അമയ് ഖുറാസിയ, ജലജ് സക്സേന, ആദിത്യ സർവാതെ...ഈ മൂന്നുപേരുകൾ ഇനി കേരള ക്രിക്കറ്റിന്റെ ചരിത്രത്തിലും സുവർണ ലിപികളിൽ രേഖപ്പെടുത്തും. കേരളത്തിന് ആദ്യ രഞ്ജി ട്രോഫി ഫൈനൽ സമ്മാനിച്ചവരിൽ മലയാളികളല്ലാത്ത ഇവരുടെ അതിനിർണായക കൈയൊപ്പുണ്ട്. പരിശീലകനാണ് ഖുറാസിയ. സക്സേനയും സർവാതെയും സെമി ഫൈനലിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളും. തമിഴ്നാട്ടുകാരൻ ബാബാ അപരാജിതും കേരള സ്ക്വാഡിലുണ്ടായിരുന്നെങ്കിലും ഇടക്ക് പരിക്കേറ്റ് പിന്മാറി.
മധ്യപ്രദേശിലെ ഇന്ദോർ സ്വദേശിയാണ് സക്സേന. സ്വന്തം സംസ്ഥാനത്തിന് വേണ്ടിയാണ് കരിയറിലെ മുഖ്യ പങ്കും കളിച്ചത്. ഏഴ് വർഷമായി കേരള ടീമിലുണ്ട്. രഞ്ജി ട്രോഫിയിൽ 6000 റൺസും 400 വിക്കറ്റും തികച്ച ആദ്യ ക്രിക്കറ്റർ. ഇപ്പോൾ 7000 റൺസും 478 വിക്കറ്റും. ഓപണിങ് മുതൽ ഏത് റോളിലും കളിക്കും. ന്യൂ ബാൾ - ഓൾഡ് ബാൾ വ്യത്യാസമില്ലാതെ ഏതു സാഹചര്യത്തിലും പന്തെറിയും. കരിയറിൽ പത്തു വട്ടം പത്തു വിക്കറ്റ് നേട്ടം; 17 സെഞ്ച്വറികളും.
വിദർഭ ടീമിൽ നിന്നാണ് സർവാതെ കേരളത്തിനൊപ്പം ചേരുന്നത്. ഇടങ്കയ്യൻ സ്പിന്നറും ലോവർ ഓർഡർ ബാറ്ററുമാണ്. 68 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ രണ്ടായിരത്തിലധികം റൺസും മുന്നൂറിലധികം വിക്കറ്റും നേടിയിട്ടുണ്ട്. ഇതിൽ രണ്ട് സെഞ്ച്വറിയും 12 അർധ സെഞ്ച്വറികളും മൂന്ന് പത്ത് വിക്കറ്റ് നേട്ടങ്ങളും 21 അഞ്ച് വിക്കറ്റും ഉൾപ്പെടും. മധ്യപ്രദേശുകാരനായ ഖുറാസിയ മുൻ അന്താരാഷ്ട്ര താരമാണ്.
കേരള ക്രിക്കറ്റിനെ സംബന്ധിച്ചിത് സുവർണ നിമിഷമാണ്. തലമുറകളായി ആഗ്രഹിച്ച് കാത്തിരുന്ന നേട്ടത്തിലേക്ക് നമ്മൾ എത്തിയിരിക്കുന്നു. ഇത് കേരള ക്രിക്കറ്റിൽ വിപ്ലവാത്മകമായ മാറ്റങ്ങളുണ്ടാക്കും. വരുംതലമുറയെ കൂടുതൽ ആകർഷിക്കുമെന്നുറപ്പാണ്. കേരളത്തിന്റെ ഈ സീസണിലെ പ്രകടനത്തിലേക്ക് വന്നാൽ അത്യുജ്ജ്വലമെന്ന് ഒറ്റ വാക്കിൽ പറയാം. പലവട്ടം കൈവിട്ട മത്സരങ്ങൾ തിരിച്ചുപിടിച്ചു. ചിലപ്പോൾ ബൗളർമാരെങ്കിൽ ചിലപ്പോൾ ബാറ്റർമാർ. മുൻനിര പരാജയപ്പെടുമ്പോൾ അസ്ഹറുദ്ദീനും സൽമാൻ നിസാറുമുൾപ്പെട്ട മധ്യനിര അവസരത്തിനൊത്തുയർന്നത് കണ്ടു. ബൗളിങ്ങിൽ ജലജ് സക്സേനയും സർവാതെയും നിധീഷുമെല്ലാം ഒന്നിനൊന്ന് മികവ് പുലർത്തി.
1980കളിലാണ് കേരള ക്രിക്കറ്റിൽ മാറ്റങ്ങളുടെ ലാഞ്ഛന കണ്ടുതുടങ്ങിയത്. ഒറ്റപ്പെട്ട വിജയങ്ങൾ. അങ്ങനെയിരിക്കെ രഞ്ജി ട്രോഫി സെമി ഫൈനലിലുമെത്തി. പരിമിത ഓവർ ക്രിക്കറ്റിലും ശക്തി പ്രാപിച്ചു. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ പ്രസ്റ്റീജ്യസ് ടൂർണമെന്റായ രഞ്ജി ട്രോഫിയുടെ ഫൈനൽ സ്വപ്നമായി തുടർന്നു. ഒടുവിൽ അതും നേടിയിരിക്കുന്നു. എതിരാളികളുടെ ശക്തിദൗർബല്യങ്ങൾ നോക്കാതെ സ്വന്തം കരുത്തിൽ മുന്നോട്ടുപോവുക. ഏറ്റവും വലിയ നേട്ടവും അപ്രാപ്യമല്ല.
(മുൻ താരം, പരിശീലകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.