ഇന്ത്യ - പാകിസ്താൻ സംഘർഷം: പി.എസ്.എൽ യു.എ.ഇയിലേക്ക് മാറ്റി

ലാഹോർ: ഇന്ത്യ - പാക് സംഘർഷം രൂക്ഷമാകുന്ന ഘട്ടത്തിൽ പാകിസ്താൻ സൂപ്പർ ലീഗിൽ (പി.എസ്.എൽ) അവശേഷിക്കുന്ന മത്സരങ്ങൾ യു.എ.ഇയിലേക്ക് മാറ്റി. വിദേശതാരങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് തീരുമാനമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) അറിയിച്ചു. റാവൽപിണ്ഡി, മുൾട്ടാൻ, ലാഹോർ എന്നിവടങ്ങളിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന എട്ട് മത്സരങ്ങളാണ് മാറ്റുന്നത്. സമയക്രമവും മറ്റ് വിവരങ്ങളും വൈകാതെ അറിയിക്കുമെന്നും പി.സി.ബി വ്യക്തമാക്കി.

പി.എസ്.എല്ലിൽ കളിക്കുന്ന താരങ്ങളുടെ മാനസികാരോഗ്യം കൂടി കണക്കിലെടുത്താണ് വേദിമാറ്റമെന്നും പി.സി.ബി ചെയർമാൻ വ്യക്തമാക്കി. വ്യാഴാഴ്ച റാവൽപിണ്ഡിയിൽ നടക്കേണ്ടിയിരുന്ന പെഷവാർ സലാമി - കറാച്ചി കിങ്സ് മത്സരം റദ്ദാക്കിയിരുന്നു. നേരത്തെ റാവൽപിണ്ഡി സ്റ്റേഡിയം ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ തകർന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പാകിസ്താന്റെ മിസൈലുകൾ ചെറുക്കുക മാത്രമാണ് ഇന്ത്യ ചെയ്തതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

ടൂർണമെന്റ് പൂർത്തിയാക്കാതെ മടങ്ങാൻ ഇംഗ്ലിഷ് താരങ്ങൾ ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സാഹചര്യം വിലയിരുത്താൻ കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ആൻഡ് വെയ്‍ൽസ് ക്രിക്കറ്റ് ബോർഡ് യോഗം ചേർന്നിരുന്നു.

ജയിംസ് വിൻസ്, ടോം കറൻ, സാം ബില്ലിങ്സ്, ക്രിസ് ജോർദാൻ, ഡേവിഡ് വില്ലി, ല്യൂക് വുഡ്, ടോം കോഹ്ലെർ-കാർഡ്മോർ എന്നീ ഇംഗ്ലിഷ് താരങ്ങളാണ് പി.എസ്.എല്ലിൽ കളിക്കുന്നത്. ഇംഗ്ലണ്ട് പരിശീലകരായ രവി ബൊപ്പാര, അലക്സാണ്ട്ര ഹാർട്ട്ലി എന്നിവരും ലീഗിനെത്തിയിരുന്നു. ഡേവിഡ് വാർണർ (കറാച്ചി കിങ്സ്), ജേസൺ ഹോൾഡർ (ഇസ്ലാമബാദ് യുണൈറ്റഡ്), റസീ വാൻഡർദസൻ (ഇസ്ലാമബാദ് യുണൈറ്റഡ്) എന്നിവരാണ് ടൂർണമെന്റിലെ മറ്റ് പ്രമുഖ വിദേശ താരങ്ങൾ.

Tags:    
News Summary - Rattled Pakistan Cricket Board Moves Pakistan Super League Out Of Country As Tensions With India Escalate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.