കൊളംബോ: വനിത ഏകദിന ലോകകപ്പിൽ ഇന്ത്യയുമായി ഏറ്റുമുട്ടുന്ന പാകിസ്താൻ ക്രിക്കറ്റ് ടീമിനെ ട്രോളി ഇന്ത്യയുടെ ട്വന്‍റി20 നായകൻ സൂര്യകുമാർ യാദവ്. തുടർച്ചയായ നാലാം ഞായറാഴ്ചയാണ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം. കഴിഞ്ഞ മൂന്ന് ആഴ്ചകളിലും ഏഷ്യ കപ്പിൽ പുരുഷ ടീമുകൾ തമ്മിലായിരുന്നു കളി.
കൊളംബോയിൽ ഇന്ന് വനിതകളുടെ ക്രിക്കറ്റ് പോരാട്ടമാണ്. ലോക ക്രിക്കറ്റിലെ ചിരവൈരികളായ ഇന്ത്യയുടെയും പാകിസ്താന്‍റെയും വനിത ടീമുകൾ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അവരൊരു എതിരാളികളേ അല്ലെന്നായിരുന്നു സൂര്യയുടെ മറുപടി. ‘ഞാൻ വീണ്ടും പറയുകയാണ്, പോരാട്ടം ഒപ്പത്തിനൊപ്പമാണെങ്കിൽ മാത്രമാണ് അവിടെ വൈരവും മത്സരവീര്യവും ഉണ്ടാകുന്നത്. 11-0 എന്നത് ഒരു എതിരാളികളേ അല്ല. നമ്മുടെ വനിത ടീം നല്ല ക്രിക്കറ്റിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കിൽ അത് 12-0 എന്നാകും’ -സൂര്യകുമാർ പറഞ്ഞു.
ഏകദിനത്തിലെ ഇന്ത്യൻ വനിത ടീമിന്‍റെ പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു സൂര്യയുടെ പരിഹാസം. ഇന്ത്യയും പാകിസ്താനും ഇതുവരെ 11 മത്സരങ്ങളാണ് കളിച്ചത്. ഇതിൽ 11ലും ഇന്ത്യക്കായിരുന്നു ജയം. നേരത്തെ, ഏഷ്യ കപ്പിൽ ഇന്ത്യ പാകിസ്താൻ മത്സര വൈര്യത്തെ കുറിച്ചുള്ള ചോദ്യത്തിനും സമാനരീതിയിലുള്ള മറുപടിയാണ് സൂര്യ നൽകിയത്. ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ വിജയത്തിന് ശേഷം പാകിസ്താൻ ടീമുമായി ശത്രുത ഒന്നുമില്ലെന്നും അങ്ങനെ ശക്തമായ ഒരു മത്സരം പോലും നടക്കാത്ത കളിയെ എങ്ങനെ എതിരാളികളായി കണക്കാക്കുമെന്നും സൂര്യ ചോദിച്ചിരുന്നു.
ഈ ശത്രുതയെ കുറിച്ച് ചോദിക്കുന്നത് നിങ്ങൾ നിർത്തണം. 15-20 മത്സരങ്ങൾ കളിക്കുകയും അതിൽ 8-7 അല്ലെങ്കിൽ 7-7 എന്നൊക്കെയാണ് ഫലമെങ്കിൽ ഈ ചോദ്യത്തിന് പ്രസക്തിയു്ട്. എന്നാൽ 13-0 അല്ലെങ്കിൽ 10-1 എന്നൊക്കെയാണെങ്കിൽ അവിടെ ഒരു മത്സരവീര്യവും ഇല്ലെന്നായിരുന്നു സൂര്യയുടെ മറുപടി.
അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിലവിൽ 44 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തിട്ടുണ്ട്. പ്രതിക റാവൽ (37 പന്തിൽ 31), സ്മൃതി മന്ദാന (32 പന്തിൽ 23), ഹർലീൻ ഡിയോൾ (65 പന്തിൽ 46), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (34 പന്തിൽ 19), ജമീമ റോഡ്രിഗസ് (37 പന്തിൽ 32) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
24 റൺസുമായി ദീപ്തി ശർമയും 16 റൺസുമായി സ്നേഹ് റാണയുമാണ് ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.