കേരളത്തിനായി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിജോമോൻ ജോസഫ് 

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഗോവ പൊരുതുന്നു

തിരുവനന്തപുരം: വിക്കറ്റുകൾ വലിച്ചെറിഞ്ഞ് അപകടത്തിലേക്ക് നീങ്ങുന്ന കേരളത്തെയും കരുതലോടെ തിരിച്ചടിക്കുന്ന ഗോവയെയുമാണ് രഞ്ജി ട്രോഫി മത്സരത്തിന്‍റെ രണ്ടാംദിനത്തിൽ കണ്ടത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിൽ കൂറ്റൻ സ്കോർ സ്വപ്നംകണ്ട് ഒന്നാം ഇന്നിങ്സ് പുനഃരാരംഭിച്ച കേരളം പക്ഷേ, 18 റൺസ് കൂടി ചേർക്കുന്നതിനിടെ 265 റൺസിന് ഓൾഔട്ടായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവ രണ്ടാംദിനത്തെ കളി അവസാനിക്കുമ്പോൾ അഞ്ചിന് 200 റൺസെന്ന നിലയിലാണ്. സന്ദർശകർ ഒന്നാം ഇന്നിങ്സ് ലീഡ് നേടുന്ന നിലയിലേക്കാണ് കാര്യങ്ങൾ. തുമ്പ സെന്‍റ് സേവിയേഴ്സ് ഗ്രൗണ്ടിൽ രണ്ടാംദിനം ആരംഭിച്ചത് മുതൽ കേരള ബാറ്റർമാർ അനാവശ്യമായി വിക്കറ്റുകൾ നഷ്ടപ്പെടുത്തുന്നതാണ് കണ്ടത്. ആദ്യപന്തിൽ തന്നെ വിക്കറ്റെടുത്ത് ഗോവ ആതിഥേയരെ ഞെട്ടിച്ചു. 112 റൺസ് നേടിയ രോഹൻപ്രേമിനെ എൽ.ബി.ഡബ്ല്യുവിൽ കുടുക്കി ലക്ഷയ് എ. ഗാർഗാണ് ഗോവക്ക് അനുകൂലമായി മത്സരം തിരിച്ചത്.

ഗാര്‍ഗിന്റെ മികച്ച ബൗളിങ്ങിന് മുന്നില്‍ കേരള താരങ്ങള്‍ വിയർത്തു. 19 ഓവറിൽ 44 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി ഗാർഗ് കേരളത്തിന്‍റെ ഇന്നിങ്സ് അവസാനിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. കേരളത്തിന്‍റെ വാലറ്റത്തിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ക്യാപ്റ്റൻ സിജോ ജോസഫ് (7), ജലജ് സക്സേന (12), ബേസിൽ തമ്പി (1), വൈശാഖ് ചന്ദ്രൻ (പൂജ്യം) എന്നിങ്ങനെയായിരുന്നു സംഭാവന. ഗോവക്ക് വേണ്ടി പന്തെറിഞ്ഞ സചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ 49 റൺസ് വഴങ്ങി രണ്ടും ശുഭം ദേശായി രണ്ടും എസ്.ഡി. ലാഡ്, മോഹിത് റേഡ്കർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർക്ക് ഓപണർമാരായ അമോഘ് ദേശായിയും ഇഷാൻ ഗഡേക്കറും മികച്ച തുടക്കമാണ് നൽകിയത്. സ്കോർ 62ൽ എത്തിയപ്പോൾ ദേശായിയെ പുറത്താക്കി ക്യാപ്റ്റൻ സിജോമോൻ കേരളത്തിന് പ്രതീക്ഷ നൽകി. അമോഗ് ദേശായി (29), സൂയേഷ് പ്രഭുദേശായി(മൂന്ന്), സ്‌നേഹല്‍ കൗത്തംഗര്‍ (ഏഴ്), എസ്.ഡി. ലാഡ് (35), കെ.ഡി. ഏക്‌നാഥ് (ആറ്) എന്നിവരാണ് ഗോവൻ നിരയിൽ പുറത്തായത്.

35 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി സിജോമോൻ കേരളത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും 76 റൺസുമായി പുറത്താകാതെ നിൽക്കുന്ന ഇഷാൻ ഗഡേക്കർ വെല്ലുവിളിയായി. ക്യാപ്റ്റൻ ദർശൻ മിശാൽ 37 റൺസുമായി മറുവശത്തുണ്ട്.

Tags:    
News Summary - Ranji Trophy: Goa struggles against Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.