ഷാകിബ് അൽ ഹസൻ ഐ.പി.എല്ലിൽ നിന്ന് പിൻമാറി. പുതിയ സീസണിലെ തന്റെ പിന്മാറ്റം ബംഗ്ലാദേശ് ഓൾറൗണ്ടർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫ്രാഞ്ചൈസിയെ ഔദ്യോഗികമായി അറിയിച്ചു. വ്യക്തിപരമായ പ്രശ്‌നങ്ങളും ദേശീയ ടീമിന് വേണ്ടിയുള്ള ആവശ്യങ്ങളുമാണ് ട്വന്റി20 ലീഗിന്റെ ആദ്യ ആഴ്‌ചയിൽ തന്നെയുള്ള അദ്ദേഹത്തിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന.
നിലവിൽ അയർലൻഡ് പര്യടനത്തിലുള്ള ഷാകിബ് അടുത്ത ആഴ്ചയോടെ ഐ.പി.എല്ലിനെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, കെ.കെ.ആറിലെ മറ്റൊരു ബംഗ്ലാദേശ് കളിക്കാരനായ ലിറ്റൺ ദാസ് ഈ ആഴ്ച അവസാനത്തോടെ ടീമിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
1.5 കോടിയുടെ അടിസ്ഥാന വിലയ്ക്കായിരുന്നു കെ.കെ.ആർ ഷാക്കിബിനെ (36) ടീമിലെത്തിച്ചത്. നേരത്തെ താരത്തെ ടീം വിട്ടയച്ചതായുള്ള ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാൽ, താരം കെ.കെ.ആർ മാനേജ്‌മെന്റിനെ വിളിച്ച് ഈ സീസണിൽ കളിക്കാൻ കഴിയില്ലെന്ന് അറിയിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഒരു കളിക്കാരനെ ലേലത്തിൽ വാങ്ങിക്കഴിഞ്ഞാൽ, ആ സീസൺ കഴിയുന്നത് വരെ ഒരു ഫ്രാഞ്ചൈസിക്ക് ആ താരത്തെ റിലീസ് ചെയ്യാൻ കഴിയില്ല.
അതേസമയം, ആർസിബിയുടെ പേസർ റീസ് ടോപ്ലെയ്ക്ക് സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ താരത്തിന് പരുക്കേറ്റിരുന്നു. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ലെങ്കിലും ടോപ്ലെ നാട്ടിലേക്ക് മടങ്ങിയേക്കും. മുംബൈ ഇന്ത്യൻസ് ഇന്നിംഗ്സിനിടെ ഫീൽഡ് ചെയ്യുമ്പോഴായിരുന്നു ടോപ്ലെയ്ക്ക് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.