നിങ്ങൾക്കെന്താ ഭ്രാന്ത് പിടിച്ചോ? ഇന്ത്യ ഫൈനലിലെത്തിയതിനു പിന്നാലെ പാക് ആരാധകരെ വിമർശിച്ച് ശുഐബ് അക്തർ!

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയതിനു പിന്നാലെ സ്വന്തം രാജ്യത്തെ ആരാധകരെ വിമർശിച്ച് മുൻ പാകിസ്താൻ പേസർ ശുഐബ് അക്തർ. ടൂർണമെന്‍റിൽനിന്ന് പാകിസ്താനെ പുറത്താക്കാൻ രോഹിത് ശർമയും സംഘവും ബോധപൂർവം ശ്രമിച്ചെന്ന പാക് ആരാധകരുടെ ആരോപണങ്ങൾ അക്തർ തള്ളിക്കളഞ്ഞു.

ശ്രീലങ്കക്കെതിരെ ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിങ്സ് 49.1 ഓവറിൽ 213 റൺസിന് അവസാനിച്ചിരുന്നു. എന്നാൽ, തകർപ്പൻ ബൗളിങ്ങിലൂടെ ഇന്ത്യ വിജയം കൈപിടിയിലൊതുക്കി. തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങിയ സ്പിന്നർ കുൽദീപ് യാദവിന്‍റെ ബൗളിങ് മികവിൽ ആതിഥേയർ 41.3 ഓവറിൽ 172ന് ഓൾ ഔട്ടായി.

ലങ്കക്കെതിരെ ഇന്ത്യ ജയിച്ചാൽ മാത്രമേ പാകിസ്താന് ഫൈനൽ സാധ്യത ഉണ്ടായിരുന്നുള്ളു. നേരത്തെ, സൂപ്പർഫോറിൽ ഇന്ത്യയോട് 228 റൺസിന്‍റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യ 213 റൺസിന് പുറത്തായതിനു പിന്നാലെയാണ് പാക് ആരാധകർ ഒത്തുകളി ആരോപണവുമായി രംഗത്തെത്തിയത്. മത്സരത്തിൽ ഇന്ത്യ ജയിച്ചതോടെ വ്യാഴാഴ്ച നടക്കുന്ന ശ്രീലങ്ക-പാകിസ്താൻ മത്സരം നിർണായകമായി. ഇതിൽ ജയിക്കുന്നവരാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.

പാകിസ്താനെ പുറത്താക്കാൻ ഇന്ത്യ മത്സരത്തിൽ ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന ആരോപണങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അക്തർ യുട്യൂബ് ചാനലിലെ വിഡിയോയിൽ പ്രതികരിച്ചു. മത്സരത്തിൽ ഇന്ത്യയും ലങ്കയും കടുത്ത മത്സരമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ആളുകൾക്ക് എന്താണ് സംഭവിച്ചത്? പാകിസ്താനെ പുറത്താക്കാൻ ഇന്ത്യ ബോധപൂർവം ശ്രമിച്ചെന്നാണ് അവർ പറയുന്നത്, ഇതുമായി ബന്ധപ്പെട്ട് ഒരുപാട് സന്ദേശങ്ങളും മീമുകളും പ്രചരിപ്പിക്കുന്നുണ്ട്. നിങ്ങൾക്കെന്താ ഭ്രാന്ത് പിടിച്ചോ? വെല്ലാലഗെയും അസലങ്കയും എത്ര മികച്ച പന്തുകളാണ് എറിഞ്ഞതെന്ന് നിങ്ങൾ കണ്ടില്ലേ‍? പാകിസ്താൻ പുറത്തുപോകാൻ അവർ എന്തിനാണ് തോൽക്കാൻ ആഗ്രഹിക്കുന്നത്? അവർ ഫൈനലിലേക്ക് പോകാൻ ആഗ്രഹിച്ചു, ഫീൽഡിൽ അവർ എല്ലാം നൽകി -അക്തർ വിഡിയോയിൽ പറഞ്ഞു.

ഇന്ത്യ എന്തിനാണു തോൽക്കുന്നത്? ഫൈനൽ കളിക്കുകയെന്നതാണ് അവരുടെ ആവശ്യം. ബുംറയും മറ്റുള്ളവരുടെയും ഫീൽഡിങ് നോക്കു, യുവതാരമായ വെല്ലാലഗെ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനാണ് നടത്തിയത്. നമ്മുടെ താരങ്ങളിൽനിന്ന് അത്തരത്തിലൊരു പ്രകടനമൊന്നും നമ്മൾ കണ്ടില്ലെന്നും അക്തർ കൂട്ടിച്ചേർത്തു. ബൗളിങ്ങിൽ മികച്ച പ്രകടനം നടത്തി ശ്രീലങ്കയെ 172 റൺസിലൊതുക്കിയ ഇന്ത്യയെ അക്തർ ഏറെ അഭിനന്ദിക്കുകയും ചെയ്തു.

Tags:    
News Summary - Shoaib Akhtar Slams Pakistan Fans After India Enter Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.