പരമ്പരയിൽ ഗോൾഡൻ ഡക്ക്; സൂര്യകുമാർ യാദവിന് നാണക്കേടിന്‍റെ റെക്കോഡ്

ലോക ഒന്നാം നമ്പർ ട്വന്‍റി20 ബാറ്ററായ സൂര്യകുമാർ യാദവ് ഏകദിനത്തിൽ തുടർച്ചയായി പരാജയപ്പെടുകയാണ്. ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും നേരിട്ട ആദ്യ പന്തിൽതന്നെ പുറത്തായ താരം നാണക്കേടിന്‍റെ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്.

ഒരു ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളിലും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താകുന്ന ആദ്യ ഇന്ത്യൻ താരമായി ഇതോടെ സൂര്യകുമാർ. ആദ്യ രണ്ടു മത്സരങ്ങളിലും മിച്ചൽ സ്റ്റാർക്കിന്‍റെ പന്തിലാണ് താരം പുറത്തായതെങ്കിൽ, ചെന്നൈ എകദിനത്തിൽ ആഷ്ടൺ ആഗറിന്‍റെ പന്തിൽ താരം ക്ലീൻ ബൗൾഡാകുകയായിരുന്നു. നാലാം നമ്പറുകാരനായി ഇറങ്ങിയിരുന്ന താരത്തെ ഇത്തവണ ഏഴാം നമ്പറിലാണ് ദ്രാവിഡ് ഇറക്കിയത്. എന്നിട്ടും രക്ഷയുണ്ടായില്ല.

കുട്ടിക്രിക്കറ്റിൽ 360 ഡിഗ്രിയിൽ ബാറ്റ് വീശുന്ന താരത്തിന് 50 ഓവർ ക്രിക്കറ്റിൽ ഇതുവരെ സ്ഥിരത കൈവരിക്കാനായിട്ടില്ല. പരിക്കേറ്റ ശ്രേയസ്സ് അയ്യർക്കു പകരക്കാരനായാണ് സൂര്യകുമാർ പ്ലെയിങ് ഇലവനിൽ ഇടംനേടിയത്. ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടിട്ടും നായകൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും താരത്തിൽ വിശ്വാസം അർപ്പിക്കുകയായിരുന്നു. ട്വന്‍റി20 ക്രിക്കറ്റിലെ നമ്പർ വൺ ബാറ്റർ ഏകിദനത്തിലും ഫോമിലെത്തുമെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്.

പരമ്പര 2-1ന് ഓസീസിനു മുന്നിൽ അടിയറ വെച്ചതോടെ വരുംദിവസങ്ങളിൽ ഇരുവരും വലിയ വിമർശനം ഏറ്റുവാങ്ങേണ്ടി വരും. കൂടാതെ, ഏകദിനത്തിൽ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ ഗോൾഡൻ ഡക്കാവുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് സൂര്യകുമാർ. ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ (1994), അനിൽ കുംബ്ലെ (1996), സഹീർ ഖാൻ (2003-04), ഇശാന്ത് ശർമ (2010-11), ജസ്പ്രീത് ബുംറ (2017-2019) എന്നിവരാണ് ഇതിനു മുമ്പ് തുടർച്ചയായി മൂന്നു തവണ നേരിട്ട ആദ്യ പന്തിൽ പുറത്തായവർ.

ഈ വർഷം ഇന്ത്യൻ മണ്ണ് ഏകദിന ലോകകപ്പിന് വേദിയാകാനിരിക്കെ, ടീമിന്‍റെ പ്രകടനം വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇന്ത്യൻ ടീം ലോകകപ്പിനുള്ള തയാറെടുപ്പിൽനിന്ന് വളരെ അകലെയാണെന്നും പരമ്പര തോൽവി സൂചിപ്പിക്കുന്നു.

Tags:    
News Summary - Suryakumar Yadav 1st batter to be out for first-ball duck in every match of ODI series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.