ഇന്ന് ക്ലൈമാക്സ്; നാല് വിക്കറ്റ് ശേഷിക്കെ കേരളം ഗോവക്കെതിരെ 126 റൺസ് മുന്നിൽ

തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരം ‘ഫോട്ടോ ഫിനിഷി’ലേക്ക് നീങ്ങവെ കേരളവും ഗോവയും വിജയപ്രതീക്ഷയിൽ. മൂന്നാംദിനം കളി അവസാനിച്ചപ്പോൾ ആതിഥേയർ ആറ് വിക്കറ്റിന് 172 റൺസെടുത്തിട്ടുണ്ട്. നാല് വിക്കറ്റ് കൈവശമുള്ള കേരളം 126 റൺസ് മാത്രം മുന്നിലാണ്.

ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ രോഹൻ പ്രേമിന്‍റെയും (68) ഓൾറൗണ്ടർ ജലജ് സക്സേനയുടെയും (28) ബാറ്റിങ് മികവിൽ മികച്ച ലീഡ് നേടാമെന്ന പ്രതീക്ഷയിലാണ് കേരളം. അർധസെഞ്ച്വറി നേടി ക്രീസിലുള്ള രോഹൻ പ്രേമാണ് രണ്ടാം ഇന്നിങ്സിലും ആതിഥേയരുടെ രക്ഷകനായത്. ഛത്തീസ്ഗഡിനെതിരായ മത്സരത്തിൽ 11 വിക്കറ്റ് നേടിയ ജലജ് സക്സേന ഈ മത്സരത്തിലും ആതിഥേയർക്കായി അഞ്ച് വിക്കറ്റ് നേടി.

കേരളത്തിന്‍റെ ആദ്യ ഇന്നിങ്സിലെ 265 റൺസിനെതിരെ ബാറ്റ് ചെയ്ത ഗോവ 311 റൺസാണ് നേടിയത്. അഞ്ചിന് 200 റൺസെന്ന നിലയിൽ രണ്ടാംദിനത്തിൽ ബാറ്റിങ് ആരംഭിച്ച സന്ദർശകർ ഏകദിന ശൈലിയിൽ ബാറ്റ് വീശിയാണ് 46 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയത്. സെഞ്ച്വറി നേടിയ ഇഷാൻ ഗഡേക്കറിന്‍റെയും 46 റൺസ് നേടിയ ക്യാപ്റ്റൻ ദർശൻ മിസാലിന്‍റെയും 37 റൺസ് നേടിയ മോഹിത് റേഡ്കറിന്‍റെയും ബാറ്റിങ്ങാണ് ഗോവയെ ലീഡിലെത്തിച്ചത്. 200 പന്ത് നേരിട്ട ഇഷാൻ 105 റൺസാണ് നേടിയത്. സ്പിന്നർ ജലജ് സക്സേനയാണ് അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഗോവൻ മുന്നേറ്റത്തിനും തടയിട്ടത്.

40 ഓവർ ബൗൾ ചെയ്ത ജലജ് 103 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകൾ നേടിയത്. 200 റൺസിൽ കളി ആരംഭിച്ച ഗോവക്ക് 16 റൺസ് കൂടി ചേർക്കവേ ക്യാപ്റ്റൻ മിസാലിനെ നഷ്ടപ്പെട്ടു. പിന്നാലെ 229ൽ എത്തിയപ്പോൾ ആറ് റൺസ് നേടിയ അർജുൻ തെൻഡുൽക്കറെ കൂടി നഷ്ടപ്പെട്ടതോടെ കേരളത്തിന് പ്രതീക്ഷ വന്നു. പക്ഷേ, ഒറ്റക്ക് നിന്ന് പൊരുതി ഇഷാൻ ഗോവയെ 264ലെത്തിച്ച് മടങ്ങി.

പിന്നീട് മോഹിത് റേഡ്കർ ടീമിന് ലീഡ് നേടി 311ലെത്തിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സ് കളിക്കാനിറങ്ങിയ കേരളം ഓപണിങ് ജോഡിയിൽ മാറ്റംവരുത്തിയുള്ള പരീക്ഷണമാണ് നടത്തിയത്. രോഹൻ എസ്. കുന്നുമ്മലിനൊപ്പം ഷോൺ റോജറാണ് ഓപൺ ചെയ്തത്. എന്നാൽ പരീക്ഷണം കാര്യമായ വിജയം കണ്ടില്ല. സ്കോർ 25ലെത്തിയപ്പോൾ 11 റൺസ് നേടിയ ഷോൺ റോജർ പുറത്തായി. 61ലെത്തിയപ്പോൾ 34 റൺസ് നേടിയ രോഹൻ എസ്. കുന്നുമ്മലിനെയും നഷ്ടപ്പെട്ടതോടെ കേരളം പതറി. എന്നാൽ, ക്രീസിൽ നിലയുറപ്പിച്ച രോഹൻ പ്രേം 16 റൺസ് നേടിയ പി. രാഹുലിനെ കൂട്ടുപിടിച്ച് സ്കോർ 112ലെത്തിച്ചു. എന്നാൽ, പിന്നീട് കണ്ടത് ആദ്യ ഇന്നിങ്സിന്‍റെ തനിയാവർത്തനമായിരുന്നു.

സച്ചിൻ ബേബി, അക്ഷയ്ചന്ദ്രൻ എന്നിവർ നാല് റൺസുകൾ വീതം നേടിയും ക്യാപ്റ്റൻ സിജോമോൻ ജോസഫ് ഒരു റൺസിനും പുറത്തായതോടെ കേരളം ആറിന് 128 എന്ന നിലയിലായി. എന്നാൽ, മൂന്നാംദിനത്തെ കളി അവസാനിച്ചപ്പോൾ 28 റൺസുമായി ജലജ് സക്സേനയും 68 റൺസുമായി രോഹൻ പ്രേമും പുറത്താകാതെ കേരളത്തെ ആറിന് 168 എന്ന നിലയിലെത്തിച്ചു. ഗോവക്ക് വേണ്ടി മോഹിത് റേഡ്കർ മൂന്നും ശുഭം ദേശായി രണ്ടും എസ്.ഡി. ലാഡ് ഒരു വിക്കറ്റും നേടി. അവസാന ദിനത്തിൽ മികച്ച ലീഡ് നേടിയശേഷം ഗോവയെ എറിഞ്ഞിടാനായാൽ കേരളത്തിന് മത്സരം ജയിച്ച് ഗ്രൂപ്പിൽ ഒന്നാംസ്ഥാനം തുടരാം.

200ൽ താഴെ സ്കോറിൽ കേരളത്തെ പുറത്താക്കി ഏകദിന ശൈലിയിൽ കളിച്ച് മത്സരം വിജയിക്കാമെന്ന പ്രതീക്ഷയിലാണ് ഗോവയും. അതിനാൽ നാലാംദിവസം ഇരുടീമുകൾക്കും നിർണായകമാണ്.

Tags:    
News Summary - Ranji Trophy: Kerala lost six wickets; Hope in Rohan Prem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT