കേരള കോച്ച് അമയ് ഖുറാസിയയും ക്യാപ്റ്റൻ സച്ചിൻ ബേബിയും വാർത്തസമ്മേളനത്തിൽ
തിരുവനന്തപുരം: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തെ എത്തിച്ചത് സൽമാൻ നിസാറിന്റെ ഹെൽമറ്റ് അല്ലെന്നും താരത്തിന്റെ ധൈര്യമാണെന്നും കേരള ക്രിക്കറ്റ് പരിശീലകൻ അമേയ് ഖുറേസിയ. സൽമാൻ നിസാറിന്റെ ഹെൽമറ്റ് കേരള ക്രിക്കറ്റ് അസോസിയേഷൻ ആസ്ഥാനത്ത് സൂക്ഷിക്കുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സൽമാന്റെ ഹെൽമറ്റ് കേരളത്തിന് ഭാഗ്യം കൊണ്ടുവന്നുവെന്ന് പലയിടങ്ങളിലും കണ്ടു. പക്ഷേ ഭാഗ്യം എന്ന വിശേഷണത്തിൽ ഒതുക്കിനിർത്താവുന്ന സംഗതിയല്ല അത്. സൽമാന്റെ ധീരത കേരളത്തെ രഞ്ജി ട്രോഫി ഫൈനലിലേക്ക് കൈപിടിച്ചുകയറ്റി എന്ന് തന്നെ പറയണം.
ബാറ്ററുടെ സമീപത്ത് ഷോർട്ട് ലെഗ് പൊസിഷനിൽ ഫീൽഡ് ചെയ്യുക എന്നത് അത്ര നിസ്സാരമല്ല. ബാറ്റിൽ നിന്നും ബാളിൽ നിന്നും കണ്ണെടുക്കാതെ നിലയുറപ്പിക്കണം. എതിരാളി വീശിയടിക്കാൻ ബാറ്റ് ഉയർത്തുമ്പോഴേക്കും ജീവനും കൊണ്ട് ഒഴിഞ്ഞുമാറുന്ന എത്രയെത്ര ഷോർട്ട് ലെഗ് ഫീൽഡർമാരെ കണ്ടിരിക്കുന്നു.
പക്ഷേ നിങ്ങൾ വിഡിയോ കാണുമ്പോൾ അറിയാം ഗുജറാത്ത് ബാറ്റർ കൂറ്റൻ ഷോട്ടിന് ശ്രമിക്കുമ്പോഴും സൽമാൻ ഒഴിഞ്ഞുമാറാതെ ബാറ്ററെ നോക്കിനിൽക്കുകയാണ്. ഒരുപക്ഷേ അദ്ദേഹം തന്റെ ശരീരം രക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ബാൾ ഹെൽമറ്റിന്റെ സൈഡിലും മറ്റും തട്ടിപ്പോകുമായിരുന്നു. പക്ഷേ പന്ത് നേരെ കൊണ്ടത് ഹെൽമറ്റിന്റെ മധ്യത്തിലാണ്. അതുകൊണ്ടാണ് പന്തുയർന്ന് ക്യാപ്റ്റൻ സച്ചിന് ബേബിയുടെ സുരക്ഷിതമായ കൈകളിലെത്തിയതെന്നും അമേയ് ഖുറേസിയ പറഞ്ഞു.
സൽമാന്റെ ഹെൽമറ്റിനൊപ്പം ഗുജറാത്തിനെതിരെ ഉപയോഗിച്ച പന്തും കെ.സി.എ ആസ്ഥാനത്ത് സൂക്ഷിക്കുമെന്ന് സച്ചിൻ ബേബി അറിയിച്ചു. സഞ്ജുവിന്റെയും ബാബ അപരാജിതിന്റെയും പരിക്ക് ടീമിന് തിരിച്ചടിയായിട്ടുണ്ട്. ഇവർ കൂടിയുണ്ടായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നെന്നും സച്ചിൻ പറഞ്ഞു. ടീം മാനേജർ നാസർ മച്ചാൻ, സെലക്ടർ പ്രശാന്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം പരിശീലകനായി അമയ് ഖുറാസിയ തുടരും. അടുത്ത ഒരുവർഷത്തേക്ക് കൂടി കാലാവധി നീട്ടിനൽകാനാണ് കെ.സി.എ തീരുമാനം. ഖുറാസിയക്ക് കീഴിലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കീഴിൽ ദീർഘകാല പദ്ധതികളാണ് കെ.സി.എ ആസൂത്രണം ചെയ്തിരിക്കുന്നത്.
ന്യൂബോൾ നേരിടുന്നതിൽ കേരള ബാറ്റർമാർക്കുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സീം ബൗളർമാരെ തുണക്കുന്ന ജമ്മു-കശ്മീരിലെ പിച്ചുകളിലും ജൂൺ, ജൂലൈ മാസങ്ങളിൽ ഇംഗ്ലണ്ടിലും കേരള ടീം പര്യടനം നടത്തുമെന്ന് ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു. ക്വാർട്ടർ ഫൈനൽ കളിച്ചത് നിഷ്പക്ഷ വേദിയിലാണ്.
സെമിയിലും ഫൈനലിലും എതിർ ടീമിന്റെ ഹോം ഗ്രൗണ്ടിൽ പോയി. രഞ്ജി ട്രോഫി നോക്കൗട്ട് മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്തണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെടുമെന്ന് സച്ചിൻ ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.