ദുനിത് വെല്ലാലഗെ പിതാവിനൊപ്പം, താരത്തെ ആശ്വസിപ്പിക്കുന്ന പരിശീലകനും സഹതാരങ്ങളും

മത്സരം ജയിച്ചു, പിന്നാലെ ലങ്കന്‍ ബൗളറെ തേടിയെത്തിയത് പിതാവിന്‍റെ വിയോഗ വാർത്ത; ആശ്വസിപ്പിച്ച് ജയസൂര്യ -VIDEO

ദുബൈ: ഏഷ്യാകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ ആറുവിക്കറ്റിനായിരുന്നു ശ്രീലങ്കൻ ടീമിന്റെ ജയം. ജയത്തോടെ ഗ്രൂപ്പിലെ ഒന്നാമന്മാരായി സൂപ്പർ ഫോറിലെത്താനും അവർക്കായി. എന്നാല്‍ മത്സരശേഷം വിജയമാഘോഷിക്കാൻ തയാറെടുക്കവേ ലങ്കന്‍ ബൗളര്‍ ദുനിത് വെല്ലലഗയെ തേടിയെത്തിയത് പിതാവിന്റെ വിയോഗ വാര്‍ത്തയായിരുന്നു. പിതാവ് സുരങ്ക വെല്ലാലഗെ മരണപ്പെട്ടതായി മത്സരശേഷം പരിശീലകന്‍ സനത് ജയസൂര്യയും ടീം മാനേജറും താരത്തെ അറിയിച്ചു. ഇവര്‍ താരത്തെ ആശ്വസിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മത്സരം നടക്കുന്നതിനിടെയാണ് മരണവിവരം ലങ്കന്‍ ടീം അധികൃതര്‍ അറിയുന്നത്. എന്നാല്‍ ദുനിത് വല്ലലഗെയെ മത്സരശേഷം മാത്രമാണ് ഇക്കാര്യം അറിയിച്ചത്. ഹൃദയഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ജയസൂര്യയും ടീം മാനേജറും താരത്തിന്റെ സമീപത്തെത്തി മരണവിവരം അറിയിക്കുകയും താരത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. സുരങ്ക വെല്ലാലഗെയും മുന്‍ ക്രിക്കറ്റ് താരമാണ്. കോളജ് തലത്തിൽ മത്സരിച്ചിട്ടുണ്ടെങ്കിലും ദേശീയ ടീമിലെത്താൻ കഴിഞ്ഞിരുന്നില്ല.

അതേസമയം അഫ്ഗാനിസ്താനെതിരെ നാലോവറിൽ 49 റൺസ് വഴങ്ങിയ വെല്ലാലഗെക്ക് നേടാനായത് ഒരു വിക്കറ്റ് മാത്രമാണ്. മുഹമ്മദ് നബി നടത്തിയ ബാറ്റിങ്‌ വിസ്ഫോടനത്തിന് കുശാൽ മെൻഡിസിലൂടെ മറുപടി നൽകിയാണ് ലങ്ക ജയവും സൂപ്പർ ഫോർ ബെർത്തും ഉറപ്പിച്ചത്. അഫ്ഗാനിസ്താനെ ആറുവിക്കറ്റിനാണ് ശ്രീലങ്ക തോൽപ്പിച്ചത്. മൂന്നു കളികളും ജയിച്ച ശ്രീലങ്ക ആറു പോയിന്റോടെ സൂപ്പർ ഫോറിലെത്തിയപ്പോൾ രണ്ടു മത്സരം ജയിച്ച ബംഗ്ലാദേശും മുന്നേറി. അഫ്ഗാനിസ്താൻ പുറത്തായി. എ ഗ്രൂപ്പിൽനിന്ന് ഇന്ത്യയും പാകിസ്താനും സൂപ്പർ ഫോറിലെത്തിയിരുന്നു.

ഏഷ്യാകപ്പിൽ ശേഷിക്കുന്ന മത്സരങ്ങളിങ്ങനെ

അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ഒമാനെ നേരിടും. ഇന്ത്യയും പാകിസ്താനും സൂപ്പർ ഫോറിൽ പ്രവേശിച്ചതിനാൽ ഇന്നത്തെ മത്സരഫലം അപ്രസക്തമാണ്. ശനിയാഴ്ചത്തെ ശ്രീലങ്ക -ബംഗ്ലാദേശ് പോരാട്ടത്തോടെ സൂപ്പർ ഫോർ മത്സരങ്ങൾക്ക് തുടക്കമാകും. ഞായറാഴ്ച ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. 23ന് പാകിസ്താൻ -ശ്രീലങ്ക, 24ന് ഇന്ത്യ -ബംഗ്ലാദേശ്, 25ന് പാകിസ്താൻ -ബംഗ്ലാദേശ്, 26ന് ഇന്ത്യ -ശ്രീലങ്ക മത്സരങ്ങളാണ് സൂപ്പർ ഫോറിൽ അരങ്ങേറുന്നത്. മൂന്ന് വീതം മത്സരങ്ങളാണ് ഓരോ ടീമിനും ലഭിക്കുക. ഏറ്റവും മികച്ച രണ്ട് ടീമുകൾ 28ന് നടക്കുന്ന കലാശപ്പോരിനിറങ്ങും.  

Tags:    
News Summary - Sri Lanka Star's Father Dies Mid-Match, Video Of Sanath Jayasuriya Revealing Tragic News Surfaces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.