കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് പദവി ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ മുൻ നെതർലൻഡ്സ് താരം റയാൻ ടെൻ ഡോഷെറ്റ് ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കുടുംബത്തിലേക്ക് തിരിച്ചെത്തി. നൈറ്റ് റൈഡേഴ്സ് സ്പോർട്സിന്റെ 'ഹെഡ് ഓഫ് ക്രിക്കറ്റ് സ്ട്രാറ്റജി' ആയാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.
ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴിൽ ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി സേവനമനുഷ്ഠിച്ചിരുന്ന ഡോഷെറ്റ് സ്ഥാനം രാജിവെച്ച് തൊട്ടടുത്ത ദിവസമാണ് പുതിയ പ്രഖ്യാപനം വരുന്നത്. കെ.കെ.ആറിന് പുറമെ, നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള എല്ലാ ആഗോള ഫ്രാഞ്ചൈസികളുടെയും ക്രിക്കറ്റ് തന്ത്രങ്ങൾ മെനയൽ, യുവപ്രതിഭകളെ കണ്ടെത്തി വികസിപ്പിക്കൽ, സ്ക്വാഡ് പ്ലാനിംഗ്, കളിക്കാരുടെ പ്രകടന വിലയിരുത്തൽ എന്നിവയ്ക്ക് ഇനി ഡോഷെറ്റ് നേതൃത്വം നൽകും.
കൂടാതെ, സി.പി.എല്ലിലെ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ്, ഐ.എൽ.ടി20യിലെ അബുദാബി നൈറ്റ് റൈഡേഴ്സ്, എം.എൽ.സിയിലെ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ അസിസ്റ്റന്റ് കോച്ചായും അദ്ദേഹം പ്രവർത്തിക്കും. ടെൻ ഡോഷെറ്റിന്‍റെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് നൈറ്റ് റൈഡേഴ്സ് സ്പോർട്സ് സി.ഇ.ഒ വെങ്കി മൈസൂർ സംസാരിച്ചു:
"ഡോഷെയെ വീണ്ടും നൈറ്റ് റൈഡേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ട്. ഞങ്ങളുടെ ഫ്രാഞ്ചൈസിയുടെ ആശയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യക്തമായ ധാരണയും അന്താരാഷ്ട്ര-ഫ്രാഞ്ചൈസി ക്രിക്കറ്റിലെ അനുഭവസമ്പത്തും ഈ പദവിക്ക് അദ്ദേഹത്തെ തികച്ചും യോഗ്യനാക്കുന്നു. നൈറ്റ് റൈഡേഴ്സിന്റെ അടുത്തഘട്ട വളർച്ചയ്ക്ക് അദ്ദേഹം വലിയ സംഭാവന നൽകും."
നൈറ്റ് റൈഡേഴ്സിലേക്ക് തിരികെ എത്തുന്നതിൽ വലിയ ആവേശമുണ്ടെന്നും, പരിശീലകരുമായും അനലിറ്റിക്സ് ടീമുമായും ചേർന്ന് മികച്ചൊരു ക്രിക്കറ്റ് തന്ത്രവും ടാലന്റ് ഡെവലപ്മെന്റ് സിസ്റ്റവും കെട്ടിപ്പടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും റയാൻ ടെൻ ഡോഷെ പ്രതികരിച്ചു. 2011-ലാണ് ഒരു കളിക്കാരനായി ടെൻ ഡോഷെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തുന്നത്. 2012, 2014 വർഷങ്ങളിൽ കെ.കെ.ആർ ഐ.പി.എൽ കിരീടം നേടുമ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു അദ്ദേഹം. തുടർന്ന് 2022-ൽ കെ.കെ.ആറിന്റെ പരിശീലക സംഘത്തിന്റെ ഭാഗമായി. 2024-ൽ കൊൽക്കത്ത മൂന്നാം ഐ.പി.എൽ കിരീടം ഉയർത്തിയപ്പോഴും കോച്ചിംഗ് സ്റ്റാഫ് എന്ന നിലയിൽ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.