ്മീതിന്റെ പോരാട്ടം അവസാനിച്ചു. എട്ടിന് 436. കേരളത്തിന്റെ സ്കോറിനൊപ്പമെത്താൻ അപ്പോൾ ഗുജറാത്തിന് വേണ്ടിയിരുന്നത് 21 റൺസ് മാത്രം. അർസാൻ നാഗസ്വാലയായിരുന്നു പകരക്കാരൻ. ഇടക്കൊരു ഓവർ എറിഞ്ഞ അക്ഷയ് ചന്ദ്രൻ അഞ്ച് റൺസ് വഴങ്ങിയപ്പോൾ വീണ്ടും സമ്മർദം. 164 പന്തിൽ 30 റൺസുമായി വീരോചിത ചെറുത്തുനിൽപ് നടത്തിയ ദേശായിയെ സർവാതെ വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെയാണ് കേരളത്തിന് ശ്വാസം തിരിച്ചുകിട്ടിയത്. ലീഡിന് ഗുജറാത്തിന് അപ്പോൾ വേണ്ടിയിരുന്നത് 12 റൺസ്.
11ാമനായെത്തിയത് പ്രിയജിത് സിങ് ജദേജ. അവസാന വിക്കറ്റിൽ സക്സേനയും സർവാതെയും ചേർന്ന് ആതിഥേയ ബാറ്റർമാരെ വരിഞ്ഞുമുറുക്കി. ഫീൽഡർമാർ ജാഗരൂകരായി. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന സ്ഥിതി.
ചില ഓവറുകൾ മെയ്ഡൻ. മറ്റു ചിലതിൽ ഒന്നോ രണ്ടോ റൺസ്. സ്കോർ 450 കടന്നതോടെ കേരള ക്യാമ്പിലും ആധിയായി. കൈപ്പിടിയിൽനിന്ന് വീണ്ടും വഴുതിപ്പോവുമെന്ന സ്ഥിതി. ഗുജറാത്തിന് ഏഴ് റണ്‍സ് വേണ്ട സമയത്ത് ഷോര്‍ട്ട് ലെഗിൽ സല്‍മാന് നേരെയെത്തിയ ബുള്ളറ്റ് ഷോട്ട് കൈയില്‍ കയറി തെറിച്ചു. ഉദ്വേഗത്തിന്റെ നിമിഷങ്ങൾ. മത്സരത്തിലെ 174ാം ഓവറിൽ മൂന്ന് റൺസ് പിറന്നു.
സ്കോർ 455. മൂന്ന് റൺസരികെ ഗുജറാത്തിന് ലീഡ്. 175ാം ഓവറുമായി സർവാതെ. നാലാം പന്തിൽ നാഗസ്വാലയുടെ (10) പവർഫുൾ ഷോട്ട് ഷോര്‍ട്ട് ലെഗില്‍ സല്‍മാന്റെ ഹെല്‍മറ്റിലേക്ക്. ഹെൽമറ്റിൽത്തട്ടി പന്ത് മുകളിലേക്ക്. അത് സ്ലിപ്പില്‍ നിന്ന സചിന്‍ ബേബിയുടെ കൈകളിൽ. ഗുജറാത്ത് പുറത്ത്. കേരളത്തിന് രണ്ട് റണ്‍സ് ലീഡ്.
രണ്ടാം ഇന്നിങ്സ് തുടങ്ങിയ കേരളത്തിന് ഒരേയൊരു ലക്ഷ്യം, സമനില. വിക്കറ്റ് നഷ്ടപ്പെടാതെ 26ൽ ലഞ്ചിന്. 34 പന്തിൽ ഒമ്പത് റൺസെടുത്ത അക്ഷയ് 12ാം ഓവറിൽ ദേശായിക്ക് വിക്കറ്റ് സമ്മാനിച്ചു. പിന്നെ വരുൺ നായനാരെ (1) മനാൻ ഹിംഗ്രാജിയ മടക്കിയതോടെ രണ്ടിന് 31. ഓപണർ രോഹൻ കുന്നുമ്മലിനെ (69 പന്തിൽ 32) ദേശായി വിക്കറ്റിന് മുന്നിൽ കുടുക്കി. ഹിംഗ്രാജിയക്ക് രണ്ടാം വിക്കറ്റ് നൽകി സചിൻ ബേബി (10) തിരിച്ചുനടന്നു. 81ൽ നാലാം വിക്കറ്റ് വീഴുമ്പോൾ ഓവറുകൾ ധാരാളം ബാക്കി. കേരളത്തെ പെട്ടെന്ന് പുറത്താക്കി ഗുജറാത്ത് കളി ജയിക്കുമോയെന്ന ആശങ്കയും. എന്നാൽ, ബാറ്റ് കൊണ്ടും സക്സേന രക്ഷകനായി. സക്സേനയും (90 പന്തിൽ 37 നോട്ടൗട്ട്) അഹമ്മദ് ഇമ്രാനും (57 പന്തിൽ 14 നോട്ടൗട്ട്) ക്രീസിൽ നിൽക്കെ സമനിലയിൽ പിരിയാൻ തീരുമാനം..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.