ഇത് മറക്കരുത്...; ഏഷ്യാ കപ്പിൽ ഇന്ത്യക്കും പാകിസ്താനും ഗവാസ്കറിന്‍റെ മുന്നറിയിപ്പ്

പാകിസ്താൻ-നേപ്പാൾ മത്സരത്തോടെ ഏഷ്യാ കപ്പ് ക്രിക്കറ്റിന് ബുധനാഴ്ച ശ്രീലങ്കയിൽ തുടക്കമാകും. ടൂർണമെന്‍റിലെ ത്രില്ലർ പോരാട്ടങ്ങളിലൊന്നായ ഇന്ത്യ-പാകിസ്താൻ മത്സരം ശനിയാഴ്ചയാണ്.

പാകിസ്താനിൽ നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് സുരക്ഷ കാരണങ്ങളെ തുടര്‍ന്നാണ് ഹൈബ്രിഡ് രീതിയിലേക്ക് മാറ്റി ശ്രീലങ്കയിൽ കൂടി മത്സരം നടത്തുന്നത്. കഴിഞ്ഞവർഷം ഒക്ടോബറിൽ ട്വന്‍റി20 ലോകകപ്പിൽ ഏറ്റുമുട്ടിയശേഷം ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നത് ഇതാദ്യമാണ്. ഏഷ്യ കപ്പിൽ കിരീട സാധ്യത കൽപിക്കപ്പെടുന്ന രണ്ടു ടീമുകളാണ് ഇന്ത്യയും പാകിസ്താനും.

എന്നാൽ, മുൻ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ ഇരുടീമുകൾക്കും ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇന്ത്യ-പാകിസ്താൻ മത്സരത്തെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നതെന്നും അതിനിടയിൽ ശ്രീലങ്കയുടെ ഭീഷണി മറന്നുപോകരുതെന്നും മുൻ താരം ഓർമപ്പെടുത്തുന്നു. ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് ശ്രീലങ്ക്. 2022ൽ ട്വന്‍റി20 ഫോർമാറ്റിൽ നടന്ന കപ്പിലാണ് ശ്രീലങ്ക കിരീടം നേടിയത്.

‘ഏഷ്യാ കപ്പിൽ നമ്മൾ സംസാരിക്കുന്നത് ഇന്ത്യ-പാകിസ്താൻ മത്സരത്തെക്കുറിച്ചാണ്... എന്നാൽ ശ്രീലങ്കയും ഉണ്ടെന്ന് മറക്കരുത്, അവർ ഏഷ്യാ കപ്പ് നേടിയിട്ടുണ്ട്. ഈ മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള മത്സരം എല്ലായ്പ്പോഴും സവിശേഷമായ ഒന്നാണ്’ -ഗവാസ്‌കർ ഒരു പരിപാടിക്കിടെ മാധ്യമങ്ങളോട് പറഞ്ഞു.

ഏഴു തവണ ഇന്ത്യ ഏഷ്യാ കപ്പിൽ കിരീടം നേടിയിട്ടുണ്ട്. തൊട്ടുപിന്നിൽ ആറു കിരീടങ്ങളുമായി ശ്രീലങ്കയും. അതുകൊണ്ടു തന്നെ ഗവാസ്കറിന്‍റെ മുന്നറിയിപ്പ് നിസ്സാരമായി കാണേണ്ടതില്ല. പരിക്കിൽനിന്ന് മോചിതനായ കെ.എൽ. രാഹുൽ ടൂർണമെന്‍റിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ കളിക്കില്ലെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

പകരം ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറാകും. മലയാളി താരം സഞ്ജു സാംസണെ സ്റ്റാൻഡ് ബൈ താരമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്. സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍.

Tags:    
News Summary - Sunil Gavaskar Issues Stern Warning To India And Pakistan Before Asia Cup 2023 Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.