ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് അക്ഷയഖനിയാകുന്നു. 9741 കോടി രൂപയാണ് 2024 സാമ്പത്തിക വർഷത്തിൽ ബി.സി.സി.ഐയുടെ വരുമാനം. ഇതിന്റെ 59 ശതമാനവും (5761 കോടി) ഐ.പി.എല്ലിൽനിന്നാണ്. 2007ലാണ് ബി.സി.സി.ഐ ഐ.പി.എൽ ടൂർണമെന്റ് ആരംഭിക്കുന്നത്.
കായിക സംഘടനകളിൽ ഏറ്റവും സമ്പന്നമായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വരുമാനത്തിൽ കുതിച്ചുചാട്ടമുണ്ടാകാൻ ഈ നീക്കം സഹായിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മുഖ്യ ആശ്രയം ബി.സി.സി.ഐയിൽനിന്നുള്ള വിഹിതമാണ്. സ്പോൺസർഷിപ്, ടെലിവിഷൻ -ഒ.ടി.ടി സംപ്രേഷണാവകാശം, ടിക്കറ്റ് വിൽപന എന്നിവയാണ് ബി.സി.സി.ഐയുടെ മുഖ്യവരുമാനം. വരുമാനത്തിൽ പ്രതിവർഷം 10-12 ശതമാനം വർധനയുണ്ട്.
361 കോടി ലഭിച്ചത് അന്താരാഷ്ട്ര മത്സരങ്ങളുടെ സംപ്രേഷണാവകാശ വിൽപനയിലൂടെയാണ്. 30000 കോടി കരുതൽ ധനമുള്ള ബി.സി.സി.ഐക്ക് 1000 കോടിയോളം പലിശയിനത്തിൽ മാത്രം വർഷത്തിൽ ലഭിക്കുന്നു. ക്രിക്കറ്റിന് കൂടുതൽ രാജ്യങ്ങളിൽ സ്വീകാര്യതയുണ്ടാക്കിയും കൂടുതൽ സ്പോൺസർമാരെ കണ്ടെത്തിയും ഇനിയും വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.സി.സി.ഐ.
രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, സി.കെ നായിഡു ട്രോഫി തുടങ്ങി ആഭ്യന്തര ടൂർണമെന്റുകളുടെ വാണിജ്യ സാധ്യത വർധിപ്പിക്കാനുള്ള നിർദേശവും മുന്നിലുണ്ട്. ഈ വർഷം ഇന്ത്യ -പാക് സംഘർഷ പശ്ചാത്തലത്തിൽ ഐ.പി.എൽ ഇടക്കുവെച്ച് താൽക്കാലികമായി നിർത്തേണ്ടിവന്നെങ്കിലും ആകെ വരുമാനത്തിൽ കുതിപ്പുണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.