തഴഞ്ഞവർക്ക് സെഞ്ച്വറി കൊണ്ട് മറുപടി! സർഫറാസ് 76 പന്തിൽ 101, കാഴ്ചക്കാരായി അഗാർക്കറും ലക്ഷ്മണും; വിക്കറ്റില്ലാതെ ബുംറ

ലണ്ടന്‍: ടെസ്റ്റ് സ്ക്വാഡിൽ ഉൾപ്പെടുത്താതെ തന്നെ തഴഞ്ഞവർക്ക് തകർപ്പൻ സെഞ്ച്വറിയിലൂടെ മറുപടി നൽകി സർഫറാസ് ഖാൻ. അതും ഇന്ത്യൻ ചീഫ് സെലക്ടർ അജിത് അഗാർക്കറെയും നാഷനല്‍ ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ്. ലക്ഷ്മണയെയും സാക്ഷിയാക്കിയാണ് സർഫറാസിന്‍റെ സെഞ്ച്വറി പ്രകടനം.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന ഇന്‍ട്രാ സ്‌ക്വാഡ് സന്നാഹ മത്സരത്തിൽ ഇന്ത്യൻ സീനിയർ ടീമിനെതിരെ, ഇന്ത്യ എ ടീമിന് വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്. 76 പന്തില്‍ 101 റണ്‍സെടുത്ത് താരം റിട്ടയേർഡ് ഔട്ടായി. 15 ഫോറും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് 27കാരന്‍റെ ഇന്നിങ്സ്. അടച്ചിട്ട ഗാലറിയിലാണ് മത്സരം നടക്കുന്നത്. മാധ്യമപ്രവർത്തകർക്കും ആരാധകർക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനമില്ല. ടെസ്റ്റ് സ്ക്വാഡിൽനിന്ന് യുവതാരത്തെ മാറ്റിനിർത്തുന്നതിൽ വലിയ വിമർശനമുണ്ട്.

നേരത്തെ, കാന്‍റർബെറിയിൽ നടന്ന ഇന്ത്യ എ-ഇംഗ്ലണ്ട് ലയൺസ് ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ സർഫറാസ് 92 റൺസ് നേടിയിരുന്നു. ഇന്ത്യക്കു വേണ്ടി ആറു ടെസ്റ്റുകള്‍ കളിച്ച സര്‍ഫറാസ് ഖാന്‍ 371 റണ്‍സ് നേടിയിട്ടുണ്ട്. 37.10 ആണ് ശരാശരി. ബംഗളൂരുവിൽ നടന്ന ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ 150 റൺസ് നേടിയതാണ് ഉയർന്ന സ്കോർ. തുടർന്നുള്ള രണ്ടു ടെസ്റ്റുകളിലും താരത്തിന് ഫോം തുടരാനായില്ല. ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെട്ടെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. പത്തു കിലോയോളം തടി കുറച്ച് കഠിന പരിശീലനം നടത്തിയെങ്കിലും താരത്തിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സ്ക്വാഡിൽ ഇടം കണ്ടെത്താനായില്ല.

ഇന്ത്യ എക്കു വേണ്ടി അഭിമന്യു ഈശ്വരന്‍ 39 റണ്‍സും സായ് സുദര്‍ശന്‍ 38 റണ്‍സും ഇഷാന്‍ കിഷന്‍ 55 പന്തില്‍ 45 റണ്‍സും നേടി. വാഷിങ്ടണ്‍ സുന്ദര്‍ 35 റണ്‍സെടുത്തു. ഇന്ത്യ എ ടീം നായകന്‍ ഋരാജ് ഗെയ്ക്‌വാദ് പൂജ്യത്തിന് പുറത്തായി. രണ്ടാംദിനം കളി നിർത്തുമ്പോൾ ഇന്ത്യ എ ആറു വിക്കറ്റ് നഷ്ടത്തിൽ 299 റൺസെടുത്തിട്ടുണ്ട്. ഇപ്പോഴും 160 റൺസ് പിന്നിലാണ്. ആദ്യദിനം ബാറ്റുചെയ്ത ഇന്ത്യന്‍ സീനിയര്‍ ടീമിന് വേണ്ടി നായകൻ ശുഭ്മാന്‍ ഗില്ലും കെ.എല്‍. രാഹുലും അര്‍ധസെഞ്ച്വറി നേടിയിരുന്നു. പന്തെറിഞ്ഞ ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഈ മാസം 20ന് ആരംഭിക്കും.

Tags:    
News Summary - Sarfaraz Khan blasts 76-ball century in front of Ajit Agarkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.